ക്ലബ്ബിലുള്ള വിശ്വാസം കൂമാന് നഷ്ടപ്പെട്ടു, ബാഴ്സയിൽ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലേക്ക്.
ചാമ്പ്യൻസ് ലീഗിലെ നാണംകെട്ട തോൽവിക്ക് ശേഷമാണ് ബാഴ്സയിലെ പ്രശ്നങ്ങൾ മറനീക്കി പുറത്തുവന്നത്. പരിശീലകൻ കീക്കെ സെറ്റിയനെ പുറത്താക്കി കൊണ്ട് റൊണാൾഡ് കൂമാനെ ബാഴ്സ നിയമിക്കുകയായിരുന്നു. തുടർന്ന് സൂപ്പർ താരം ലയണൽ മെസ്സി ക്ലബ് വിടുമെന്നുള്ള അഭ്യൂഹങ്ങളും ബാഴ്സയെ കൂടുതൽ പ്രശ്നത്തിലേക്ക് തള്ളിയിട്ടു. തുടർന്ന് ലൂയിസ് സുവാരസ് അടക്കമുള്ള പ്രമുഖതാരങ്ങൾ ക്ലബ് വിട്ടതും വിമർശനങ്ങൾക്ക് കാരണമായി.
ഇപ്പോഴിതാ ബാഴ്സയിലെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. പരിശീലകൻ റൊണാൾഡ് കൂമാന് ക്ലബ്ബിലും ബാഴ്സ ബോർഡിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സൺ അടക്കമുള്ള യൂറോപ്പിലെ പ്രമുഖമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബാഴ്സ ബോർഡിന്റെ പിന്തിരിപ്പൻ നയങ്ങളാണ് കൂമാനെ ഇപ്പോൾ ചൊടിപ്പിക്കുന്നത്. ബാഴ്സ ബോർഡിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ട കൂമാൻ ബാഴ്സ മാനേജ്മെന്റിൽ ഇനിയൊരു പ്രതീക്ഷയും വെച്ച് പുലർത്തിയേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് പരസ്യപ്രസ്താവനയിലൂടെ കൂമാൻ വ്യക്തമാക്കിയിട്ടില്ല. മറിച്ച് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത ഇതിവൃത്തങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Ronald Koeman 'already losing trust in Barcelona board and believes they are leaving him defenceless' after just a month https://t.co/RZ9cfuLpjZ
— The Sun Football ⚽ (@TheSunFootball) September 26, 2020
ബാഴ്സ ബോർഡിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായി കൂമാൻ അറിയിച്ചത് തന്റെ അടുത്ത സുഹൃത്തുക്കളെയാണ്. പൊതുവെ കർക്കശസ്വഭാവകാരനായ കൂമാൻ ബാഴ്സ മാനേജ്മെന്റിന്റെ പല നടപടികളിലും അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് കൂമാൻ വന്നതിന് ശേഷം ഒരൊറ്റ സൈനിങ് പോലും ബാഴ്സ ചെയ്തിട്ടില്ല. കൂമാൻ ആവിശ്യപ്പെട്ട മൂന്നു ഡച്ച് താരങ്ങളിൽ ഒരാളെ പോലും ടീമിൽ എത്തിക്കാൻ മാനേജ്മെന്റ് ശ്രമിച്ചിട്ടില്ല. ടീമിന് ഇത്രയധികം പുതിയ താരങ്ങളെ ആവിശ്യമായ സാഹചര്യങ്ങൾ വന്നെത്തിയിട്ടും ഒരാളെ പോലും സൈൻ ചെയ്യാത്തത് കൂമാന് ഇഷ്ടക്കേട് ഉണ്ടാക്കിയിട്ടുണ്ട്.
കേവലം ഒരു മാസം മാത്രമാണ് കൂമാൻ ബാഴ്സ പരിശീലകൻ ആയതിനു ശേഷം പിന്നിട്ടത്. അതിനുള്ളിൽ തന്നെ കൂമാനെയും മാനേജ്മെന്റ് ചൊടിപ്പിച്ചത് ആരാധകർക്കും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. പല കാര്യങ്ങളിലും കൂമാനോട് ചോദിക്കാതെ മാനേജ്മെന്റ് തീരുമാനങ്ങൾ കൈകൊണ്ടതാണ് അദ്ദേഹത്തെ ഇത്രയധികം രോഷാകുലനാക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും ടീമുമായി മുന്നോട്ട് പോവാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം. വിയ്യാറയലിനെതിരെയാണ് ബാഴ്സയുടെ ആദ്യ പോരാട്ടം.