ബാഴ്‌സയിലേക്ക് ചേക്കേറുമോ? ചോദ്യത്തിന് മറുപടിയുമായി വൈനാൾഡം.

എഫ്സി ബാഴ്സലോണയുടെ പുതിയ പരിശീലകൻ റൊണാൾഡ് കൂമാന്റെ ഈ ട്രാൻസ്ഫറിലെ ആദ്യത്തെ സൈനിങ് ആരായിരിക്കും എന്ന് ഉറ്റുനോക്കുകയാണ് ബാഴ്സ ആരാധകർ. തകർന്നടിഞ്ഞു പോയ ഒരു ടീമിന്റെ ഉയർത്തെഴുന്നേൽപ്പിന് മികച്ച താരങ്ങൾ ബാഴ്സയിലേക്ക് വരണമെന്ന അഭിപ്രായക്കാരാണ് ബാഴ്സ ആരാധകർ. ഒരുപാട് പേരുകൾ ഉയർന്നു കേട്ടിരുന്നുവെങ്കിലും ഒന്നും തീരുമാനമായിരുന്നില്ല. എന്നാൽ ആദ്യത്തെ സൈനിംഗ് ആയി മാറാൻ തയ്യാറെടുക്കുകയാണ് ലിവർപൂളിന്റെ വൈനാൾഡം എന്നും വാർത്തകൾ ഉണ്ടായിരുന്നു.

മുമ്പ് കൂമാൻ ഹോളണ്ട് നാഷണൽ ടീമിൽ പരിശീലിപ്പിച്ച താരമാണ് വൈനാൾഡം. ഇതിനാൽ തന്നെ ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ താരത്തിന് ഈയൊരു ചോദ്യം നേരിടേണ്ടി വന്നു. ഈ സമ്മർ ട്രാൻസ്ഫറിൽ ബാഴ്സയിലേക്ക് പോവുന്നു എന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളത് എന്നായിരുന്നു ചോദ്യം. എന്നാൽ ‘ അത്‌ കേവലമൊരു അഭ്യൂഹം മാത്രമാണ് ‘ എന്നാണ് വൈനാൾഡം മറുപടി നൽകിയത്. അതിനെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തയ്യാറായില്ല. ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ താരം തയ്യാറാവാതിരിക്കുകയായിരുന്നു. എന്നിരുന്നാലും താരം ബാഴ്സയിലേക്ക് എത്തുമെന്നാണ് ഫുട്ബോൾ പണ്ഡിതർ കണക്കുക്കൂട്ടുന്നത്.

ലിവർപൂളുമായി ഇതുവരെ കരാർ പുതുക്കാൻ താരം തയ്യാറായിട്ടില്ല. അതിനർത്ഥം താരം മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറാൻ ഉദ്ദേശിക്കുന്നു എന്നുള്ളത്. മറ്റൊന്ന് ബയേൺ മ്യൂണിക്കിന്റെ മധ്യനിര താരം തിയാഗോ അൽക്കാന്ററക്ക് വേണ്ടി ലിവർപൂൾ ഇപ്പോഴും ശ്രമങ്ങൾ തുടരുകയാണ്. അതായത് തിയാഗോ ലിവർപൂളിൽ എത്തിയാൽ വൈനാൾഡത്തിന്റെ സ്ഥാനത്തിനായിരിക്കും കോട്ടം തട്ടാൻ സാധ്യത. അതിനാൽ തന്നെ ക്ലബ് വിടാൻ തന്നെയാണ് സാധ്യതകൾ.

നിലവിൽ ഹോളണ്ട് ടീമിനൊപ്പമാണ് വൈനാൾഡം ഉള്ളത്. യുവേഫ നേഷൻസ് ലീഗിൽ ഹോളണ്ട് ഇന്ന് പോളണ്ടിനെ നേരിടുന്നുണ്ട്. ഇന്ന് രാത്രി 12:15-നാണ് മത്സരം നടക്കുക. ഹോളണ്ടിൽ വെച്ച് തന്നെയാണ് മത്സരം. ലിവർപൂൾ സഹതാരം വാൻ ഡൈക്കും വിനാൾഡത്തിനൊപ്പം ബൂട്ടണിയും. കൂടാതെ ബാഴ്സ താരമായ ഡി ജോംഗ്, മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡോണി വാൻ ഡി ബീക്ക്, ലിയോൺ താരം ഡിപെ എന്നിവരൊക്കെ ഇന്ന് കളത്തിലിറങ്ങും.

Rate this post