മാഞ്ചസ്റ്ററിലെ ആദ്യ ട്രൈനിംഗ് സെഷന് ശേഷം തന്നെ ക്ലബ്‌ വിട്ട് ആഴ്‌സണലിലേക്ക് തിരികെ പോവാൻ ആഗ്രഹിച്ചു, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സാഞ്ചസ്.

മാഞ്ചസ്റ്റർ യൂണൈറ്റഡിലെ ആദ്യ പരിശീലനവേളക്ക് ശേഷം തന്നെ യുണൈറ്റഡ് ഉപേക്ഷിച്ചു കൊണ്ട് തിരികെ ആഴ്സണലിലേക്ക് മടങ്ങി പോവാൻ ആഗ്രഹിച്ചിരുന്നുവെന്ന് സൂപ്പർ താരം അലക്സിസ് സാഞ്ചസ്. കഴിഞ്ഞ ദിവസമാണ് സാഞ്ചസ് ഇത്തരത്തിലൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ആദ്യ ദിവസം തന്നെ യൂണൈറ്റഡിലെ പല കാര്യങ്ങളും തനിക്ക് അനുയോജ്യമായതല്ലെന്ന് മനസ്സിലായിരുന്നുവെന്നും അന്ന് തന്നെ ക്ലബ്‌ വിടാൻ ആഗ്രഹിച്ചിരുന്നുവെന്നും സാഞ്ചസ് അറിയിച്ചത്.

മുൻ ബാഴ്സ താരം കൂടിയായ സാഞ്ചസ് 2018-ലെ ജനുവരി ട്രാൻസ്ഫറിൽ ആയിരുന്നു ആഴ്‌സണൽ വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറിയത്. എന്നാൽ ഏകദേശം രണ്ട് സീസണോളം മാഞ്ചസ്റ്റർ യുണൈറ്റഡിൽ ചിലവഴിച്ച താരം ഫോം കണ്ടെത്താനാവാതെ ഉഴലുകയായിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം ലോണിൽ താരം ഇന്റർമിലാനിലേക്ക് കൂടുമാറിയ താരം അവിടെ മികച്ച പ്രകടനം നടത്തിയിരുന്നു. തുടർന്ന് സാഞ്ചസിനെ ഇന്റർമിലാൻ സ്ഥിരപ്പെടുത്തുകയും ചെയ്യുകയായിരുന്നു. യൂണൈറ്റഡിന് വേണ്ടി കേവലം 45 മത്സരങ്ങൾ കളിച്ച സാഞ്ചസ് അഞ്ച് ഗോളും ഒമ്പത് അസിസ്റ്റും മാത്രമാണ് യുണൈറ്റഡിൽ നേടിയിരുന്നത്. അതിന് മുൻപ് ആഴ്‌സണലിന് വേണ്ടി 166 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ താരം നേടിയിരു.

“ആദ്യത്തെ പരിശീലനത്തിന് ശേഷം ഞാൻ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി. ഞാൻ വീട്ടിലെത്തിയതിന് ശേഷം എന്റെ കുടുംബത്തോടും എന്റെ മാനേജറോടും ക്ലബ് വിടാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. എന്നിട്ട് ആഴ്സെണലിലേക്ക് മടങ്ങാനായിരുന്നു ആഗ്രഹിച്ചിരുന്നത്. എനിക്ക് പലതും അവിടെ യോജിക്കാനാവാത്ത കാര്യങ്ങൾ ആയിരുന്നു. പക്ഷെ ഞാൻ കരാറിൽ ഒപ്പ് വെച്ചു കഴിഞ്ഞിരുന്നു. മാസങ്ങൾ കഴിഞ്ഞപ്പോഴും എനിക്ക് അത്‌ തന്നെയാണ് തോന്നിയത്. ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഒന്നുമല്ലായിരുന്നു. ജേണലിസ്റ്റുകളും മുൻ താരങ്ങളും സംസാരിച്ചിരുന്നത് എന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. ക്ലബ്ബിനകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാതെയാണ് അവർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നത്. ക്ലബ്ബിനകത്ത് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാവരും താരങ്ങളെയാണ് കുറ്റപ്പെടുത്തിയത് ” സാഞ്ചസ് പറഞ്ഞു.

Rate this post