പ്രീമിയർ ലീഗിന്റെ അടുത്ത് പോലും മെസ്സി വരരുത്, ഭയത്തോടെ ലിവർപൂൾ ഡിഫൻഡർ പറയുന്നു.

ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് വരുന്നു എന്ന വാർത്തകൾ ഏറ്റവും കൂടുതൽ ശക്തിപ്പെട്ടത് ഈ കഴിഞ്ഞ ആഴ്ച്ചയായിരുന്നു. പ്രീമിയർ ലീഗിലെ താരങ്ങളും പരിശീലകരും ഇതിനോട് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. മെസ്സി വന്നാൽ സിറ്റിയെ തോൽപ്പിക്കാൻ ബുദ്ദിമുട്ടുമെന്നായിരുന്നു ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് പറഞ്ഞിരുന്നത്. എന്നാൽ മെസ്സിയുടെ സാഹതാരമായിരുന്ന ഹിഗ്വയ്‌ൻ മെസ്സിയോട് പ്രീമിയർ ലീഗിലേക്ക് പോവേണ്ട എന്നും അവിടെ കാര്യങ്ങൾ എളുപ്പമല്ല എന്നും അഭിപ്രായം അറിയിച്ചിരുന്നു.

ഇപ്പോഴിതാ ലിവർപൂളിന്റെ സ്കോട്ടിഷ് ഡിഫൻഡർ ആന്റി റോബർട്ട്സൺ ഈ വിഷയത്തിൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണിപ്പോൾ. മെസ്സി പ്രീമിയർ ലീഗിന്റെ അടുത്ത് പോലും വന്നു പോകരുത് എന്നാണ് റോബർട്ട്‌സൺ പറഞ്ഞത്. കഴിഞ്ഞ ദിവസം നടന്ന പ്രെസ്സ് കോൺഫറൻസിൽ മെസ്സി സിറ്റിയിലേക്ക് വരുന്നതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് റോബർട്ട്‌സൺ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. താൻ നേരിട്ടതിൽ വെച്ച് പ്രതിരോധിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള താരമാണ് മെസ്സിയെന്നും അദ്ദേഹത്തിന്റെ പ്രീമിയർ ലീഗിലേക്കുള്ള വരവ് സംഭവിക്കില്ല എന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും റോബർട്ട്‌സൺ അറിയിച്ചു. മെസ്സി ഈ സീസണിൽ കൂടി ബാഴ്‌സയിൽ തുടരുമെന്നാണ് ഒടുവിലെ വിവരങ്ങൾ.

” തീർച്ചയായും മെസ്സിയുടെ പ്രീമിയർ ലീഗിലേക്കുള്ള വരവ് സംഭവിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ സൈൻ ചെയ്യുന്നതിൽ നിന്നും ലിവർപൂൾ പിന്മാറിയതായാണ് എന്റെ അറിവ്. അത്കൊണ്ട് തന്നെ പ്രീമിയർ ലീഗിന്റെ അരികത്തു പോലും അദ്ദേഹം വരില്ല എന്നാണ് ഞാൻ കരുതുന്നത്. ഞാൻ അദ്ദേഹത്തിനെതിരെ രണ്ട് തവണ കളിച്ചിട്ടുണ്ട്. ഞാൻ കളിച്ചതിൽ ഏറ്റവും ബുദ്ധിമുട്ടുള്ള താരമായിരുന്നു അദ്ദേഹം ” റോബർട്ട്‌സൺ തുടർന്നു.

“എന്റെ വ്യക്തിപരമായ കാഴ്ച്ചപ്പാടിൽ ഞാൻ പറയട്ടെ, മെസ്സി പ്രീമിയർ ലീഗ് വരരുതേ എന്നാണ് എന്റെ പ്രാർത്ഥന. അദ്ദേഹം ബാഴ്‌സയിൽ തന്നെ തുടരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു സംശയവുമില്ലാതെ ഞാൻ പറയുന്നു അദ്ദേഹം അസാമാന്യനായ ഒരു താരമാണ്. ബാഴ്‌സയിൽ അദ്ദേഹത്തിന് ഉണ്ടായിരുന്നതെല്ലാം അദ്ദേഹം പ്രീമിയർ ലീഗിലേക്കും കൊണ്ടുവരും. അതേ ക്വാളിറ്റിയും അതേ പേഷനും എല്ലാം അദ്ദേഹം പ്രീമിയർ ലീഗിലേക്ക് കൊണ്ടുവരും ” റോബർട്ട്‌സൺ പൂർത്തിയാക്കി.

Rate this post