ബാഴ്സയുടെ ഫ്രഞ്ച് വിങ്ങറായ ഔസ്മാൻ ഡെമ്പെലെയെ ടീമിലെത്തിക്കാൻ പദ്ധതികളുമായി പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഈ സീസണിൽ കൂമാന്റെ വരവോടെ ബാഴ്സയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരം നിലവിൽ ഫ്രാൻസിനായി ലോക കപ്പ് യോഗ്യത മത്സരങ്ങളിൽ കളിക്കുകയാണ്.
കഴിഞ്ഞ സീസണിലെ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി സമീപിച്ചിരുന്നു. ഇപ്പോൾ മികച്ച ഫോമിലേക്കുയർന്ന താരത്തിന്റെ നിലവാരം കൂടി ഉയർന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ടീമുലെത്തിക്കാൻ നിരന്തരമായി ശ്രമങ്ങൾ നടത്തുകയാണ്.
സ്പോർട് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം പ്രീമിയർ ലീഗ് വമ്പന്മാർ 23കാരനായ താരവുമായി ടീമിന്റെ ഭാവിയെ കുറിച്ചും ടീമിൽ താരത്തിന്റെ സ്ഥാനത്തെ കുറിച്ചുമെല്ലാം ഇതിനോടകം സംസാരിച്ചു കഴിഞ്ഞിരിക്കുന്നു.
മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനായി ഈ വരുന്ന സമ്മറിൽ കോടികൾ ചിലവഴിക്കാനും തയ്യാറായി നിൽക്കുകയാണ്. പക്ഷെ അവർ താരത്തിന്റെ ബാഴ്സയിലേ നിലവിലെ കരാർ അവസാനിക്കുന്നത് വരെ കത്തിരിക്കുവാനും തയ്യാറാണ്.
റിപ്പോർട്ട് സൂചപ്പിച്ചത് പ്രകാരം ബാഴ്സ താരത്തിന്റെ കരാർ പുതുക്കുന്നതുമായി സംബന്ധിച്ചു താരവുമായി ചർച്ചകൾ നടത്തുകയാണ്. പക്ഷെ നിലവിലെ വേതനം കുറയ്ക്കുന്നതിന് താരം അതൃപ്തി പ്രകടിപ്പിച്ചു.
ബാഴ്സയുടെ പുതിയ പ്രസിഡന്റായ ജോൻ ലപ്പോർട്ട താരവുമായി ഇതിനെ കുറിച്ചു വരുന്ന ആഴ്ചകളിൽ സംസാരിച്ചേക്കും.
അടുത്ത വർഷത്തോടെ താരത്തിന്റെ കരാർ അവസാനിക്കുന്നത് കൊണ്ട് ഡെമ്പെലെ വേതനത്തിൽ വർദ്ധനവിനെ ആവശ്യപ്പെടുകയാണ്. താരവുമായി കരാറിന്റെ കാര്യത്തിൽ ബാഴ്സയ്ക്ക് ഒരു ധാരണയിൽ എത്തുവാൻ സാധിക്കാതെ വരുകയാണെങ്കിൽ ടീമിന് അദ്ദേഹത്തെ ഈ സീസണിൽ തന്നെ വിൽക്കേണ്ടി വരും.