പോർട്ടോക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എറിക് ഗാർസിയക്ക് അവസരം നൽകിയതിലൂടെ താരത്തെ സിറ്റിയിൽ തന്നെ തുടരാൻ സമ്മതിപ്പിച്ച് ബാഴ്സലോണയുടെ ട്രാൻസ്ഫർ നീക്കങ്ങൾ അവസാനിപ്പിക്കാനുള്ള കരുക്കൾ നീക്കി പെപ് ഗാർഡിയോള. സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ റൂബൻ ഡയസിനൊപ്പം ആദ്യ ഇലവനിൽ ഇറങ്ങിയ താരം മികച്ച പ്രകടനം നടത്തിയിരുന്നു.
മത്സരത്തിനു ശേഷം ഗാർസിയയെ ടീമിൽ തന്നെ നിലനിർത്താനുള്ള സജീവമായ നീക്കങ്ങൾ തുടരുമെന്ന് പെപ് വ്യക്തമാക്കി. “എറിക് ഗാർസിയയെ പുതിയ കരാർ ഒപ്പിടുന്നതിനായി മോഹിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വളരെയധികം കഴിവുള്ള താരം ഞങ്ങൾക്കൊപ്പം തുടരുന്നത് സന്തോഷമുള്ള കാര്യമാണ്.” മത്സരത്തിനു ശേഷം ഗാർഡിയോള പറഞ്ഞു.
ബാഴ്സലോണ അക്കാദമിയായ ലാ മാസിയയിൽ നിന്നും സിറ്റി സ്വന്തമാക്കിയ പത്തൊൻപതുകാരനായ ഗാർസിയയുടെ കരാർ ഈ സീസണോടെ അവസാനിക്കുകയാണ്. ബാഴ്സയിലേക്കു ചേക്കേറാൻ താൽപര്യമുള്ള താരത്തിനായി ജനുവരിയിൽ കറ്റലൻ ക്ലബ് പുതിയ ഓഫർ നൽകിയേക്കും.
സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ ഗാർസിയയെ ബാഴ്സ സ്വന്തമാക്കാൻ ശ്രമിച്ചെങ്കിലും സിറ്റി ആവശ്യപ്പെട്ട തുക കൂടുതലായതു കൊണ്ട് താൽക്കാലികമായി പിന്മാറുകയായിരുന്നു. ജനുവരിയിൽ കുറഞ്ഞ തുകക്ക് താരത്തെ സ്വന്തമാക്കി പിക്വയുടെ പകരക്കാരനാക്കാനാണ് ബാഴ്സ ഉദ്ദേശിക്കുന്നത്.