ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയുടെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു ഇന്റർമിലാന്റെ അർജന്റൈൻ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫറിൽ തന്നെ താരത്തെ ടീമിൽ എത്തിക്കാൻ ബാഴ്‌സ അശ്രാന്തപരിശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. പിന്നീട് സംഭവിച്ച കോവിഡ് പ്രതിസന്ധിയും ഇന്റർമിലാന്റെ കടുംപിടിത്തവും ലൗറ്ററോ എന്നത് ബാഴ്സക്ക് വെറും സ്വപ്നമായി അവശേഷിക്കാൻ കാരണമായി.
ഈ കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിന്റെ അവസാനനാളുകളിൽ താരം ഇന്റർ മിലാനിൽ തന്നെ തുടരുമെന്ന് സ്ഥിരീകരിക്കപ്പെടുകയായിരുന്നു. താരത്തിന്റെ ഏജന്റ് ആയിരുന്നു ഇക്കാര്യം അറിയിച്ചിരുന്നത്. എന്നാൽ ബാഴ്‌സ ഇപ്പോഴും ആ മോഹം ഉപേക്ഷിച്ചിട്ടില്ല. പരിശീലകൻ കൂമാന് താല്പര്യം മെംഫിസ് ഡീപേ ആണെങ്കിലും ലൗറ്ററോയെ കൊണ്ടു വരണമെന്നാണ് ആരാധകരുടെ ആവിശ്യം. പ്രത്യേകിച്ച് ലൂയിസ് സുവാരസ് ക്ലബ് വിട്ട സാഹചര്യത്തിൽ ഒരു താരത്തെ നിർബന്ധമാണ് എന്നാണ് ആരാധകർ ഉന്നയിക്കുന്നത്.
പക്ഷെ ബാഴ്സയുടെ മോഹങ്ങൾക്ക് തടയിടാനുള്ള അതിവേഗനീക്കങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്റർമിലാൻ. താരത്തെ ക്ലബ്ബിൽ തന്നെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾക്കാണ് ഇന്റർ തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ 2023 വരെയാണ് താരത്തിന് കരാറുള്ളത്. ഇതുപുതുക്കാനുള്ള ചർച്ചകൾ ഈ ഇന്റർനാഷണൽ ബ്രേക്കിന് ശേഷം തുടങ്ങാനാണ് ഇന്ററിന്റെ പദ്ധതി. താരം അതിന് സമ്മതിച്ചാൽ ലൗറ്ററോയെ ബാഴ്സ മറക്കേണ്ടി വരും.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയലിനെതിരെ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് താരം ഫോമിൽ തന്നെയാണ് എന്ന് തെളിയിച്ചിരുന്നു. ഇരുപത്തിമൂന്നു വയസ്സുകാരനായ താരം ഈ സീസണിലെ ഒമ്പത് മത്സരങ്ങളിൽ നിന്നായി നാലു ഗോളും രണ്ട് അസിസ്റ്റും കണ്ടെത്തിയിരുന്നു. അതേസമയം ഇന്റർനാഷണൽ ബ്രേക്കിൽ മെസ്സിക്കൊപ്പം താരം ചിലവഴിക്കുമെന്നുള്ളത് താരത്തിന്റെ തീരുമാനത്തിൽ സ്വാധീനം ചെലുത്തിയേക്കാം.