ബാഴ്‌സയുടെ ഓഫർ നിരസിക്കാനുള്ള രണ്ട് കാരണങ്ങൾ വെളിപ്പെടുത്തി ഒബമയാങ്.

ഈയിടെയായി ആഴ്സണലുമായി തന്റെ കരാർ പുതുക്കിയ സൂപ്പർ താരമാണ് ഒബമയാങ്. താരത്തിന് പല ക്ലബുകളിൽ നിന്നും ഓഫറുകൾ വന്നിരുവെങ്കിലും താരം അതെല്ലാം തള്ളികളഞ്ഞു കൊണ്ടാണ് ഗണ്ണേഴ്‌സുമായി കരാർ പുതുക്കിയത്. രണ്ട് പ്രമുഖ ക്ലബുകളിൽ നിന്ന് തനിക്ക് ഓഫർ വന്നിരുന്നതായും അതിലൊന്ന് ബാഴ്സ ആയിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ താരം.

പുതുതായി അനുവദിച്ച അഭിമുഖത്തിലാണ് താരം ബാഴ്‌സയുടേത് അടക്കമുള്ള ഓഫറുകൾ നിരസിക്കാനുള്ള കാരണം വെളിപ്പെടുത്തിയത്. ആഴ്‌സണലിനോടുള്ള അടിയുറച്ച ബന്ധം കൊണ്ടാണ് താൻ മറ്റുള്ള ക്ലബുകളോട് നോ പറഞ്ഞത് എന്നാണ് ഒബമയാങ്ങിന്റെ വെളിപ്പെടുത്തൽ.ഒന്നാമതായി പരിശീലകൻ മികേൽ ആർട്ടെറ്റയും രണ്ടാമതായി ഇവിടുത്തെ ആരാധകരുമാണ് തന്നെ ഇവിടെ തുടരാൻ പ്രേരിപ്പിച്ചത് എന്നുമാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

” ഒരുപാട് ഓഫറുകൾ വന്നിരുന്നു. അതിൽ പ്രധാനപ്പെട്ടത് ബാഴ്‌സയുടേതായിരുന്നു. മറ്റുള്ള ക്ലബുകളിൽ നിന്നും വന്നിരുന്നു. എന്നാൽ അതെല്ലാം നിരസിക്കുകയാണ് ഞാൻ ചെയ്തത്. ഞാൻ ഇവിടെ തുടരാൻ തീരുമാനിക്കാൻ പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത് പരിശീലകൻ ആർട്ടെറ്റയാണ്. ലോക്ക്ഡൌൺ സമയത്ത് ഞങ്ങൾ ഒരുപാട് സംസാരിച്ചിരുന്നു. അദ്ദേഹം ആഴ്‌സണലിന്റെ പ്രൊജക്റ്റ് വിശദീകരിച്ചു തന്നു കൊണ്ട് എന്നെ ബോധ്യപ്പെടുത്തി ” ഒബമയാങ് തുടർന്നു.

” രണ്ടാമതായി ഇവിടുത്തെ ക്ലബുകളുടെ ആളുകളിൽ നിന്നും ആരാധകരിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹമാണ്. എല്ലാവരും എന്നെ അവരിൽ ഒരാളായാണ് കണക്കാക്കുന്നത്. ഞാൻ അവരുടേത് സ്വന്തമാണ്. ലളിതമായി പറഞ്ഞാൽ ഈ രണ്ട് കാര്യങ്ങൾ തന്നെയാണ് ഇവിടെ പിടിച്ചു നിർത്തുന്നതും ” ഒബമയാങ് അഭിമുഖത്തിൽ പറഞ്ഞു.