വിട്ടുകളയാൻ ബാഴ്‌സ ഒരുക്കമല്ല, സിറ്റിയുടെ ഡിഫൻഡർക്ക് വേണ്ടി അവസാനശ്രമത്തിനൊരുങ്ങി ബാഴ്സ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ തുടക്കത്തിൽ തന്നെ ബാഴ്സ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് മാഞ്ചസ്റ്റർ സിറ്റിയുടെ എറിക് ഗാർഷ്യ. എന്നാൽ ഇതുവരെയുള്ള ശ്രമങ്ങൾ ഒന്നും ഫലം കണ്ടിരുന്നില്ല. പക്ഷെ സിറ്റിയുടെ പ്രതിരോധനിരയിലേക്ക് റൂബൻ ഡയസ് വന്നതോടെ ബാഴ്‌സയുടെ പ്രതീക്ഷകൾക്ക് ചിറക് മുളച്ചിരിക്കുകയാണ്.

താരത്തെ സിറ്റി വിട്ടുതരാനുള്ള സാധ്യതകൾ ഒരല്പം വർധിച്ചിട്ടുണ്ട്. ഇത് മുതലെടുക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സയും കൂമാനും. താരത്തിന് വേണ്ടിയുള്ള അവസാനശ്രമം ഈ ആഴ്ച്ച തന്നെ ബാഴ്‌സ നടത്തും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. പുതിയൊരു ബിഡ് ആയിരിക്കും ബാഴ്‌സ സിറ്റിക്ക് സമർപ്പിക്കുക.

ഒക്ടോബർ അഞ്ചിനാണ് ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യുന്നത്. അതിന് മുമ്പ് ഏത് വിധേനയും താരത്തെ ടീമിൽ എത്തിക്കാനാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. 2021 വരെയാണ് ഗാർഷ്യക്ക് സിറ്റിയുമായി കരാർ ഉള്ളത്. എന്നാൽ ബാഴ്സയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഗാർഷ്യ വെളിപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഇത് ബാഴ്സക്ക് കാര്യങ്ങൾ അനുകൂലമാക്കും എന്നാണ് അറിയാൻ കഴിയുന്നത്.

പത്തൊൻപതുകാരനായ താരത്തിന്റെ നിലവിലെ മൂല്യം 15 മില്യൺ യുറോയാണ്. എന്നാൽ ഒരു 12 മില്യൺ യുറോയുടെ ഓഫറുകൾ ഒക്കെ തന്നെയും സിറ്റി സ്വീകരിച്ചേക്കും. കാരണം അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ താരം ഫ്രീ ഏജന്റ് ആവാൻ സാധ്യതയുണ്ട്. 2008 മുതൽ 2017 വരെ ലാ മാസിയയുടെ ഭാഗമായിരുന്ന താരം കഴിഞ്ഞ സീസണിൽ സിറ്റിക്ക് വേണ്ടി 13 മത്സരങ്ങൾ കളിച്ചിരുന്നു.