ഓസിലിന്റെ കാര്യത്തിൽ തെറ്റുപറ്റി, വളരെ വൈകി ജർമൻ ഫുട്ബോൾ അസോസിയേഷന്റെ കുറ്റസമ്മതം

തുർക്കി പ്രസിഡന്റായ എർദോഗനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് ഓസിലിനു നേരെയുണ്ടായ വംശീയാധിക്ഷേപവും മറ്റും കൈകാര്യം ചെയ്തതിൽ തങ്ങൾക്കു പിഴവു സംഭവിച്ചുവെന്ന് ജർമൻ ഫുട്ബോൾ ഫെഡറേഷന്റെ കുറ്റസമ്മതം. 2018ലെ ലോകകപ്പ് സമയത്ത് പൊട്ടിപ്പുറപ്പെട്ട വിവാദം ഓസിൽ ജർമൻ ടീമിൽ നിന്നും വിരമിക്കുന്നതിലാണ് അവസാനിച്ചിരുന്നത്.

ലോകകപ്പിനു മുൻപ് ഇകയ് ഗുണ്ടോഗനൊപ്പമാണ് ഓസിൽ തുർക്കി പ്രസിഡന്റിനെ സന്ദർശിച്ചത്. രാഷ്ട്രീയപരമായി ജർമൻസ് എർദോഗന് എതിരായതിനാൽ ഓസിലിനെതിരെ രൂക്ഷമായ വിമർശനവും ഇതുമായി ബന്ധപ്പെട്ട് ഉയർന്നു. 2018 ലോകകപ്പിൽ ജർമനി ആദ്യ റൗണ്ടിൽ പുറത്താക്കപ്പെട്ടപ്പോൾ ആരാധകരുടെ വിമർശനങ്ങൾ ഓസിലിനെതിരെ പ്രത്യേകം ഉയരുകയും താരം ബലിയാടാവുകയും ചെയ്തിരുന്നു.

ഇതേത്തുടർന്നാണ് ജർമൻ ടീമിൽ നിന്നും ഓസിൽ വിരമിക്കൽ പ്രഖ്യാപിക്കുന്നത്. വിരമിച്ചതിനൊപ്പം തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെയും അതിന്റെ വംശീയ സ്വഭാവത്തെയുമെല്ലാം താരം വിമർശിച്ചിരുന്നു. ആ സംഭവം നടന്നതിന് ശേഷം ആദ്യമായാണ് അക്കാര്യത്തിൽ തെറ്റു പറ്റിയെന്ന് ജർമൻ എഫ്എ പറയുന്നത്.

ഒരു ഫോട്ടോ പലരുടെയും വികാരങ്ങളെ ആളിക്കത്തിച്ചുവെന്നും അതിനെ തുടർന്ന് വംശീയാധിക്ഷേപം സംഭവിച്ചുവെന്നും ജർമൻ എഫ്എ ജനറൽ സെക്രട്ടറി ഫ്രഡറിക്ക് കുർടിസ് പറഞ്ഞു. അന്ന് ഓസിലിനെ നേരിട്ടു കണ്ടു കാര്യങ്ങൾ അറിയാൻ ശ്രമിച്ചില്ലെന്നും അദ്ദേഹം കുറ്റസമ്മതം നടത്തി.

92 മത്സരങ്ങൾ ജർമനിക്കു വേണ്ടി കളിച്ചിട്ടുള്ള ഓസിൽ 2014ലെ ലോകകപ്പിൽ ടീമിനു കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക സാന്നിധ്യമായിരുന്നു.