ലോകത്തിലെ മികച്ച താരം, കഠിനാദ്ധ്യാനത്തിന്റെ പ്രതീകം, ക്രിസ്റ്റ്യാനോയെ കുറിച്ച് മുൻസഹതാരം പറയുന്നു.

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പ്രശംസിച്ച് മുൻ സഹതാരം ബ്ലൈസ് മറ്റിയൂഡി. മുമ്പ് യുവന്റസിൽ റൊണാൾഡോക്കൊപ്പം കളിച്ച താരമാണ് മറ്റിയൂഡി. തുടർന്ന് താരം എംഎൽഎസ്സ് ക്ലബായ ഇന്റർമിയാമിയിലേക്ക് ചേക്കേറുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് മറ്റിയൂഡി പറഞ്ഞത്.

” ലോകത്തിലെ ഏറ്റവും മികച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹം കഠിനാദ്ധ്യാനത്തിന്റെ പ്രതീകമാണ്. അദ്ദേഹമാണ് പരിശീലനത്തിന് വേണ്ടി ആദ്യമെത്തുക. മാത്രമല്ല, ഏറ്റവും അവസാനം പുറത്തു പോവുന്നതും അദ്ദേഹമായിരിക്കും. ഞാൻ ഒരിക്കലും അത്തരത്തിലുള്ള ഒരു കാഴ്ച്ച എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ” മറ്റിയൂഡി ടെലിഫുട്ടിനോട് പറഞ്ഞു.

അതേ സമയം മുൻ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയും റൊണാൾഡോയെ പുകഴ്ത്തി കൊണ്ട് രംഗപ്രവേശനം ചെയ്തിട്ടുണ്ട്. ഒരു യുദ്ധത്തിന് ഉപയോഗിക്കുന്ന യന്ത്രത്തിനെ പോലെയാണ് അദ്ദേഹത്തിന്റെ മാനസികകരുത്ത് എന്നാണ് അല്ലെഗ്രി അഭിപ്രായപ്പെട്ടത്. അസാധാരണമായ കാര്യങ്ങൾ ചെയ്യാൻ അദ്ദേഹം എപ്പോഴും ആഗ്രഹിക്കുന്ന ഒരു താരമാണ് എന്നാണ് അല്ലെഗ്രി അഭിപ്രായപ്പെട്ടത്.

“ക്രിസ്റ്റ്യാനോ ഒരു യുദ്ധയന്ത്രത്തെ പോലെയാണ്. അദ്ദേഹം അഞ്ച് ബാലൺ ഡിയോർ നേടിയിട്ടുണ്ട്. അഞ്ച് ചാമ്പ്യൻസ് ലീഗ് നേടിയിട്ടുണ്ട്. ഒരു യുറോ കപ്പ് നേടിയിട്ടുണ്ട്. അദ്ദേഹത്തിന് എപ്പോഴും അസാധാരണമായ കാര്യങ്ങൾ ചെയ്യാനുള്ള ആഗ്രഹമുണ്ട് ” അല്ലെഗ്രി പറഞ്ഞു.