ബാഴ്സ ഡിഫൻഡറെ നോട്ടമിട്ട് അറ്റലാന്റ, മറ്റൊരു യുവതാരത്തെ ജിറോണക്ക് വേണം !

എഫ്സി ബാഴ്സലോണ തങ്ങൾക്ക് ആവിശ്യമില്ലാത്ത താരങ്ങളെ ഈ സീസണിൽ വിറ്റൊഴിവാക്കുമെന്ന് മുമ്പേ വ്യക്തമായതാണ്. ഫലമായി റാക്കിറ്റിച്ച് സെവിയ്യയിൽ എത്തിയിരുന്നു. കൂടാതെ വിദാലും സുവാരസും പുറത്തേക്കുള്ള വഴിയിലുമാണ്. ഇപ്പോഴിതാ ഇരുവർക്കും പിന്നാലെ ജൂനിയർ ഫിർപ്പോയും ടീം വിടാനുള്ള ഒരുക്കങ്ങളിലാണ്. സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് താരത്തെ ഇറ്റാലിയൻ വമ്പൻമാരായ അറ്റലാന്റ നോട്ടമിട്ട കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരത്തെ ലോണിലും പിന്നീട് പെർമെനന്റ് ആക്കാനുമാണ് അറ്റലാന്റ ആഗ്രഹിക്കുന്നത്.

ബാഴ്സ ഈ ട്രാൻസ്ഫർ ജാലകത്തിൽ വിൽക്കാൻ ഉദ്ദേശിക്കുന്ന താരങ്ങളിൽ ഒരാൾ തന്നെയാണ് ഫിർപ്പോ. നെൽസൺ സെമെഡോയെ പോലെ തന്നെ മികച്ച ഒരു ഓഫർ വന്നാൽ താരത്തെയും ബാഴ്സ കൈവിടും. രണ്ട് മില്യൺ ലോൺ ഫീ, 18 മില്യൺ പെർമെനന്റ് ഫീ, അഞ്ച് മില്യൺ ആഡ് ഓൺസ് എന്നിങ്ങനെയാണ് അറ്റലാന്റ താരത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് വാർത്തകൾ.എന്നാൽ ബാഴ്സ ഇതിനോട് പ്രതികരിച്ചിട്ടില്ല. മുമ്പ് ലൗറ്ററോ ട്രാൻസ്ഫറിൽ ഫിർപ്പോയെ ഉൾപ്പെടുത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നുവെങ്കിലും അത്‌ നടക്കാതെ പോവുകയായിരുന്നു.

മറ്റൊരു ബാഴ്സ താരമായ കൊൺറാഡിനെ ലക്ഷ്യം വെച്ചിരിക്കുകയാണ് സ്പാനിഷ് ടീമായ ജിറോണ. ബാഴ്സയിലൂടെ വളർന്നു വന്ന അമേരിക്കൻ താരമാണ് കൊൺറാഡ്. കഴിഞ്ഞ രണ്ട് പ്രീ സീസൺ മത്സരങ്ങളിലും താരം ബാഴ്‌സക്ക് വേണ്ടി കളിച്ചിരുന്നു. കഴിഞ്ഞ ജിറോണക്കെതിരെയുള്ള മത്സരത്തിൽ തകർപ്പൻ പ്രകടനമായിരുന്നു താരം നടത്തിയിരുന്നത്. ഫലമായാണ് ജിറോണ താരത്തെ നോട്ടമിട്ടത്.

എന്നാൽ ബാഴ്‌സ വിട്ടുനൽകുമോ എന്നുള്ളത് വലിയ ചോദ്യമാണ്. താരത്തിന്റെ പ്രകടനം പരിശീലകൻ കൂമാനെ തൃപ്തനാക്കിയിരുന്നു. അത്കൊണ്ട് തന്നെ ബാഴ്‌സ വിടാൻ സാധ്യത കുറവാണ്. വിങ്ങറായി കളിക്കുന്ന താരം ബാഴ്സക്ക് വേണ്ടി കളിക്കുന്ന ആദ്യ അമേരിക്കൻ താരമാണ്. താരത്തെ ലോണിൽ എത്തിക്കാനാണ് ജിറോണ ആഗ്രഹിക്കുന്നത്. ഏതായാലും ഈ രണ്ട് താരങ്ങളുടെ കാര്യത്തിലും ബാഴ്സ ഉടൻ തീരുമാനം കൈകൊണ്ടേക്കും.

Rate this post
Fc Barcelonajunior firpoLa Ligatransfer News