സാഞ്ചോയെ ലഭിച്ചില്ല, ബാഴ്‌സയുടെ സൂപ്പർ സ്‌ട്രൈക്കറെ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിലെത്തിക്കുമെന്ന ശക്തമായ അഭ്യൂഹങ്ങൾ.

ഈ ട്രാൻസ്ഫർ ജാലകത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പഠിച്ച പണി പതിനെട്ടും നോക്കിയതാണ് ബൊറുസിയ ഡോർട്മുണ്ടിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ സാഞ്ചോയെ ക്ലബ്ബിലെത്തിക്കാൻ വേണ്ടി. എന്നാൽ ബൊറൂസിയയാവട്ടെ ഒരു നിലക്കും താരത്തെ വിടുന്ന ലക്ഷണമില്ല. ട്രാൻസ്ഫർ ജാലകം അടക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഈ സീസണിൽ ഇനി സാഞ്ചോയെ ലഭിക്കുമെന്ന പ്രതീക്ഷ യൂണൈറ്റഡിനില്ല.

എന്നാൽ ആ സ്ഥാനത്തേക്ക് ഒരു പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മറ്റാരുമല്ല, ബാഴ്‌സയുടെ സൂപ്പർ സ്‌ട്രൈക്കർ ഉസ്മാൻ ഡെംബലെയെയാണ് യുണൈറ്റഡ് പരിഗണിക്കുന്നത്. മുമ്പ് തന്നെ ഇക്കാര്യം പുറത്ത് വന്നിരുന്നുവെങ്കിലും ഇത്തവണ അഭ്യൂഹങ്ങൾ അതിശക്തമാണ്. പ്രശസ്ത ഫുട്ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയാണ് ഇക്കാര്യം പുറത്തു വിട്ടിരിക്കുന്നത്. താരത്തെ വിട്ടു കിട്ടാൻ വേണ്ടി യുണൈറ്റഡ് നല്ല രീതിയിൽ തന്നെ ബാഴ്‌സയിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

താരത്തെ ഒരു വർഷത്തെ ലോണിൽ എത്തിക്കാൻ വേണ്ടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്. എന്നാൽ ബാഴ്‌സ ഇതിന് വഴങ്ങുന്ന ലക്ഷണമില്ല. താരത്തെ സ്ഥിരമായി വിൽക്കാനാണ് ബാഴ്‌സയുടെ ഉദ്ദേശം. മുമ്പ് ലിവർപൂൾ താരത്തെ ലോണിൽ വിട്ടുകിട്ടാൻ വേണ്ടി ബാഴ്സയെ സമീപിച്ചിരുന്നു. എന്നാൽ ബാഴ്‌സ നിരസിക്കുകയായിരുന്നു. പക്ഷെ പലപ്പോഴും പരിക്ക് മൂലം പുറത്തിരിക്കുന്ന താരത്തിന്റെ സാലറിയാണ് ബാഴ്സക്ക് പ്രശ്നം. ഉയർന്ന വേതനമാണ് താരത്തിന് ബാഴ്‌സ നൽകികൊണ്ടിരിക്കുന്നത്. അതിനാൽ ഒരുപക്ഷെ യുണൈറ്റഡിന്റെ ഓഫർ ബാഴ്‌സ സ്വീകരിച്ചേക്കും.

കഴിഞ്ഞ നവംബറിന് ശേഷം ഒരൊറ്റ ഔദ്യോഗിക മത്സരം പോലും ഡെംബലെ ബാഴ്സക്ക് വേണ്ടി കളിച്ചിട്ടില്ലായിരുന്നു. ഡോർമുണ്ടിനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റ താരം ഈ പ്രീ സീസണിലാണ് പിന്നീട് കളിച്ചത്. തുടർന്ന് കഴിഞ്ഞ മത്സരത്തിൽ താരം പകരക്കാരന്റെ രൂപത്തിൽ ഇറങ്ങി.2017-ൽ ക്ലബ്ബിൽ എത്തിയ താരം ബാഴ്‌സക്ക് വേണ്ടി 74 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ നിന്നായി 19 ഗോളുകളും 17 അസിസ്റ്റുകളും താരം നേടിയിട്ടുണ്ട്.

Rate this post
Fc BarcelonaManchester UnitedOusmane Dembele