ഡച്ച് താരം ലുക്ക് ഡി ജോങ് ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന് നന്ദി പറഞ്ഞു കൊണ്ടാണ് ബാഴ്സലോണ ഇന്നലെ ലെവന്റെക്കെതിരെയുള്ള മത്സരം അവസാനിപ്പിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ഇന്നലത്തെ ജയം. ജയത്തോടെ ലാ ലിഗയിലെ അവരുടെ അപരാജിത കുതിപ്പ് 15 മത്സരങ്ങളിലേക്ക് നീട്ടാനും അവർക്കായി.
ഡിസംബർ 4 ന് ക്യാമ്പ് നൗവിൽ ബെറ്റിസ് വിജയിച്ചതിന് ശേഷം ബാഴ്സ തോറ്റിട്ടില്ല.സാവി വന്നതിന് ശേഷമുള്ള ഏക ലീഗ് പരാജയം കൂടിയായിരുന്നു ഇത്.അവസാന 15 ലീഗ് മത്സരങ്ങളിൽ 11 ൽ വിജയിക്കുകയും നാല് തവണ സമനില നേടുകയും സാധ്യമായ 45 പോയിന്റിൽ 37 എണ്ണം നേടുകയും ചെയ്തു.
കഴിഞ്ഞ ആഴ്‌ച വരെ യൂറോപ്പിലെ ആദ്യ അഞ്ച് ലീഗുകളിലെ ഏറ്റവും ദൈർഘ്യമേറിയ വിജയ പരമ്പര യുവന്റസിന്റേതായിരുന്നു, ഇന്ററിനോട് തോറ്റത് 16 മത്സരങ്ങളിൽ അവരുടെ ആദ്യ തോൽവിയായിരുന്നു. കഴിഞ്ഞ ആഴ്ച ക്യാമ്പ് നൗവിൽ ബാഴ്സലോണയോട് 1-0 ന് തോൽക്കുന്നതിന് മുൻപായി സെവിയ്യ 15 മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ലായിരുന്നു.
തീർത്തും നിരാശാജനകമായ സീസണാണെന്ന് തെളിയിക്കുന്ന ഒരു ഘട്ടത്തിൽ ബാർസ എട്ടാം സ്ഥാനത്തേക്ക് താഴ്ന്നിരുന്നു. എന്നാൽ കാര്യങ്ങൾ പെട്ടെന്ന് മാറിമറിഞ്ഞു. ഇപ്പോൾ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തായ ബാഴ്സലോണ കിരീടത്തിനായുള്ള പോരാട്ടത്തിലാണ്. ആ സമയത്തിന് ശേഷം ബാർസ ആകെ 37 ഗോളുകൾ നേടിയിട്ടുണ്ട്, കൂടാതെ ശ്രദ്ധേയമായ ക്ലീൻ ഷീറ്റുകൾ ഉൾപ്പെടെ 14 ഗോളുകൾ മാത്രമാണ് വഴങ്ങിയത്.ഏപ്രിൽ 18 തിങ്കളാഴ്ച ക്യാമ്പ് നൗവിൽ കാഡിസിനെ നേരിടുമ്പോൾ ലാ ലിഗയിലെ തങ്ങളുടെ തോൽവി അറിയാതെയുള്ള മുന്നേറ്റം 16 മത്സരങ്ങളിലേക്ക് നീട്ടാൻ ബാഴ്‌സയ്ക്ക് അവസരമുണ്ട്.
തങ്ങളുടെ ആറ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളിൽ വെറും രണ്ട് ഗോളുകൾ മാത്രം നേടുകയും യൂറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെടുകയും ടേബിളിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്ത ബാഴ്‌സലോണയ്ക്ക് സാവി എത്ര പെട്ടെന്നാണ് ജീവൻ നൽകിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം.അത്‌ലറ്റിക്കോ മാഡ്രിഡ്, നാപ്പോളി, വലൻസിയ, റയൽ മാഡ്രിഡ് എന്നി വമ്പന്മാർക്കെതിരെയുള്ള വലിയ വിജയങ്ങളോടെ സാവി നിരവധി ചുവടുകൾ മുന്നോട്ട് പോയി, കൂടാതെ ഓരോ കളിയിലും ടീം മെച്ചപ്പെടുന്നു എന്ന പൊതുവായ അംഗീകാരവും ലഭിച്ചു.സാവി സജ്ജീകരിച്ചിട്ടുള്ള സംവിധാനവും അവർക്കാവശ്യമായ യാന്ത്രിക നീക്കങ്ങളും പിന്തുടരാൻ കളിക്കാർ കൂടുതൽ പ്രാപ്തരാവുകയും ചെയ്തു.