ലാ ലിഗയിൽ പ്രതിരോധക്കോട്ട കെട്ടുന്ന ബാഴ്‌സലോണ നീങ്ങുന്നത് സർവകാല റെക്കോർഡിലേക്ക്

ചാമ്പ്യൻസ് ലീഗിൽ തിരിച്ചടികൾ നേരിട്ടെങ്കിലും ലീഗിൽ ബാഴ്‌സലോണ മികച്ച കുതിപ്പാണ് നടത്തുന്നത്. വിയ്യാറയലിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ വിജയം നേടിയതോടെ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിലെത്തിയ ബാഴ്‌സലോണ ഈ സീസണിൽ ആകെ ഏഴു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. യൂറോപ്പിലെ മറ്റൊരു ലീഗിലെയും ടീമുകൾ ഇത്രയും മത്സരങ്ങൾ കളിച്ച് പത്തിൽ കുറവ് ഗോളുകൾ വഴങ്ങിയിട്ടില്ല.

ഗോളുകൾ വഴങ്ങുന്ന കാര്യത്തിൽ സർവകാല റെക്കോർഡ് സ്വന്തമാക്കാൻ ബാഴ്‌സക്ക് അവസരമുണ്ട്. 21 മത്സരങ്ങൾ കളിച്ച് ഏഴു ഗോളുകളെന്ന റെക്കോർഡ് നേരത്തെ 93-94 സീസണിൽ ഡീപോർറ്റീവോ ലാ കൊരൂണയും സ്വന്തമാക്കിയിരുന്നു. ഒരു മത്സരത്തിൽ 0.33 ഗോളുകളെന്ന രീതിയിലാണ് ഡീപോർറ്റീവോയും ബാഴ്‌സലോണയും നിൽക്കുന്നത്. എന്നാൽ ഡീപോർറ്റീവോ 22ആം മത്സരത്തിൽ രണ്ടു ഗോളുകൾ വഴങ്ങിയതിനാൽ അടുത്ത മത്സരത്തിൽ കാഡിസിനെതിരെ ഒരു ഗോൾ വഴങ്ങിയാൽ പോലും ബാഴ്‌സയ്ക്ക് റെക്കോർഡ് നേട്ടം സ്വന്തമാക്കാം.

മറ്റൊന്ന് ലീഗിൽ ഏറ്റവും കുറവ് ഗോളുകൾ വഴങ്ങിയ ക്ലബെന്ന നേട്ടമാണ്. 93-94 സീസണിലെ ഡീപോർറ്റീവോയും 2015-16 സീസണിലെ അത്ലറ്റികോ മാഡ്രിഡും പതിനെട്ടു ഗോളുകൾ വഴങ്ങി ഈ റെക്കോർഡ് പങ്കിടുന്നു. ബാഴ്‌സലോണയുടെ ഇപ്പോഴത്തെ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഈ സീസണിൽ പന്ത്രണ്ടു ഗോളുകൾ മാത്രമാണ് അവർ വഴങ്ങുക. അങ്ങിനെ സംഭവിച്ചാൽ ആ റെക്കോർഡും കാറ്റലൻ ക്ലബിന്റെ പേരിലാകും.

മാർക്ക് ആന്ദ്രേ ടെർ സ്റ്റീഗനും ഈ സീസണിൽ ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കാൻ അവസരമുണ്ട്. നിലവിൽ 21 മത്സരങ്ങളിൽ നിന്നും പതിനാറു ക്ലീൻ ഷീറ്റുകൾ താരം സ്വന്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ള പതിനേഴു മത്സരങ്ങളിൽ നിന്നും പതിനൊന്നു ക്ലീൻ ഷീറ്റുകൾ കൂടി നേടിയാൽ ലാ ലീഗയിൽ ഏറ്റവുമധികം ക്ലീൻ ഷീറ്റെന്ന ഡീപോർറ്റീവോ കീപ്പർ ഫ്രാൻസിസ്‌കോ ലിയാനോയുടെ റെക്കോർഡ് മറികടക്കാൻ കഴിയും.

സീസണിന്റെ തുടക്കത്തിൽ ടെർ സ്റ്റീഗന്റെ മിന്നുന്ന പ്രകടനമാണ് ബാഴ്‌സലോണയെ രക്ഷിച്ചതെങ്കിൽ ഇപ്പോൾ കൂണ്ടെ, ക്രിസ്റ്റ്യൻസെൻ, അറഹോ, ബാൾഡെ എന്നീ താരങ്ങൾ ഒത്തിണക്കം കാഴ്‌ച വെച്ച് കളിക്കുന്നതിനാൽ ജർമൻ താരത്തിന് ജോലി കൂടുതൽ അനായാസമായി മാറിയിട്ടുണ്ട്. എങ്കിലും മിന്നുന്ന പ്രകടനമാണ് താരം മത്സരങ്ങളിൽ നടത്തുന്നതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Rate this post