ബ്രസീലിനായി മിന്നും പ്രകടനം നടത്തുന്ന താരത്തെ ബാഴ്‌സലോണ ലക്ഷ്യമിടുന്നു

വമ്പൻ താരങ്ങളെ വാങ്ങിക്കൂട്ടിയിരുന്ന ബാഴ്‌സലോണ സാമ്പത്തികപ്രതിസന്ധി വന്നതോടെ കൂടുതൽ ശ്രദ്ധ യുവതാരങ്ങളിലേക്ക് തിരിച്ചു വിട്ടിട്ടുണ്ട്. ലാറ്റിനമേരിക്കൻ ക്ലബുകളിൽ കളിക്കുന്ന യുവതാരങ്ങളിലാണ് ബാഴ്‌സലോണ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. അതിൽ തന്നെ ബ്രസീലിയൻ താരങ്ങൾക്ക് പുറമെയാണ് കാറ്റലൻ ക്ലബ് കൂടുതൽ പോകുന്നത്.

നേരത്തെ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തിയ വിക്റ്റർ റോക്യൂ ആയിരുന്നു ബാഴ്‌സയുടെ റഡാറിൽ ഉണ്ടായിരുന്ന പ്രധാന താരം. റോക്യൂവുമായുള്ള ചർച്ചകൾ നടക്കുമ്പോൾ തന്നെ മറ്റൊരു ബ്രസീലിയൻ താരത്തിലും ബാഴ്‌സയുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനായി കളിക്കുന്ന കൗവ ഏലിയാസാണ് ബാഴ്‌സ ലക്ഷ്യമിടുന്നത്.

പതിനേഴു വയസുള്ള താരം സൗത്ത് അമേരിക്കൻ അണ്ടർ 20 ചാമ്പ്യൻഷിപ്പ് നേടിയ ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ മാത്രമാണ് കളത്തിലിറങ്ങിയത്. എന്നാൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന അണ്ടർ 17 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന താരം മൂന്നു മത്സരങ്ങളിൽ നാല് ഗോളുകൾ നേടി ബ്രസീലിനായി മിയച്ച പ്രകടനം നടത്തുന്നു.

മികച്ച കായികശക്തി, മുന്നേറ്റനിരയിൽ ഒന്നിലധികം പൊസിഷനിൽ കളിക്കാനുള്ള കഴിവ്, ഗോളുകൾ നേടാൻ നൈസർഗികമായുള്ള കഴിവ് എന്നിവയാണ് താരത്തിൽ ബാഴ്‌സലോണ കാണുന്ന പ്രധാന ഗുണങ്ങൾ. വരുന്ന സമ്മറിൽ തന്നെ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയേക്കും. എന്നാൽ 2024ലെ താരത്തിന് ബാഴ്‌സയിലേക്ക് ചേക്കേറാൻ കഴിയുകയുള്ളൂ.

യൂറോപ്പിലെ പല ടീമുകളും മികച്ച സ്‌ട്രൈക്കർമാരില്ലാതെ ബുദ്ധിമുട്ടുമ്പോൾ വിവിധ തരത്തിലുള്ള മുന്നേറ്റനിര താരങ്ങളെ സൃഷ്ടിക്കുന്ന ഫാക്റ്ററി പോലെയാണ് ബ്രസീൽ മാറിയിരിക്കുന്നത്. റയൽ മാഡ്രിഡ് സ്വന്തമാക്കിയ എൻഡ്രിക്ക്, ബാഴ്‌സലോണ നോട്ടമിട്ടിരിക്കുന്ന റോക്യൂ എന്നിവർക്ക് പുറമെ ഇപ്പോൾ ഏലിയാസും യൂറോപ്യൻ ക്ലബുകളുടെ റഡാറിൽ എത്തിക്കഴിഞ്ഞു.

Rate this post