വിയ്യാറയലിനോടുള്ള തോൽവി, ലാ ലിഗ കിരീടമിനി റയൽ മാഡ്രിഡിന്റെ പരിഗണനയല്ല

കഴിഞ്ഞ സീസണിൽ ലീഗും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ റയൽ മാഡ്രിഡിന് പക്ഷെ ഈ സീസണിൽ ലീഗിൽ വലിയ തിരിച്ചടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. സാമ്പത്തികപ്രതിസന്ധികളുടെ ഇടയിലാണെങ്കിലും മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണയാണ് റയൽ മാഡ്രിഡിന് തൊടാൻ പോലും കഴിയാത്ത അകാലത്തിലേക്ക് കുതിക്കുന്നത്.

ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ വിയ്യാറയലിനോട് തോൽവി വഴങ്ങിയതോടെ റയൽ മാഡ്രിഡിന് ലീഗ് കിരീടം നേടാനുള്ള സാധ്യതകൾ തീർത്തും ഇല്ലാതായിട്ടുണ്ട്. രണ്ടു തവണ മുന്നിലെത്തിയിട്ടും അവസാനത്തെ ഇരുപതു മിനിറ്റുകളിൽ രണ്ടു ഗോളുകൾ വഴങ്ങി രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിയ്യാറയലിനോട് തോൽവിയേറ്റു വാങ്ങിയത്.

ഇന്നലെ നടന്ന മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗിൽ ബാഴ്‌സലോണയെക്കാൾ ഒരു മത്സരം കൂടുതൽ കളിച്ച റയൽ മാഡ്രിഡ് അവരെക്കാൾ പന്ത്രണ്ടു പോയിന്റ് പിന്നിലാണ്. ഇന്ന് നടക്കാനിരിക്കുന്ന മത്സരത്തിൽ വിജയം നേടിയാൽ ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം പതിനഞ്ചായി വർധിക്കും. ലീഗിൽ ഇനി പത്തോളം മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്.

എന്തായാലും വിയ്യാറയലിനോടുള്ള തോൽവിയോടെ റയൽ മാഡ്രിഡ് ലാ ലിഗ കിരീടത്തിനായുള്ള പോരാട്ടം അവസാനിപ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഇനി ബാഴ്‌സയെ മറികടക്കാൻ യാതൊരു സാധ്യതയും ഇല്ലെന്നിരിക്കെ കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ് എന്നീ ടൂർണമെന്റുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടു പോകാനാണ് റയൽ മാഡ്രിഡ് ഒരുങ്ങുന്നത്.

ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന്റെ അടുത്ത മത്സരം ചെൽസിക്കെതിരെയാണ്. നിലവിലെ ഫോം കണക്കാക്കുമ്പോൾ റയൽ മാഡ്രിഡ് ചെൽസിയെ മറികടക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡ് ഫൈനലിൽ എത്തിയിട്ടുണ്ട്. ഒസാസുനയാണ് ഫൈനലിൽ എതിരാളികളെന്നതിനാൽ ആ കിരീടം റയൽ ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

5/5 - (1 vote)
Fc BarcelonaReal Madrid