മെസിയെ തിരിച്ചെത്തിക്കാനുറപ്പിച്ച് ബാഴ്സലോണ, താരത്തിന്റെ പൊസിഷൻ തീരുമാനിച്ച് സാവി

തന്റെ മുപ്പത്തിയഞ്ചാം വയസിലും ലോകഫുട്ബോളിൽ തരംഗം തീർക്കയാണ് ലയണൽ ആന്ദ്രേസ് മെസി. ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന താരത്തിന്റെ കരാർ 2023 ജൂണിൽ അവസാനിക്കുമെന്നതിനാൽ മെസിയെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ ശ്രമം നടത്തുന്നുണ്ട്. ലയണൽ മെസിയുടെ മുൻ ക്ലബായ ബാഴ്സലോണയും അതിലുൾപ്പെടുന്നു.

തന്റെ ഭാവിയെക്കുറിച്ച് ഇതുവരെയും ലയണൽ മെസി യാതൊരു തീരുമാനവും എടുത്തിട്ടില്ല. ഖത്തർ ലോകകപ്പിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരം അതിനു ശേഷം ഭാവിയെക്കുറിച്ച് തീരുമാനം എടുക്കാമെന്ന നിലപാടിലാണ്. എന്നാൽ മെസിയെ എന്തായാലും ടീമിലെത്തിക്കാനാണ് ബാഴ്സ പദ്ധതികൾ തയ്യാറാക്കുന്നത്.

സ്പാനിഷ് ജേണലിസ്റ്റായ ജോയൻ ഫോന്റസിന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ തിരിച്ചെത്തിച്ചാൽ ഏതു പൊസിഷൻ നൽകണമെന്നു വരെ സാവി തീരുമാനം എടുത്തു കഴിഞ്ഞിട്ടുണ്ട്. താരത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുന്ന റൈറ്റ് വിങ്ങാണ് സാവി നൽകാൻ ഉദ്ദേശിക്കുന്നത്. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഒപ്പം മികച്ച കളി കാഴ്ച വെക്കാൻ മെസിക്കു കഴിയുമെന്ന് ബാഴ്സ പ്രതീക്ഷിക്കുന്നു.

മെസിയെ തിരിച്ചെത്തിക്കാൻ നിലവിലുള്ള പല താരങ്ങളെയും ബാഴ്സലോണ ഒഴിവാക്കാൻ സാധ്യതയുണ്ട്. വെറ്ററൻ താരങ്ങളായ ജെറാർഡ് പിക്വ, സെർജിയോ ബുസ്ക്വറ്റ്സ്, ജോർദി ആൽബ എന്നിവരാണ് അതിൽ പ്രധാനികൾ. മെസി തിരിച്ചെത്തി റൈറ്റ് വിങ്ങിൽ കളിക്കുകയാണെങ്കിൽ ഫ്രഞ്ച് താരം ഒസ്മാനെ ഡെംബലെയും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.

തന്റെ ഭാവിയെക്കുറിച്ച് മെസി എന്തു തീരുമാനം സ്വീകരിക്കുമെന്നത് ബാഴ്സയെ സംബന്ധിച്ച് വളരെ നിർണായകമാണ്. കഴിഞ്ഞ സമ്മറിൽ ക്ലബ് വിടേണ്ടി വന്നതിൽ താരം വളരെ നിരാശനായിരുന്നു. താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി ശ്രമം തുടരുന്നുമുണ്ട്.

Rate this post
Lionel Messi