ഈ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ ഏറ്റവും കൂടുതൽ പരിഗണന നൽകുന്ന താരങ്ങളിലൊരാളാണ് ലിയോണിന്റെ ഡച്ച് സ്ട്രൈക്കെർ മെംഫിസ് ഡിപേ. എന്നാൽ ലിയോൺ ആവട്ടെ താരത്തെ അങ്ങനെ വിട്ടു തരുന്ന ലക്ഷണങ്ങളൊന്നുമില്ല. എന്നാൽ കൂമാന്റെ ഏറ്റവും പ്രിയപ്പെട്ട താരമെന്ന നിലക്ക് ഡിപേയെ ബാഴ്സ സ്വന്തമാക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു നീക്കമാണ് ബാഴ്സ നടത്തുന്നത്.
പണത്തിന് പുറമെ ഒരു താരത്തെ കൂടി ലിയോണിന് ഓഫർ ചെയ്യാനുള്ള ഒരുക്കത്തിലാണ് ബാഴ്സ. ബാഴ്സയുടെ ബ്രസീലിയൻ താരം എമേഴ്സണെയാണ് ലിയോണിന് ബാഴ്സ വാഗ്ദാനം ചെയ്യുക എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ റയൽ ബെറ്റിസിൽ ലോണിൽ കളിച്ചിരുന്ന താരമാണ് ഫുൾ ബാക്ക് ആയ എമേഴ്സൺ. ഇരുപത്തിയൊന്നുകാരനായ താരത്തെ ആറു മില്യൺ യൂറോക്കായിരുന്നു ബാഴ്സ റാഞ്ചിയത്. എന്നാൽ ഇപ്പോൾ താരത്തിന് ഒമ്പതു മില്യൺ യുറോ വിലമതിക്കുമെന്നാണ് ബാഴ്സ പറയുന്നത്.
ഈ കഴിഞ്ഞ സീസണിൽ റയൽ ബെറ്റിസിന് വേണ്ടി 33 ലീഗ് മത്സരങ്ങൾ കളിച്ച താരമാണ് എമേഴ്സൺ. തീർച്ചയായും മികച്ച പ്രകടനം തന്നെയാണ് ഈ ബ്രസീലിയൻ താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ മുപ്പത് മില്യൺ യുറോയാണ് ഡിപേക്ക് വേണ്ടി ലിയോൺ ആവിശ്യപ്പെടുന്നത്. എന്നാൽ ഇതുനൽകാൻ ബാഴ്സക്ക് ബുദ്ദിമുട്ടുണ്ട്. ഇരുപത് മില്യണിന് താഴെയുള്ള ഒരു തുകയും കൂടെ എമേഴ്സണെയും തരാമെന്നാണ് ബാഴ്സ പറയുന്നത്.
ഡിപേക്ക് ഒരു വർഷം കൂടി മാത്രമേ ലിയോണിൽ കരാർ അവശേഷിക്കുന്നുള്ളൂ. അതിനാൽ തന്നെ താരത്തിന് വേണ്ടി ഇത്രയധികം തുക മുടക്കേണ്ട എന്നാണ് ബാഴ്സയുടെ തീരുമാനം. മറുഭാഗത്ത് ലൗറ്ററോ മാർട്ടിനെസിനായും ബാഴ്സ ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ ലൗറ്ററോയെക്കാൾ കൂമാന് ഇഷ്ടം ഡിപേയാണ്.