ലാ ലീഗയിലെ രണ്ടാം മത്സരത്തിൽ സമനില കുരുക്കിൽ അകപ്പെട്ട് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ അത്ലറ്റിക് ബിൽബാവോയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ബാഴ്സലോണക്ക് മേൽ ആധിപത്യം പുലർത്തുന്ന പ്രകടനവുമായാണ് അത്ലറ്റിക്സമനില നേടിയത്.അത്ലറ്റിക് ബിൽബാവോയുടെ പ്രസിംഗ് ഫുട്ബോളിന് മുന്നിൽ ബാഴ്സലോണ പതറുന്നതാണ് കണ്ടത്. ആദ്യ പകുതിയിൽ പരിക്ക് കാരണം പികെ കളം വിടേണ്ടി വന്നതും ബാഴ്സലോണക്ക് പ്രശ്നമായി. രണ്ടാം പകുതിയിൽ 51ആം മിനുട്ടിൽ ഇനിഗോ മാർട്ടിനെസ് ആണ് അത്ലറ്റിക് ക്ലബിന് ലീഡ് നൽകിയത്. ഒരു കോർണറിൽ നിന്നായിരുന്നു ഇനിഗോയുടെ ഗോൾ. ഈ ഗോളിന് മറുപടി നൽകാനായി സബ്ബൊക്കെ ഇറക്കി കോമാൻ ശ്രമിച്ചു.75ആം മിനുട്ടിൽ ഡിപായ് ബാഴ്സലോണക്ക് സമനില നൽകി. സെർജി റൊബേർടോ ഉയർത്തി നൽകിയ പന്ത് മനോഹരമായി കൈക്കലാക്കി ആയിരുന്നു ഡിപായുടെ ഗോൾ. ഇതിനു ശേഷം വിജയ ഗോളിനായി ബാഴ്സലോണ ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാന നിമിഷം ബാഴ്സലോണ താരം ഗാർസിയക്ക് ചുവപ്പു കാർഡും ലഭിച്ചു.
ഇറ്റാലിയൻ ചാമ്പ്യന്മാരായ ഇന്റർ മിലാന്റെ സീസണ് ഗംഭീര തുടക്കം. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഇന്റർ മിലാൻ ജെനോവയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തോൽപ്പിച്ചു. മത്സരം ആരംഭിച്ച് ആറാം മിനുട്ടിൽ തന്നെ ഇന്റർ മിലാൻ ലീഡ് എടുത്തു. ഡിഫൻഡർ സ്ക്രിനിയർ ആണ് ആദ്യ ഗോൾ നേടിയത്. ഹകന്റെ ആയിരുന്നു അസിസ്റ്റ്.14ആം മിനുട്ടിൽ ഹകൻ ഗോളും നേടി. എഡിൻ ജെക്കോയുടെ പാസിൽ നിന്നായിരുന്നു മുൻ എ സി മിലാൻ താരത്തിന്റെ ഇന്റർ മിലാൻ ജേഴ്സിയിലെ ആദ്യ ഗോൾ. രണ്ടാം പകുതിയിൽ സബ്ബായി എത്തിയ വിഡാലിന്റെ വക ആയിരുന്നു ഇന്ററിന്റെ മൂന്നാം ഗോൾ. 88ആം മിനുട്ടിൽ ജക്കോയും അരങ്ങേറ്റ ഗോൾ നേടിയതോടെ ഇന്റർ മിലാൻ വിജയം ഉറപ്പിച്ചു.
മറ്റൊരു മത്സരത്തിൽ ടൊറീനോയെ നേരിട്ട അറ്റലാന്റ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിന് പരാജയപെട്ടു.ആറാം മിനുട്ടിൽ മുറിയൽ അറ്റ്ലാന്റായെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ അവസാനത്തോട് അടുക്കുമ്പോൾ 79ആം മിനുട്ടിൽ ബെലോട്ടി ടൊറീനോക്ക് സമനില നൽകി.കളി സമനിലയിൽ അവസാനിക്കുകയാണ് എന്ന് തോന്നിച്ച നിമിഷങ്ങളിൽ ആയിരുന്നു പികോളിയിലൂടെ അറ്റലാന്റ വിജയ ഗോൾ കണ്ടെത്തിയത്. സീരി എയിലെ ആദ്യ മത്സരത്തിൽ എമ്പോളിയെ നേരിട്ട ലാസിയോ മികച്ച വിജയം തന്നെ നേടി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ലാസിയോയുടെ ജയം.നാലാം മിനുട്ടിൽ ബാണ്ടിനെല്ലി ആണ് എമ്പോളിക്ക് ലീഡ് നൽകിയത്.നാലാം മിനുട്ടിൽ ബാണ്ടിനെല്ലി ആണ് എമ്പോളിക്ക് ലീഡ് നൽകിയത്.എസ് മിലിൻകോവിക്-സാവിക് (6 ‘), എം ലസാരി (31’), സി ഇമ്മൊബൈൽ (41 ‘പെൻ) എന്നിവർ ലാസിയോക്കായി ഗോൾ നേടി.