ലയണൽ മെസിയോട് ബാഴ്‌സലോണ ആരാധകർക്കുള്ള സ്നേഹം വിലമതിക്കാൻ കഴിയാത്തതാണ്. നിരവധി വർഷങ്ങൾ തങ്ങളുടെ ടീമിനു വേണ്ടി കളിച്ച് ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കി ഒടുവിൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു അർജന്റീന താരത്തിന് ക്ലബ് വിടേണ്ടി വന്നപ്പോൾ അതിൽ ,മെസിക്കൊപ്പം തന്നെയോ അതിലും വളരെയേറെയോ വേദനിച്ചവരാണ് ബാഴ്‌സലോണ ആരാധകർ.
ലയണൽ മെസി ഈ സീസണിന് ശേഷം പിഎസ്‌ജി വിടുമെന്ന് ഉറപ്പായ സാഹചര്യത്തിൽ താരത്തെ സ്വന്തമാക്കാൻ ക്ലബിനു മേൽ ആരാധകർ നിരന്തരം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ബാഴ്‌സലോണയുടെ മൈതാനത്തു നടക്കുന്ന ഓരോ മത്സരത്തിലും മെസി ചാന്റുകൾ ഉയർത്തിയാണ് ആരാധകർ ക്ലബിനോട് ലയണൽ മെസിയെ സ്വന്തമാക്കാനുള്ള തങ്ങളുടെ ആവശ്യം വെളിപ്പെടുത്തുന്നത്.
അത്ലറ്റികോ മാഡ്രിഡിനെതിരായ കഴിഞ്ഞ ലീഗ് മത്സരത്തിലും ആരാധകർ മെസി ചാന്റുകൾ ഉയർത്തിയിരുന്നു. എന്നത്തേയും പോലെ മത്സരത്തിന്റെ പത്താം മിനുട്ടിലാണ് ക്യാമ്പ് നൂവിൽ മെസിയുടെ പേര് ഉയർന്നത്. ലയണൽ മെസിക്കെതിരെ പിഎസ്‌ജി ആരാധകർ കൂക്കിവിളികൾ നടത്തുമ്പോഴാണ് ബാഴ്‌സയിൽ മെസിക്കു വേണ്ടി ആരവങ്ങൾ ഉയരുന്നത്.
ബാഴ്‌സലോണക്കു മെസിക്ക് തിരിച്ചു കൊണ്ടു വരണമെന്നും താരത്തിന് ക്ലബ്ബിലേക്ക് തിരിച്ചു വരണമെന്നും ആഗ്രഹമുണ്ട്. ആരാധകർ തുടർച്ചയായ മത്സരങ്ങളിൽ തനിക്കായി ശബ്ദമുയർത്തുന്നത് തിരിച്ചു വരാനുള്ള മെസിയുടെ ആഗ്രഹത്തിന് ശക്തി പകരും. എന്നാലതിനു വേണ്ട നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത് ബാഴ്‌സലോണ നേതൃത്വം തന്നെയാണ്.
Barcelona fans hunting Messi!!! against Atletico Madrid. #messi #laliga #barcelona pic.twitter.com/dsfN64iRYD
— Happiness is Football (@Happinessisfoot) April 24, 2023
നിലവിൽ ബാഴ്‌സലോണ നേതൃത്വം മെസിയെ തിരിച്ചെത്തിക്കാനുള്ള പദ്ധതികൾ സജീവമായി നടത്തുന്നുണ്ട്. സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ഒരു പദ്ധതി ഇതിനായി ലാ ലിഗക്ക് മുന്നിൽ അവർ സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതിനു ലാ ലിഗ അംഗീകാരം നൽകിയാൽ ലയണൽ മെസിയുടെ തിരിച്ചു വരവ് ഒരു യാഥാർഥ്യമായി മാറും.