എഫ്സി ബാഴ്സലോണയുടെ വമ്പൻ തോൽവി പരിശീലകൻ കീക്കെ സെറ്റിയന്റെ തൊപ്പി തെറിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. 8-2 ന്റെ തോൽവിക്ക് പിന്നാലെ ടീമിൽ കടുത്ത മാറ്റങ്ങൾ ഉണ്ടാവുമെന്ന് പ്രസിഡന്റ് ബർതോമ്യു അറിയിച്ചിരുന്നു. തുടർന്ന് പ്രശസ്ത ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സെറ്റിയനെ പുറത്താക്കാൻ ബാഴ്സ തീരുമാനിച്ചു കഴിഞ്ഞു എന്നാണ് അദ്ദേഹം തന്റെ ട്വിറ്ററിലൂടെ അറിയിച്ചത്.
നാളെ അതായത് തിങ്കളാഴ്ച്ച ബാഴ്സ ബോർഡ് ഒരു യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഈ യോഗത്തിലായിരിക്കും സെറ്റിയനെ ഔദ്യോഗികമായി പുറത്താക്കുക. ഇന്നലെ സെറ്റിയനോട് പരിശീലകസ്ഥാനം രാജിവെക്കാൻ ബോർഡ് ആവിശ്യപ്പെട്ടിരുന്നതായി വാർത്തകൾ ഉണ്ട്. എന്നാൽ സെറ്റിയൻ അത് നിരസിക്കുകയും തൽസ്ഥാനത്ത് തന്നെ തുടരുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് സെറ്റിയനെ പുറത്താക്കാൻ തീരുമാനിച്ചത്.
ഇദ്ദേഹത്തിന്റെ പകരക്കാരനായി ബാഴ്സ കണ്ടു വെച്ചിരിക്കുന്നത് നാല് പരിശീലകരെ ആണെന്ന് സ്പാനിഷ് മാധ്യമമായ സ്പോർട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയാണ്. അദ്ദേഹം നിലവിൽ ഫ്രീ ഏജന്റ് ആണ്. തിങ്കളാഴ്ച്ചക്ക് ശേഷം അദ്ദേഹവുമായി ബാഴ്സ അധികൃതർ കൂടികാഴ്ച്ച നടത്തും എന്നാണ് അറിയാൻ കഴിയുന്നത്.
ഇദ്ദേഹത്തെ കൂടാതെ പരിഗണനയിലുള്ള മറ്റൊരു പരിശീലകനാണ് റൊണാൾഡ് കോമാൻ. മുൻ ബാഴ്സ താരമായ ഇദ്ദേഹം നിലയിൽ നെതർലന്റിന്റെ പരിശീലകൻ ആണ്. മറ്റൊരു പരിശീലകൻ മുൻ യുവന്റസ് കോച്ച് ആയിരുന്ന മാസ്സിമിലിയാനോ അല്ലെഗ്രിയാണ്. അദ്ദേഹവും ഇപ്പോൾ ഫ്രീ ഏജന്റ് ആണ്. പരിഗണനയിലുള്ള മറ്റൊരു താരം മുമ്പ് ഫ്രഞ്ച് ഇതിഹാസം തിയറി ഹെൻറിയാണ്. അദ്ദേഹം ഇപ്പോൾ എംഎൽഎസ്സ് ക്ലബ് മോണ്ട്രിയൽ ഇമ്പാക്റ്റിന്റെ പരിശീലകൻ ആണ്.