ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബയേണോട് പരാജയപ്പെട്ടതോടെ ബാഴ്സലോണ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഗ്രൂപ്പ് ഘട്ടം കാണാതെ പുറത്തായി. മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ബാഴ്സലോണ ഇനി യൂറോപ്പ ലീഗിൽ കളിക്കും. ഇന്ന് ഡൈനാമോ കീവിനെ തോൽപ്പിച്ച ബെൻഫിക ബയേണൊപ്പം ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് റൗണ്ടിലേക്കും മുന്നേറി.34ആം മിനുട്ടിൽ ബാഴ്സലോണയുടെ അവസാന പ്രതീക്ഷയും തകർത്ത് ബയേൺ ഗോളെത്തി. ലെവൻഡോസ്കിയുടെ പാസിൽ നിന്ന് മുള്ളർ ആണ് ബയേണ് ലീഡ് നൽകിയത്. മുള്ളറിന്റെ ബാഴ്സക്ക് എതിരായ എട്ടാമത്തെ ഗോളായിരുന്നു ഇത്. താരത്തിന്റെ ചാമ്പ്യൻസ് ലീഗിലെ 50ആം ഗോളും.
43ആം മിനുട്ടിൽ ലെറോസ് സാനെ ബയേണിന്റെ ലീഡ് ഇരട്ടിയാക്കി. പെനാൾട്ടി ബോക്സിനും ഏറെ പുറത്ത് നിന്നായിരുന്നു സാനെയുടെ സ്ട്രൈക്ക്. ബാഴ്സലോണ യൂറോപ്പയിൽ കളിക്കേണ്ടി വരും എന്ന് ആദ്യ പകുതിയിൽ തന്നെ ഈ ഗോളോടെ ഉറപ്പായി.62ആം മിനുട്ടിൽ അൽഫോൺസോ ഡേവിസിന്റെ മുന്നേറ്റത്തിൽ പിറന്ന അവസരം യുവതാരം മുസിയാല വലയിലെത്തിച്ചതോടെ ബയേൺ 3-0ന് മുന്നിലായി. അവസാന നാലു മത്സരങ്ങളിൽ നിന്നായി ബാഴ്സലോണ ബയേണിൽ നിന്ന് 17 ഗോളുകളാണ് വാങ്ങി കൂട്ടിയത്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡൈനാമോ കീവിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി ബെൻഫിക്ക പ്രീ ക്വാർട്ടറിഎൽക്ക് മുന്നേറി.16ആം മിനുട്ടിലാണ് ബെൻഫിക ഡൈനാമോ കീവിനെതിരെ ലീഡ് എടുത്തത്. ഇടതു വിങ്ങിലൂടെ വന്ന അറ്റാക്കിൽ നിന്ന് ഒരു നിയർ പോസ്റ്റ് ഫിനിഷിൽ റോമൻ യറാംചുക് ബെൻഫികയ്ക്ക് ലീഡ് നൽകി. 22ആം മിനുട്ടിൽ ഗിൽബേർടോയുടെ ഫിനിഷ് ആണ് ബെൻഫികയുടെ ലീഡ് ഇരട്ടിയാക്കിയത്.ഈ വിജയത്തോടെ ബയേൺ 18 പോയിന്റുമായി ഗ്രൂപ്പ് ഘട്ടം ഒന്നാമത് അവസാനിപ്പിച്ചു. 8 പോയിന്റുമായി ബെൻഫിക ഗ്രൂപ്പിൽ രണ്ടാമതും ആയി. ബാഴ്സലോണക്ക് 7 പോയിന്റാണ് നേടാൻ ആയത്.
മുൻനിര താരങ്ങളെ സൈഡ് ബെഞ്ചിൽ ഇരുത്തി പരീക്ഷണം നടത്തിയ ചെൽസി കോച്ച് തോമസ് ടുക്കലിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ല. ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിൽ നിലവിലെ യൂറോപ്യൻ ചാമ്പ്യൻമാരായ ചെൽസിയെ റഷ്യൻ ക്ലബ് സെനിത് സെയിന്റ് പീറ്റേഴ്സ്ബർഗ് 3-3ന് സമനിലയിൽ തളച്ചു. എവേ മത്സരത്തിൽ ആതിഥേയരെ ഞെട്ടിച്ച് രണ്ടാം മിനിറ്റിൽ തിമോ വെർണറിലൂടെ ചെൽസി ലീഡ് നേടി.റോഡ്രിഗസ് പാരിസിയുടെ ഗോളിൽ സമനില പിടിച്ച സെനിത് അധികം വൈകാതെ അസ്മൗനിന്റെ ഗോളിലൂടെ മത്സരത്തിൽ ലീഡും നേടി. എന്നാൽ രണ്ടാം പകുതിയിൽ ലുകാകുവിന്റെ ഗോളിൽ ചെൽസി സമനില പിടിക്കുകയായിരുന്നു. വെർണറിന്റെ പാസിൽ നിന്നാണ് ലുകാകു ഗോൾ നേടിയത്. തുടർന്ന് മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ വെർണറിലൂടെ ചെൽസി മത്സരത്തിൽ ലീഡ് നേടിയെങ്കിലും മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഒസ്ടോയോവ് സെനിതിന് സമനില നേടികൊടുക്കുകയായിരുന്നു.
ചെൽസിയെ മറികടന്ന് യുവന്റസ് ഗ്രൂപ്പ് ജേതാക്കൾ. ചാമ്പ്യൻസ് ലീഗിലെ എച്ച് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സ്വീഡിഷ് ക്ലബ് മാൽമോയെ ഇറ്റാലിയൻ വമ്പന്മാർ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്. 18 ആം മിനിറ്റിൽ യുവ സ്ട്രൈക്കർ മൊയ്സെ കീനാണ് യുവന്റസിനായി ലക്ഷ്യം കണ്ടത്. മാൽമോ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഡിബാലയും കീനും നിരവധി നീക്കങ്ങൾ നടത്തിയെങ്കിലും അവയൊന്നും ഗോളായി മാറിയില്ലെന്ന് മാത്രം. 6 മത്സരങ്ങൾ പൂർത്തിയായപ്പോൾ യുവന്റസിന് 15 പോയിന്റും ചെൽസിക്ക് 13 പോയിന്റുമാണ് ലഭിച്ചത്.
ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില.യാങ് ബോയ്സാണ് യുണൈറ്റഡിനെ സസമനിലയിൽ തളച്ചത്.കളിയുടെ ഒമ്പതാം മിനുട്ടിൽ ഗ്രീന്വുഡിന്റെ ഒരു ആക്രൊബാറ്റിക്ക് ഫിനിഷ് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. ലൂക് ഷോയുടെ ക്രോസിൽ നിന്നായിരുന്നു യുവ സ്ട്രൈക്കറിന്റെ ഫിനിഷ്. ഗ്രീൻവുഡിന്റെ ഈ സീസണിലെ അഞ്ചാം ഗോളായിരുന്നു ഇത്. ഈ ഗോളിന് ശേഷം ലീഡ് ഉയർത്താം യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ 42 ആം മിനുട്ടിൽ റിഡർ യങ് ബോയ്സിനെ ഒപ്പമെത്തിച്ചു.ഈ സമനിലയോടെ യുണൈറ്റഡ് 11 പോയുന്റുമായി ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു.കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ഗ്രൂപ്പിലെ മറ്റൊരു മത്സരമായ അറ്റലാന്റയും വില്ലാറിയലും തമ്മിലുള്ള മത്സരം യുവേഫ ഔദ്യോഗികമായി നീട്ടിവെച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ജിയിൽ നിന്ന് ലില്ലെയും സാൽസ്ബർഗും നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഗ്രൂപ്പിലെ അവസാന മത്സരം വിജയിച്ചാണ് ഇരു ക്ലബുകളും പ്രീക്വാർട്ടർ ഉറപ്പിച്ചത്. ലില്ലെ വോൾവ്സ്ബർഗിനെ ആണ് തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം.ഒരു ഗോളും ഒരു അസിസ്റ്റുമായി ആഞ്ചലോ ഗോമസ് ഇന്ന് ലില്ലെയുടെ താരമായി. ഡേവിഡ്, യിൽമാസ് എന്നിവരാണ് ഫ്രഞ്ച് ചാമ്പ്യന്മാരുടെ ഇന്നത്തെ മറ്റു ഗോൾ സ്കോറേഴ്സ്. ലില്ലെ ഈ ജയത്തോടെ 11 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.സാൽസ്ബർഗ് ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് സെവിയ്യയെ ആണ് തോൽപ്പിച്ചത്. കരീം അദെയെമിയുടെ പാസിൽ നിന്ന് ഒകാഫോർ ആണ് സാൽസ്ബർഗിന്റെ വിജയ ഗോൾ നേടിയത്. ഈ ജയത്തോടെ അവർ 10 പോയിന്റുമായി രണ്ടാമതും ഫിനിഷ് ചെയ്തു. മൂന്നാമതായ സെവിയ്യ യൂറോപ്പ ലീഗിൽ കളിക്കും.