ഏറെകാലമായി ബാഴ്സ സൈൻ ചെയ്യാൻ ശ്രമിക്കുന്ന ഒരു പൊസിഷനാണ് സെന്റർ സ്ട്രൈക്കർ. സൂപ്പർ താരം ലൂയിസ് സുവാരസ് കൂടി പുറത്തേക്ക് പോവുന്നതോടെ ഒരു താരത്തെ സൈൻ ചെയ്യൽ കൂമാന് നിർബന്ധമാണ്. ലൗറ്ററോ മാർട്ടിനെസ്, മെംഫിസ് ഡീപേ എന്നിവരെ ആയിരുന്നു ബാഴ്സ ടീമിൽ എത്തിക്കാൻ ശ്രമിച്ചിരുന്നത്. എന്നാൽ ഇത് രണ്ടും ഫലം കണ്ടില്ല. ലൗറ്ററോ ഇന്ററിൽ തുടരാൻ തീരുമാനിക്കുകയും ഡീപേയെ ലിയോൺ വിട്ടുനൽകാതിരിക്കുകയുമായിരുന്നു.
ഇതോടെ ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാനുള്ള അവസാനശ്രമങ്ങളാണ് ബാഴ്സ ഇപ്പോൾ നടത്തികൊണ്ടിരിക്കുന്നത്. അവസാനത്തെ പിടിവള്ളിയായി ബാഴ്സ കണക്കാക്കുന്നത് റയൽ സോസിഡാഡിന്റെ ബ്രസീലിയൻ സ്ട്രൈക്കർ വില്യൻ ജോസിനെയാണ്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം പുറത്തു വീട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ബാഴ്സ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് വിഫലമായി പോയ ശ്രമം വീണ്ടും തുടങ്ങാനാണ് ബാഴ്സ ഇപ്പോൾ തുനിയുന്നത്.
ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസിന് ഏറെ താല്പര്യമുള്ള താരമാണ് വില്യൻ ജോസ്. പക്ഷെ താരത്തിന്റെ വിലയും ബാഴ്സയെ അല്പം കുഴപ്പിക്കുന്നത് ആണ്. 64 മില്യൺ പൗണ്ട് ആണ് താരത്തിന്റെ റിലീസ് ക്ലോസ്. എന്നാൽ 28 മില്യൺ പൗണ്ടിനടുത്തു കിട്ടണം എന്നാണ് റയൽ സോസിഡാഡിന്റെ നിലപാട്. അത് ഈ അവസ്ഥയിൽ ബാഴ്സക്ക് അല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. എന്നിരുന്നാലും ബാർസ ശ്രമങ്ങൾ തുടരും.
ഇരുപത്തിയെട്ടുകാരനായ ഈ ബ്രസീലിയൻ താരം 2016-ലാണ് റയൽ സോസിഡാഡിൽ എത്തിയത്. ആകെ സോസിഡാഡിന് വേണ്ടി 149 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. നാലുവർഷത്തെ സ്പെയിൻ കരിയറിൽ താരം 56 ഗോളുകൾ നേടിയിട്ടുണ്ട്. കൂടാതെ 14 അസിസ്റ്റുകളും സ്വന്തം പേരിൽ ആക്കിയിട്ടുണ്ട്. ഏതായാലും അവസാനശ്രമം എന്ന നിലയിൽ വില്യൻ ജോസാണ് ബാഴ്സയുടെ ആശ്രയം.