“അനായാസ ജയവുമായി ചെൽസി ; മികച്ച വിജയത്തോടെ റയൽ മാഡ്രിഡ് ; നിറം മങ്ങിയ ജയവുമായി ബാഴ്സലോണ”

കരബാവോ കപ്പ് ഒന്നാംപാദ സെമിയിൽ ചെൽസിക്ക് തകർപ്പൻ ജയം. സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ചെൽസി ടോട്ടൻഹാമിനെ പരാജയപ്പെടുത്തിയത്.ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ ചെൽസി രണ്ട് ഗോളുകൾക്ക് മുൻപിലായിരുന്നു.ആദ്യപകുതിയുടെ അഞ്ചാം മിനിറ്റിൽ തന്നെ ചെൽസി മുന്നിലെത്തി. സ്പർസ് പ്രതിരോധത്തിലെ പാളിച്ച മുതലാക്കി യുവതാരം കയ് ഹാവെർട്സാണ് ചെൽസിക്ക് ലീഡ് സമ്മാനിച്ചത്. അലോൻസോയുടെ പാസിൽ നിന്നാണ് ഹാവേർട്സ് ഗോൾ നേടിയത് .

34 ആം മിനിറ്റിൽ ടോട്ടൻഹാം താരം ബെൻ ഡേവിസിന്റെ സെൽഫ് ഗോളിൽ ചെൽസി ലീഡ് രണ്ടായി ഉയർത്തി. പോസ്റ്റിന് മുന്നിൽ നിന്ന് പന്ത് ഹെഡ് ചെയ്ത് ക്ലിയർ ചെയ്യാനുള്ള ടൻഗൻഗയുടെ ശ്രമത്തിനിടെ ഡേവിസിന്റെ തലയിൽ തട്ടി ഗോൾ ആകുകയായിരുന്നു. രണ്ടാം പകുതിയിൽ മാറ്റവുമായി ഇറങ്ങിയ സ്പർസ്‌ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ചെൽസിക്ക് മേൽ കടുത്ത വെല്ലുവിളി സൃഷ്ട്ടിക്കാൻ അവർക്കായില്ല. രണ്ടാം പകുതിയിൽ ചെൽസിക്ക് ലഭിച്ച തുറന്ന അവസരങ്ങൾ ഗോളാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞതുമില്ല.വിവാദങ്ങൾ എല്ലാം അവസാനിപ്പിച്ച് തിരിച്ചെത്തിയ സ്ട്രൈക്കർ റൊമേലു ലുക്കാക്കു സ്റ്റാർട്ടിംഗ് ഇലവനിൽ തന്നെ കളിച്ചു. രണ്ടാംപാദ സെമി ടോട്ടൻഹാമിന്റെ സ്റ്റേഡിയത്തിൽ ജനുവരി 12ന് നടക്കും.

കോപ്പ ഡെൽ റേയിൽ സ്പാനിഷ് മൂന്നാം ഡിവിഷൻ ലീഗിൽ കളിക്കുന്ന അൽകൊയാനോ ക്ലബിനെ പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം.എഡർ മിലിറ്റാവോ, മാർക്കോ അസെൻസിയോ, ഇസ്‌കോ എന്നിവരാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.അൽകൊയാനോയുടെ ഏക ഗോൾ ഡാനി വെഗയാണ് സ്‌കോർ ചെയ്തത്. കഴിഞ്ഞ സീസണിൽ കോപ്പ ഡെൽ റേയിൽ റയലിനെ പുറത്താക്കിയ ടീമായിരുന്നു അൽകൊയാനോ.

കോപ്പ ഡെൽ റേയിൽ ബാഴ്സലോണക്ക് ജയം.മൂന്നാം ഡിവിഷൻ ക്ലബായ ലിനാരെസ് ഡിപോർടീവോയ്ക്ക് എതിരെ രണ്ടാം പകുതിയികെ തിരിച്ചുവരവുമായാണ് ബാഴ്സലോണ വിജയിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബാഴ്സയുടെ ജയം.ആദ്യ പകുതിയിൽ സാവിയുടെ ടീമിനെ ശരിക്കും വെള്ളം കുടിപ്പിക്കുന്ന പ്രകടനമാണ് ലിനാറസ്‌ പുറത്തെടുത്തത്. 19 ആം മിനുട്ടിൽ ബാഴ്‌സയെ ഞെട്ടിച്ചു കൊണ്ട് ലിനാരെസ് മുന്നിലെത്തി. രണ്ടാം പകുതിയിൽ പകരക്കാരനായി എത്തിയ ഒസ്മാൻ ഡെമ്പെലെ 63 ആം മിനിറ്റിൽ തകർപ്പൻ ലോങ് റേഞ്ച് ഗോളിലൂടെ ബാഴ്സലോണയെ ഒപ്പമെത്തിച്ചു. അധികം വൈകാതെ യുവതാരം ഫെറാൻ ജുഗ്ല ബാഴ്സയുടെ രണ്ടാം ഗോൾ സ്വന്തമാക്കി.രണ്ടാം പകുതിയിൽ ലിനാറസ്‌ ഒരിക്കൽ കൂടി ബാഴ്സലോണയുടെ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് വിധിക്കുകയായിരുന്നു. ബ്രസീലിയൻ താരം ഡാനി ആൽവസ് ബാഴ്സക്കായി കളിക്കാനിറങ്ങി.

Rate this post