ജോർജിഞ്ഞോ : ❝യൂറോ കപ്പിൽ ഇറ്റലിയുടെ ഹൃദയമിടിപ്പ് ❞

2018 ലെ വേൾഡ് കപ്പിലെ ഫ്ലോപ്പിൽ നിന്ന് യൂറോ 2020 ലെ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ടീമായി മാറിയ ഇറ്റലിയുടെ പുനരുജ്ജീവനത്തിന്റെ മൂലക്കല്ലാണ് ജോർജിഞ്ഞോ. ഇറ്റാലിയൻ മിഡ്ഫീൽഡിലെ ഹൃദയ തുടിപ്പാണ് ഈ ബ്രസീലിയൻ വംശജൻ. ഇത്തവണ ഇറ്റാലിയൻ ടീമിനൊപ്പം മൂന്നു ബ്രസീലിയൻ വംശജരാണുള്ളത്. ചെൽസി മിഡ്ഫീൽഡർ ജോർജിഞ്ഞോ , അറ്റ്ലാന്റ ഡിഫൻഡർ റാഫേൽ ടോലോയ് , ചെൽസിയിൽ ജോർജിഞ്ഞോയുടെ സഹതാരം എമേഴ്സൺ എന്നിവരാണ്. ബ്രസീലിലെ തെക്കൻ പട്ടണമായ ഇംബിതുബയിൽ ജനിച്ച ജോർജിഞ്ഞോ ഇറ്റലിയിലേക്ക് കൂടുമാറുകയായിരുന്നു.”ജോർജിഞ്ഞോക്കൊപ്പം കളിക്കുമ്പോൾ എല്ലാം ലളിതമാണെന്ന് തോന്നുന്നു. ഈ ടീമിന് അദ്ദേഹത്തിന്റെ സേവനം അത്യാവശ്യമാണ്,” മിഡ്‌ഫീൽഡ് പങ്കാളി മാർക്കോ വെരാട്ടി പറഞ്ഞു.ജോർ‌ജിൻ‌ഹോയും വെരാട്ടിയും രണ്ട് പ്രതിഭാസങ്ങളാണ് ഇറ്റാലിയൻ മിഡ്ഫീൽഡിലെ മൂന്നാമനായ ഇന്റർ‌ മിലാൻ‌ മിഡ്‌ഫീൽ‌ഡർ‌ നിക്കോളോ ബറേല അഭിപ്രായപ്പെട്ടു. താൻ കളിച്ചതിൽ വെച്ച് ഏറ്റവും നല്ല മിഡ്‌ഫീൽഡാണ് ഇതെന്നും ഇറ്റാലിയൻ യുവ താരം അഭിപ്രായപ്പെട്ടു.

സെമിയിൽ മൂന്ന് തവണ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെതിരെ ഇറ്റലിക്ക് കടുത്ത പോരാട്ടം തന്നെ നേരിടേണ്ടി വരും. പരാജയങ്ങളില്ലാത്ത തുടർച്ചയായ 33 ആം ജയമാണ് ഇറ്റലി ലക്ഷ്യമിടുന്നത്. 1968 നു ശേഷം വീണ്ടും യൂറോ കിരീടം ഉയർത്തുക എന്ന വലിയ ലക്ഷ്യം കൂടി ഇറ്റാലിയൻ ടീമിനുണ്ട്. ഇറ്റലിയിലെ യൂറോ 2020 റണ്ണിന് പിന്നിലെ മറ്റൊരു പ്രധാന താരമായ ലെഫ്റ്റ് ബാക്ക് ലിയോനാർഡോ സ്പിനാസോള ബെൽജിയത്തിനെതിരായ മത്സരത്തിൽ തന്റെ അക്കില്ലസ് ടെൻഡോൺ പരികേട്ടതിനാൽ ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ്. ചെൽസിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയ ടീമിലെ അംഗമായ ബ്രസീലിയൻ വംശജനായ എമേഴ്‌സൺ അദ്ദേഹത്തിന് പകരം ടീമിലെത്തും.ഫ്രാൻസിന്റെ എൻ‌ഗോളോ കാന്റെയുമായുള്ള പങ്കാളിത്തം മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിലേക്ക് ഇംഗ്ലീഷ് ക്ലബ്ബിനെ നയിച്ചത്.സ്റ്റാംഫോർഡ് ബ്രിഡ്ജിലെന്നപോലെ 29 കാരൻ തന്നെയാണ് പിച്ചിലെ അസൂറികളുടെ ഷാഡോ വർക്കർ .

ബ്രസീലിൽ ജോർജിഞ്ഞോയുടെ ജന്മനാട്ടിൽ ഒരു ടൂർണമെന്റിനിടെ 12 വയസുള്ള ഈ ആൺകുട്ടിയെ കണ്ടപ്പോൾ ബ്രസീലിൽ ഫുട്ബോൾ അക്കാദമി നടത്തുകയായിരുന്ന ഹെല്ലസ് വെറോണയുടെ മുൻ കായിക ഡയറക്ടർ മൗറോ ഗിബെല്ലിനിയുടെ ശ്രദ്ധയിൽ പെടുകയും അദ്ദേഹം ജോർജിഞ്ഞോയെ ഇറ്റലിയിലേക്ക് ക്ഷണിച്ചു.കുറച്ച് വർഷങ്ങൾക്ക് ശേഷം ഹെല്ലസ് വെറോണയിലും എത്തിയ ബ്രസീലിയൻ സിരി ബിയിലും സിരി എ യിലും കളിച്ചു. 2014 ൽ നാപോളിയിൽ എത്തിയ ജോർജിഞ്ഞോ പിന്നീട്‌ പ്രീമിയർ ലീഗിൽ ചെൽസിക്കൊപ്പം ചേർന്നു. 2018 ൽ ചെൽസിയിൽ എത്തിയ ജോർജിഞ്ഞോ അവർക്കൊപ്പം യൂറോപ്പ ലീഗും ചാമ്പ്യൻസ് ലീഗും നേടി.

ക്രിയേറ്റീവ് മിഡ്ഫീല്ഡറുടെ റോളിൽ ഇറ്റാലിയൻ ടീമിൽ തിളങ്ങിയ ജോർജിഞ്ഞോ പിച്ചിന്റെ മധ്യത്തിൽ ഇറ്റലിയുടെ ബിൽഡ്-അപ്പ് പ്ലേയിൽ ടീമിന്റെ അവിഭാജ്യ ഘടകമായി മാറി. ജോർജിഞ്ഞോയുടെ ബുദ്ധിയും ,ഊർജ്ജവും , വിഷനും എല്ലാം ഇറ്റലിയെ ഒരു ടീമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്.തന്ത്രപരമായി നോക്കുകയാണെങ്കിൽ മാൻസിനിയുടെ കീഴിൽ ഇറ്റലി ആസ്വദിച്ച വിജയത്തിന്റെ പിന്നിലെ മൂലക്കല്ലാണ് ഈ 29 കാരൻ എന്ന് മനസ്സിലാവാൻ സാധിക്കും .സാങ്കേതികത, വർക്ക് റേറ്റ് ,പന്ത് കൈവശം വയ്ക്കാനുള്ള കഴിവ്,കൃത്യത ,പാസിംഗ് എന്നിവയെല്ലാം താരത്തെ മിഡ്ഫീൽഡിലെ ഏത് പൊസിഷനിലും കളിക്കാൻ പ്രാപ്തരാക്കുന്നു .ബോക്സ്-ടു-ബോക്സ് മിഡ്ഫീല്ഡറുടെ റോളിലോ ഒരു ഡിഫെൻസിവ് മിഡ്ഫീല്ഡറുടെ റോളിലോ കളിക്കാൻ ജോർജിഞ്ഞോക്ക് സാധിക്കും.എന്നാൽ ജോർജിഞ്ഞോയുടെ ഏറ്റവും മികച്ച പ്രകടനം പലപ്പോഴും വന്നിരിക്കുന്നത് ഡീപ് ലയിങ് പ്ലെ മേക്കറുടെ റോളിലാണ്. ഇറ്റാലിയൻ ഫുട്ബോൾ പദപ്രയോഗത്തിൽ രജിസ്റ്റ റോൾ എന്നാണ് ഈ സ്ഥാനം അറിയപ്പെടുന്നത്.

Rate this post