ലാലിഗ വമ്പൻമാരായ എഫ്‌സി ബാഴ്‌സലോണ സെവിയ്യയിൽ നിന്ന് ഫ്രഞ്ച് ഇന്റർനാഷണൽ ഡിഫൻഡർ ജൂൾസ് കൗണ്ടെയെ സൈൻ ചെയ്യാൻ തത്വത്തിൽ ധാരണയിലെത്തി.ഫ്രഞ്ച് താരത്തിന്റെ ട്രാൻസ്ഫർ രണ്ട് ക്ലബ്ബുകളും ജൂലൈ 28 വ്യാഴാഴ്ച സ്ഥിരീകരിച്ചു.
ഇടപാടിന്റെ സാമ്പത്തിക വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 23 വയസ്സുള്ള സെന്റർ ബാക്കിനായി ബാഴ്‌സലോണ 55 ദശലക്ഷം യൂറോ നൽകുമെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പ്രീമിയർ ലീഗ് ക്ലബ്ബും 2021 സീസണിലെ ചാമ്പ്യൻസ് ലീഗ് ജേതാവുമായ ചെൽസി കഴിഞ്ഞ വർഷത്തെ ട്രാൻസ്ഫർ വിൻഡോയിൽ കൗണ്ടെക്കായി നിരവധി ബിഡ്ഡുകൾ നൽകിയിരുന്നു.ബ്രിട്ടീഷ് മാധ്യമങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം താരം പ്രീമിയർ ലീഗിൽ ചേരാൻ അടുത്തിരുന്നു.ഈ മാസമാദ്യം ലീഡ്‌സ് യുണൈറ്റഡിൽ നിന്ന് ബ്രസീലിയൻ വിങ്ങർ റാഫിൻഹയെ ചെൽസിയെ പിന്തള്ളി ബാഴ്സലോണ ടീമിലെത്തിച്ചിരുന്നു.
സെവിയ്യയ്‌ക്കൊപ്പം മൂന്നു വര്ഷം ചിലവഴിച്ചതിനു ശേഷമാണ് കൗണ്ടെ കാറ്റലോണിയയിലെത്തുന്നത്. സെവിയ്യക്കായി 100-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2019 ൽ ഫ്രഞ്ച് ക്ലബായ ബോർഡോയിൽ നിന്നാണ് കൊണ്ടേ സെവിയ്യയ്യിൽ എത്തുന്നത്. സ്പാനിഷ് ക്ലബ്ബിനൊപ്പം യൂറോപ്പ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.ചെൽസിയിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ സെന്റർ ബാക്ക് ആൻഡ്രിയാസ് ക്രിസ്റ്റെൻസനെ ഉൾപ്പെടുത്തി ബാഴ്സലോണ ഈ വേനൽക്കാലത്ത് തങ്ങളുടെ ബാക്ക്ലൈൻ ശക്തിപ്പെടുത്തിക്കഴിഞ്ഞു.
The first thoughts from @jkeey4 on his arrival in Barcelona pic.twitter.com/CQTb5ms6L5
— FC Barcelona (@FCBarcelona) July 28, 2022
ബയേൺ മ്യൂണിക്കിൽ നിന്നുള്ള പോളിഷ് ഫോർവേഡ് റോബർട്ട് ലെവൻഡോവ്‌സ്‌കി, ഐവറി കോസ്റ്റ് മിഡ്‌ഫീൽഡർ ഫ്രാങ്ക് കെസ്സി എന്നിവരെയും ക്ലബ് സൈൻ ചെയ്തിട്ടുണ്ട്.ലാലിഗ പരിപാലിക്കുന്ന കർശനമായ ശമ്പള പരിധിയിൽ ബാഴ്‌സലോണ പ്രശ്‌നങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ അവരുടെ വലിയ കളിക്കാരിലൊരാളായ മാർക്ക് ആന്ദ്രെ ടെർ സ്റ്റെഗനെയോ ഫ്രെങ്കി ഡി ജോങ്ങിനെയോ വിൽക്കാൻ അവർ നിർബന്ധിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.