ബാഴ്സലോണയിലേക്കു താൻ ചേക്കേറുമെന്നറിഞ്ഞപ്പോൾ അതിൽ നിന്നും പിന്തിരിപ്പിക്കാൻ റൊണാൾഡോ യാതൊരു വിധ ശ്രമവും നടത്തിയില്ലെന്നും മറിച്ച് തനിക്ക് പിന്തുണയറിയിക്കുകയാണു ചെയ്തതെന്നും മുൻ യുവന്റസ് താരം മിറാലം പ്യാനിച്ച്. ബാഴ്സലോണയുടെ കടുത്ത എതിരാളികളായ റയൽ മാഡ്രിഡിനു വേണ്ടി ഒൻപതു വർഷം കളിച്ചിട്ടും താൻ ട്രാൻസ്ഫറിനെക്കുറിച്ച് നിർദ്ദേശങ്ങൾ ചോദിച്ചപ്പോൾ റൊണാൾഡോ മികച്ച അഭിപ്രായമാണ് സ്പെയിനെക്കുറിച്ചും കറ്റലൻ ക്ലബിനെക്കുറിച്ചും പറഞ്ഞതെന്ന് പ്യാനിച്ച് വ്യക്തമാക്കി.
“ട്രാൻസ്ഫർ നീക്കങ്ങൾ ഉറപ്പിച്ചപ്പോൾ എന്നെയോർത്ത് വളരെ സന്തോഷമുണ്ടെന്നും സ്പെയിനിലെ മത്സരങ്ങൾ മികച്ചതായതു കൊണ്ട് ഞാൻ സന്തുഷ്ടനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞാൻ യുവന്റസ് വിടുന്നതിൽ റൊണാൾഡോക്കു നിരാശയുണ്ടായിരുന്നു. എന്നാൽ ബാഴ്സലോണയെപ്പോലൊരു മികച്ച ക്ലബിൽ നിന്ന് ഒരുപാട് സന്തോഷവും വിനോദവും അനുഭവിക്കാനാകുമെന്നും അദ്ദേഹം എന്നോടു പറഞ്ഞു.”
“റൊണാൾഡോ യുവന്റസിനൊപ്പം മികച്ച പ്രൊഫഷണലായിരുന്നു. മറ്റുള്ളവർക്ക് മാതൃകയാക്കാൻ നിരവധി കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹം ഡ്രസിംഗ് റൂമിന് അവിഭാജ്യ ഘടകമാണ്.” സ്പാനിഷ് മാധ്യമം മുണ്ടോ ഡിപോർടീവോയോടു സംസാരിക്കുമ്പോൾ പ്യാനിച്ച് പറഞ്ഞു.
യുവന്റസിനൊപ്പം നാലു ലാലിഗ കിരീടങ്ങൾ നേടിയ ബോസ്നിയൻ താരം ഇതു വരെയും ബാഴ്സലോണ ജേഴ്സിയിൽ കളിക്കാനിറങ്ങിയിട്ടില്ല. കൊവിഡ് രോഗം സ്ഥിരീകരിച്ച താരം കളിക്കളത്തിലേക്കു മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതോടെ ദേശീയ ടീം സഹതാരങ്ങളെന്ന തരത്തിലല്ലാതെ മെസിക്കും റൊണാൾഡോക്കുമൊപ്പം കളിച്ച ചുരുക്കം താരങ്ങളിലൊരാളായി പ്യാനിച്ച് മാറും.