നാപോളിയെ നേരിടാനൊരുങ്ങുന്ന ബാഴ്സക്ക് വലിയ ആശ്വാസമായി ഈ റെക്കോർഡ്.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്ന് ബാഴ്സലോണക്ക് വളരെ നിർണായകമായ മത്സരമാണ്. ആദ്യപാദത്തിൽ നാപോളിയുടെ വേദിയിൽ വെച്ച് നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ ഇരുടീമുകൾക്കും ഒരുപോലെ നിർണായകമാണ്. നാപോളിയുടെ മൈതാനത്ത് നേടിയ ഒരു എവേ ഗോളിന്റെ ആനുകൂല്യം ബാഴ്സക്ക് മുൻതൂക്കം നൽകുന്നുണ്ടെങ്കിലും അതൊന്നും ബാഴ്സക്ക് നാപോളിയെ എഴുതിതള്ളാവുന്നതിനുള്ള കാരണങ്ങൾ അല്ല. എന്നാൽ ചാമ്പ്യൻസ് ലീഗിലെ കുറച്ചു കടലാസിലെ കണക്കുകൾ ബാഴ്സക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ്.

2012/13 ചാമ്പ്യൻസ് ലീഗ് സീസണിന് ശേഷം ഇത് വരെ തങ്ങളുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സലോണ പരാജയപ്പെട്ടിട്ടില്ല എന്നതാണ് ബാഴ്സക്ക് ഏറെ ആശ്വാസം നൽകുന്ന റെക്കോർഡ്. കൃത്യമായി പറഞ്ഞാൽ 2013 മെയ് ഒന്നിന് ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ ബയേൺ മ്യൂണിക്കിനോടാണ് ബാഴ്സലോണ അവസാനമായി ചാമ്പ്യൻസ് ലീഗ് ഹോം മത്സരത്തിൽ പരാജയം അറിഞ്ഞത്. അതിന് ശേഷം 35 ചാമ്പ്യൻസ് ലീഗ് ഹോം മത്സരങ്ങൾ ബാഴ്സ കളിച്ചു. അതിൽ ഒന്നിൽ പോലും ബാഴ്സയെ തോൽപ്പിക്കാൻ എതിരാളികൾക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ 31 മത്സരത്തിലും ബാഴ്സ വിജയക്കൊടി പാറിപ്പിച്ചപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.

എന്നാൽ നിലവിൽ സ്ഥിതിഗതികൾ അല്പം വ്യത്യസ്ഥമാണ്. കൊറോണ പ്രശ്നം മൂലം ക്യാമ്പ് നൗവിൽ ആരാധകർ ഇല്ല. മാത്രമല്ല ലാലിഗയിൽ ഒസാസുനയോട് ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സ പരാജയം അറിഞ്ഞിരുന്നു. പത്ത് പേരായി ചുരുങ്ങിയ ഒസാസുനയോട് 2-1 നാണ് ബാഴ്സ തോറ്റത്. ഈ ലീഗിലെ ബാഴ്സയുടെ ആദ്യത്തെ ഹോം തോൽവി ആയിരുന്നു അത്. അതിനാൽ തന്നെ കണക്കുകൾ വലിയൊരു ആശ്വാസം ബാഴ്സക്ക് നൽകുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ ബാഴ്സ കനത്ത ജാഗ്രത പുലർത്തണമെന്നുറപ്പാണ്.