സാറി പുറത്തേക്ക്? പകരം യുവന്റസ് പരിഗണിക്കുന്നത് സൂപ്പർ പരിശീലകനെ !

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടിയെങ്കിലും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്തായത് സാറിയുടെ ഭാവിയെ തുലാസിലാക്കിയതായി റിപ്പോർട്ട്‌. താരത്തെ പുറത്താക്കാനുള്ള ആലോചനയിലാണ് ഇറ്റാലിയൻ ക്ലബ്‌ അധികൃതർ എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ഇറ്റാലിയൻ മാധ്യമമായ സ്പോർട്ട് ഇറ്റാലിയയാണ് ഈ വാർത്ത ആരാധകരിലേക്ക് എത്തിച്ചിരിക്കുന്നത്. സിരി എയിലെയും ചാമ്പ്യൻസ് ലീഗിലെയും മോശം പ്രകടനമാണ് സാറിക്ക് വിനയാവുന്നത് എന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായ ഒൻപതാമത്തെ തവണയും സിരി എ കിരീടം യുവന്റസിന് നേടിക്കൊടുക്കാൻ സാറിക്ക് കഴിഞ്ഞിരുന്നു.സാറിയുടെ യുവന്റസിലെ ആദ്യത്തേതും. എന്നാൽ കേവലം ഒരു പോയിന്റിന് മാത്രമാണ് ഇത്തവണ യുവന്റസ് കിരീടം സ്വന്തമാക്കിയത്. ലീഗിലെ അവസാനരണ്ട് മത്സരങ്ങളിലും ദയനീയ പ്രകടനമായിരുന്നു യുവന്റസിന്റെ ഭാഗത്ത് നിന്നുണ്ടായത്. കൂടാതെ ഇറ്റാലിയൻ സൂപ്പർ കപ്പ്, കോപ ഇറ്റാലിയ എന്നീ രണ്ട് കിരീടങ്ങളും യുവന്റസിന് കൈവിട്ടു പോയി. ഇങ്ങനെ ആകെ കൂട്ടിവായിക്കുമ്പോൾ യുവന്റസിന് തൃപ്തി നൽകാത്ത ഒരു പ്രകടനമാണ് സാറിക്ക് കീഴിൽ നടന്നത്. ഇതിനാൽ തന്നെ അദ്ദേഹത്തെ പുറത്താക്കാനുള്ള ആലോചനകൾ തകൃതിയാണ്.

പകരം യുവന്റസ് പരിഗണിക്കുന്നത് മുൻ ടോട്ടൻഹാം പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയെയാണ്. കഴിഞ്ഞ വർഷം ടോട്ടൻഹാമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച പരിശീലകൻ ആണ് അദ്ദേഹം. അദ്ദേഹവുമായി യുവന്റസ് അധികൃതർ ഇക്കാര്യവുമായി ബന്ധപ്പെട്ട് സംസാരിച്ചു എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഫ്രീ ഏജന്റ് ആയ പോച്ചെട്ടിനോ മുൻപൊരിക്കൽ യുവന്റസിനെ പരിശീലിപ്പിക്കുന്നത് തന്റെ സ്വപ്നമാണ് എന്നറിയിച്ചിരുന്നു. എന്നാൽ താരം യുവന്റസിനെ പരിശീലകസ്ഥാനം ഏറ്റെടുക്കുമോ എന്നത് അവ്യക്തമാണ്.

അതേ സമയം ലാസിയോ പരിശീലകൻ സിമോൺ ഇൻസാഗിയെ തുടക്കത്തിൽ യുവന്റസ് പരിശീലകസ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സ്കൈ സ്പോർട്സ് ഇറ്റാലിയ, ലാ ഗസറ്റ ഡെല്ലോ സ്പോർട്ട് എന്നീ മാധ്യമങ്ങൾ ആയിരുന്നു ഇക്കാര്യം പുറത്ത് വിട്ടിരുന്നത്. എന്നാൽ ലാസിയോ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയതോടെ ആ പ്രതീക്ഷകൾ അസ്തമിക്കുകയായിരുന്നു.

Rate this post