ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം പരാജയവുമായി ബാഴ്സലോണ. ഇന്നലെ സാൻസിറോയിൽ നടന്ന മത്സരത്തിൽ ഇന്റർ മിലാൻ ഒരു ഗോളിനാണ് ബാഴ്സയെ പരാജയപെടുത്തിയത്. തോൽവിയോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനുള്ള സാധ്യതയാണ് കാണാൻ സാധിക്കുന്നത്.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ടർക്കിഷ് മിഡ്ഫീൽഡർ ഹകൻ കാൽഹാനോഗ്ലു നേടിയ ഗോളിനായിരുന്നു ഇന്ററിന്റെ ജയം.
ഹോം വിജയത്തോടെ ഇന്റർ ഗ്രൂപ്പ് സിയിൽ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.അടുത്തയാഴ്ച ക്യാമ്പ് നൗവിൽ ഇന്ററും ബാഴ്സയും ഏറ്റുമുട്ടും.മുമ്പത്തെ ആറ് മത്സരങ്ങളിൽ നാലെണ്ണം തോറ്റാണ് ഇന്റർ മത്സരത്തിനിറങ്ങിയത്, സീരി എയിൽ ഒമ്പതാം സ്ഥാനത്താണ് അവർ.തുടർച്ചയായ ആറ് ലാലിഗ മത്സരങ്ങളിൽ സ്കോർ ചെയ്തെത്തിയ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കിക്ക് സാൻ സിറോയിൽ ഒരു മതിപ്പും ഉണ്ടാക്കാൻ സാധിച്ചില്ല.ലക്ഷ്യത്തിലേക്ക് ഷോട്ടുകളൊന്നുമില്ലാതെ പോളിഷ് സ്ട്രൈക്കർ മത്സരം അവസാനിപ്പിച്ചു.കഴിഞ്ഞ അഞ്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നാലിലും ഗോൾ നേടാൻ ബാഴ്സലോണ പരാജയപ്പെട്ടു.
വിക്ടോറിയ പ്ലസനെ 5-0 ന് തകർത്ത് ഗ്രൂപ്പ് സിയിൽ ഒന്നാം സ്ഥാനത്ത് തുടരാനും ഗ്രൂപ്പ് മത്സരങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ അപരാജിത റണ്ണെന്ന റെക്കോർഡ് സ്ഥാപിക്കാനും ബയേൺ മ്യൂണിക്കിന് സാധിച്ചു.റയൽ മാഡ്രിഡ് സ്ഥാപിച്ച മാർക്ക് മറികടന്ന് മ്യൂണിക്ക് ഇപ്പോൾ മത്സരത്തിൽ തോൽവിയില്ലാതെ 31 ഗ്രൂപ്പ് മത്സരങ്ങൾ കഴിഞ്ഞു.ഏഴാം മിനിറ്റിൽ ലെറോയ് സാനെയും അഞ്ച് മിനിറ്റിനുശേഷം സെർജ് ഗ്നാബ്രിയും 21-ാം മിനിറ്റിൽ സാദിയോ മാനെയും നേടിയ ഗോളുകൾ ആദ്യ പകുതിയിൽ ബയേണിന് വ്യക്തമായ ലീഡ് നൽകി50 ആം മിനുട്ടിൽ സാനെ നാലാമത്തെ ഗോൾ നേടി. 59 ആം മിനുട്ടിൽ എറിക് മാക്സിം ചൗപോ-മോട്ടിംഗ് ബയേണിന്റെ അഞ്ചാം ഗോൾ നേടി. വിജയം മൂന്ന് ഗെയിമുകളിൽ നിന്ന് ഒമ്പത് പോയിന്റുമായി ബയേണിനെ ഗ്രൂപ്പിൽ ഒന്നാമതെത്തിച്ചു.
ഗ്രൂപ്പ് എയിൽ നടന്ന മത്സരത്തിൽ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് റേഞ്ചേഴ്സിനെ പരാജയപ്പെടുത്തി. വിജയത്തോടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും സാധിച്ചു.ട്രെന്റ് അലക്സാണ്ടർ-അർനോൾഡിന്റെ ആദ്യ പകുതിയിലെ മികച്ച ഫ്രീകിക്കിനും രണ്ടാം പകുതിയിൽ മുഹമ്മദ് സലായുടെ പെനാൽറ്റിക്കും നന്ദി പറഞ്ഞാണ് ലിവർപൂൾ വിജയം നേടിയത്.മത്സരം തുടങ്ങി ഏഴ് മിനിറ്റിനുള്ളിൽ ഫ്രീകിക്കിൽ നിന്നും ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയപ്പോൾ തന്റെ സമീപകാല വിമർശകർക്ക് അലക്സാണ്ടർ-അർനോൾഡ് ഉത്തരം നൽകി. ന്യൂനസിന് ആദ്യ പകുതിയിൽ ഹാട്രിക് നേടാൻ സാധിക്കുമായിരുന്നു. എന്നാൽ ഉറുഗ്വെയുടെ സ്ട്രൈക്കറുടെ തുടർച്ചയായി നാല് ശ്രമങ്ങൾ സ്കോട്ടിഷ് കീപ്പർ മക്ഗ്രിഗർ രക്ഷപെടുത്തി.53-ാം മിനിറ്റിൽ ഡയസിനെ ബോക്സിൽ വീഴ്ത്തിയതിന് ശേഷം പെനാൽറ്റിയിലൂടെ സലാ രണ്ടാം ഗോളും നേടി.ചാമ്പ്യൻസ് ലീഗിലെ മൂന്ന് മത്സരങ്ങളിലും തോറ്റ റേഞ്ചേഴ്സ് പുറത്തേക്കുള്ള വഴിയിലാണ്.
ഗ്രൂപ്പിലെ മുട്ടൊരു മത്സരത്തിൽ അയാക്സിനെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് നാപോളി തകർത്തു.ജിയാക്കോമോ റാസ്പഡോറി നാപോളിക്കായി രണ്ടു തവണ സ്കോർ ചെയ്തു.ക്യാപ്റ്റൻ ജിയോവാനി ഡി ലോറെൻസോ, പിയോട്ടർ സീലിൻസ്കി, ഖ്വിച ക്വാററ്റ്സ്കെലിയ, പകരക്കാരനായ ജിയോവാനി സിമിയോണി എന്നിവർ മറ്റ് ഗോളുകൾ നേടി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമായിരുന്നു അയാക്സിന്റെ തോൽവി.10 മിനിറ്റിനുള്ളിൽ മുഹമ്മദ് കുഡൂസ് അയാക്സിന് ലീഡ് നൽകിയിരുന്നു . 73 ആം മിനുട്ടിൽ അയാക്സ് താരം ദുസാൻ ടാഡിക് ചുവപ്പ് കാർഡ് കണ്ട പുറത്ത് പോവുകയും ചെയ്തു. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു പോയിന്റുമായി അയാക്സ് ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ്.
അത്ലറ്റിക്കോ മാഡ്രിഡിനെ ചൊവ്വാഴ്ച സ്വന്തം തട്ടകത്തിൽ 2-0 ന് ബെൽജിയൻ ക്ലബ്ബ് ബ്രൂഗ്ഗ്. ഫോർവേഡുകളായ കമൽ സോവയുടെയും ഫെറാൻ ജുട്ട്ഗ്ലയുടെയും ഗോളുകൾക്കായിരുന്നു ബെൽജിയൻ ക്ലബ്ബിന്റെ ജയം.കാമ്പെയ്നിൽ ഇതുവരെ ഒരു ഗോൾ വഴങ്ങാത്ത ബ്രൂഗ് ഒമ്പത് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ പോർട്ടോ രണ്ടു ഗോളുകൾക്ക് ബയേർ ലെവർകൂസനെ കീഴടക്കി.സെയ്ദു സനുസി (69′) വാൻഡേഴ്സൺ ഗലേനോ (86′) എന്നിവരാണ് പോർട്ടോയുടെ ഗോളുകൾ നേടിയത്.
ഗ്രൂപ്പ് ഡിയിൽ ടോട്ടൻഹാം ഹോട്സ്പർ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനോട് ഗോ ൽരഹിത സമനില വഴങ്ങി.ടോട്ടൻഹാം ഹോട്സ്പർ നിരവധി അവസരങ്ങൾ പാഴാക്കുകയും 80 മിനിറ്റിലധികം ഷോട്ട് നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തു.ശനിയാഴ്ച പ്രീമിയർ ലീഗിൽ ലണ്ടൻ എതിരാളികളായ ആഴ്സണലിനോട് 3-1 ന് തോറ്റ സ്പർസിന് ഹാരി കെയ്ൻ, സൺ ഹ്യൂങ്-മിൻ, ഇവാൻ പെരിസിച്ച് എന്നിവരിലൂടെ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു.യൂറോപ്പ ലീഗ് ജേതാക്കളായ ഐൻട്രാക്റ്റും സ്പർസും മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.അടുത്ത ബുധനാഴ്ച ലണ്ടനിൽ ടോട്ടൻഹാമും ഫ്രാങ്ക്ഫർട്ടും വീണ്ടും ഏറ്റുമുട്ടും. മറ്റൊരു മത്സരത്തിൽ മാഴ്സെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സ്പോർട്ടിങ്ങിനെ കീഴടക്കി.അലക്സിസ് സാഞ്ചസ് (13′)അമിൻ ഹാരിത് (16′)ലിയനാർഡോ ബലേർഡി (28′)ചാൻസൽ എംബെംബ (84′) എന്നിവർ മാഴ്സെയുടെ ഗോളുകൾ നേടി.