‘ആദ്യം അച്ഛനെ ആ സ്ഥാനത്തു നിന്നു മാറ്റണം’, ബാഴ്‌സ വിടണമെങ്കിൽ പ്രൊഫഷണൽ ഏജന്റുമാരെ നിയമിക്കണമെന്ന് ക്രെസ്പോ

ബയേണുമായുള്ള നാണംകെട്ട തോൽ‌വിയിൽ നിരാശനായി മെസി ക്ലബ്ബ് വിടണമെന്ന ആവശ്യവുമായി ബാഴ്‌സയെ സമീപിച്ചത് വൻ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ മെസിയുടെ ഏജന്റും പിതാവുമായ ജോർഹെ മെസിയും പ്രസിഡന്റ് ബർതോമ്യുവുമായുള്ള ചർച്ചക്ക് ശേഷം ബാഴ്സയിൽ തന്നെ ഒരു സീസൺ കൂടി കളിക്കുമെന്ന് തീരുമാനത്തിലെത്തുകയായിരുന്നു.

എന്നാൽ മെസിയുടെ ബാഴ്സ വിടണമെന്ന തീരുമാനത്തെ സംബന്ധിച്ചു തന്റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ അർജന്റൈൻ ചെൽസി, എസി മിലാൻ ഇതിഹാസം ഹെർനാൻ ക്രെസ്പോ. മെസിക്ക് ശരിക്കും ബാഴ്‌സ വിടണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിൽ ആദ്യം അച്ഛനെ ഏജന്റ് സ്ഥാനത്തു നിന്നും മാറ്റണമെന്നും വേറെ പ്രൊഫഷണൽ ഏജന്റുമാരെ നിയമിക്കണമെന്നുമാണ് ക്രെസ്‌പോയുടെ പക്ഷം.

“ഒരിക്കലും ഒരച്ഛൻ സംസാരിക്കുന്നതും ഒരു ഏജന്റ് സംസാരിക്കുന്നതും ഒരു പോലാവുന്നില്ല. ഏജന്റ് ഒരിക്കലും ഫാമിലിയുടെ മനോവികാരം കണക്കിലെടുക്കില്ല. ഞാൻ അദ്ദേഹത്തിന്റെ പിതാവിനെ വിലകുറച്ചു കാണുകയല്ല. എന്നാൽ മറ്റുള്ള ഏജന്റുമാർക്കുള്ള പശ്ചാത്തലം ഇദ്ദേഹത്തിനില്ലെന്നുള്ളതാണ്. “

“ഇവിടെ പറയാനുദ്ദേശിക്കുന്നത് ഡയറക്ടർമാർ,കരാറുകൾ,പണം എന്നിവയെക്കുറിച്ചാണ്. ഇവയെല്ലാം ഒറ്റക്ക്  കൈകാര്യം ചെയ്യാനറിയുന്ന ഒരാളെയാണ് ആവശ്യമുള്ളത്.” ക്രെസ്പോ അർജന്റീനിയൻ മാധ്യമമായ ടിവൈസി സ്പോർട്സിനോട് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. ഒരു വർഷം കൂടി ബാഴ്‌സക്ക് വേണ്ടി കളിച്ച ശേഷം ക്ലബ്ബ് വിടാനാണ് മെസി ഉദ്ദേശിക്കുന്നത്. ഈ വർഷാവസാനം മെസി ഫ്രീ ഏജന്റ് ആയി മാറിയേക്കും.

Rate this post