ബയേണുമായുള്ള ദയനീയ തോൽവിക്കു ശേഷം ബാഴ്‌സ പുതിയ പരിശീലകനായി കൂമാനെ നിയമിക്കുകയായിരുന്നു. എന്നാലിപ്പോൾ പുതിയ വയ്യാവേലിയുമായി വലഞ്ഞിരിക്കുകയാണ് ബാഴ്സലോണ. പഴയ പരിശീലകനായ കീക്കെ സെറ്റിയൻ ബാഴ്സലോണ ബോർഡിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ്. പഴയ കരാറുമായി ബന്ധപ്പെട്ട് ഇതുവരെ ഒത്തുതീർപ്പിലെത്താത്തതാണ് സെറ്റിയൻ നിയമനടപടികൾക്കായൊരുങ്ങുന്നത്.
കീക്കെ സെറ്റിയനെ കൂടാതെ മൂന്നു പരിശീലകരും ബാഴ്സലോണക്കെതിരെ പരാതിയുയർത്തിയിട്ടുണ്ട്. അസിസ്റ്റന്റ് കോച്ചായ പാബ്ലോ സാറാബിയ, ജോൺ പാസ്ക്വ, ഫ്രാൻ സോട്ടോ എന്നിവരാണ് ബാഴ്സയ്ക്കെതിരെ നിയമനടപടിക്കെതിരെ ഒരുങ്ങുന്നത്. കീക്കെ സെറ്റിയൻ ട്വിറ്ററിലൂടെയാണ് ഔദ്യോഗികമായി ബർക്കക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണെന്നു പ്രസ്താവനയിറക്കിയത്.
ബാഴ്സയിൽ പുതിയ പരിശീലകനെ നിയമിച്ചുവെന്നു പറഞ്ഞതല്ലാതെ തങ്ങളുമായി നിലവിലുള്ള കരാറിനെപ്പറ്റി യോ ഭാവിതീരുമാനങ്ങളെ പറ്റിയോ ബാഴ്സഔദ്യോഗികമായി ഒരു അറിയിപ്പും തങ്ങൾക്ക് നൽകിയിട്ടില്ലെന്നും അതിനു ശേഷം ഒരു മാസമായി ബാഴ്‌സലോണ ഇക്കാര്യത്തിൽ നിശബ്ദമായിരുന്നുവെന്നും ഇതിനെതിരെ താനും മൂന്നു പരിശീലകരും നിയമനടപടികളുമായി മുന്നോട്ടു പോവുമെന്നാണ് സെറ്റിയന്റെ പ്രസ്താവനയിലെ ഉള്ളടക്കം.
കൂടാതെ കൃത്യം ഒരു മാസത്തിനു ശേഷമാണ് അതായത് ഓഗസ്റ്റ് 17നു പുറത്താക്കിയ ശേഷം കൃത്യം ഒരുമാസത്തിനു ശേഷം സെപ്റ്റംബർ 16നു ആണ് ബാഴ്സ ഔദ്യോഗികമായി എഴുതിത്തയ്യാറാക്കി പുറത്താക്കിയതായി അറിയിക്കുന്നതെന്നും അതിൽ ബാക്കിയുള്ള കരാറുമായി ബന്ധപ്പെട്ടു ഒന്നും അറിയിച്ചിട്ടില്ലെന്നാണ് സെറ്റിയന്റെ ആരോപണം. 2022 വരെയുള്ള കരാർ ഉപേക്ഷിക്കാൻ 4 മില്യൺ യൂറോയാണ് സെറ്റിയൻ ബാഴ്സയോട് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. 29നുള്ള ലാലിഗ മത്സരത്തിന് കൂമാന്റെ സാന്നിധ്യത്തിന് ബാഴ്‌സ ആദ്യം കീക്കെ സെറ്റിയനുമായി oത്തുതീർപ്പിലെത്തേണ്ടിവരും.