ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ ബാഴ്സലോണയെ നേരിടാനൊരുങ്ങുന്ന ബയേൺ മ്യൂണിക്കിനു മുന്നറിയിപ്പു നൽകി ജർമൻ ക്ലബിന്റെ സ്പോർട്ടിങ് ഡയറക്റ്ററായ ഹസൻ സലിഹാമിസിച്ച്. മികച്ച ഫോമിൽ കളിക്കുന്ന, ലഭിക്കുന്ന അവസരങ്ങളെല്ലാം കൃത്യമായി മുതലെടുക്കാനുള്ള കഴിവുള്ള ബാഴ്സലോണയെ തോൽപ്പിക്കാൻ ടീം ഇനിയും മെച്ചപ്പെടേണ്ടതുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ലെവൻഡോസ്കി ബയേൺ മ്യൂണിക്കിലേക്ക് തിരിച്ചു വരുന്നത് മത്സരത്തിൽ യാതൊരു തരത്തിലും സ്വാധീനം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
മുൻ വർഷങ്ങളിൽ ബയേൺ മ്യൂണിക്കിൽ നിന്നും കനത്ത പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള ടീമാണ് ബാഴ്സലോണ. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബാഴ്സലോണ പുറത്തു പോകുമ്പോൾ ബയേണിനെതിരെ നടന്ന രണ്ടു പാദ മത്സരവും മൂന്നു ഗോളുകൾ വീതം വഴങ്ങി തോറ്റിരുന്നു. അതിനു മുൻപ് സെറ്റിയൻ പരിശീലകനായിരിക്കെ ചാമ്പ്യൻസ് ലീഗിൽ രണ്ടിനെതിരെ എട്ടു ഗോളുകളുടെ തോൽവിയും ബാഴ്സ വഴങ്ങിയിട്ടുണ്ട്. എന്നാൽ ആ ജയങ്ങളുടെ മേന്മയിൽ ഇത്തവണ അഭിരമിക്കാൻ കഴിയില്ലെന്നാണ് ഹസൻ പറയുന്നത്.
2 days to go : This Barça should make life a lot tougher for Bayern. https://t.co/mAnxHnc8fw
— Barça Buzz (@Barca_Buzz) September 11, 2022
“ഞങ്ങൾ ഒന്നോ രണ്ടോ മൂന്നോ ഗിയർ മുകളിലേക്ക് പോകണം. ഞങ്ങൾ ഇപ്പോൾ നടത്തുന്ന പ്രകടനത്തെക്കാൾ കൂടുതൽ മികച്ച കളി ബാഴ്സലോണക്കെതിരെ നടത്തണം. ലെവൻഡോസ്കിയടക്കം ബാഴ്സലോണയിൽ നിരവധി ടോപ് ലെവൽ താരങ്ങളുണ്ട്, അവർ എല്ലാ അവസരവും ഉപയോഗപ്പെടുത്തും. ലെവൻഡോസ്കിയുടെ തിരിച്ചു വരവ് മത്സരത്തിന്റെ ശ്രദ്ധ മാറ്റുമെന്നു കരുതുന്നില്ല.” അദ്ദേഹം സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പറഞ്ഞു.
Robert Lewandowski for Barcelona:
— Bayern & Football (@MunichFanpage) September 10, 2022
🏟 6 games
⚽️ 10 goals
🎯 2 assists
Will he score vs Bayern? pic.twitter.com/CXEKEpQHQl
ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയം നേടിയ ബയേൺ മ്യൂണിക്കിനു പക്ഷെ ജർമൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ നിരാശയായിരുന്നു ഫലം. ബയേണും സ്റ്റുട്ട്ഗാർട്ടും തമ്മിൽ നടന്ന മത്സരം രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ അവസാനിച്ചു. അതേസമയം ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ മത്സരത്തിൽ 5-1ന്റെ വിജയം നേടിയ ബാഴ്സലോണ കാഡിസിനെതിരെ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകളുടെ വിജയവും നേടി.
ബാഴ്സലോണയും ബയേണും തമ്മിൽ പോരാട്ടത്തിനായി ഇറങ്ങുമ്പോൾ പോളിഷ് സ്ട്രൈക്കർ റോബർട്ട് ലെവൻഡോസ്കിയിൽ തന്നെയാണ് എല്ലാവരുടെയും കണ്ണുകൾ. ഒരുപാട് സങ്കീർണതകൾക്കൊടുവിൽ ബയേൺ വിട്ട് ബാഴ്സയിൽ എത്തിയ താരം മികച്ച ഫോമിലാണ് ക്ലബിനൊപ്പം കളിച്ചു കൊണ്ടിരിക്കുന്നത്. താരത്തിന്റെ ഗോളടി മികവിൽ ബയേണിനെ മറികടക്കാമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.