അത്ലറ്റികോ മാഡ്രിഡിന്റെ സൂപ്പർ താരമായ സൗൾ നിഗ്വെസ്സിനെ മ്യൂണിക്കിലേക്കെത്തിക്കാനൊരുങ്ങി ബയേർൺ മ്യൂണിക്ക്. താരത്തിനായി ബാഴ്സലോണ,മാഞ്ചസ്റ്റർ സിറ്റി, മാഞ്ചെസ്റ്റർ യുണൈറ്റഡ് എന്നീ ടീമുകളും രംഗത്തുണ്ട്.
കഴിഞ്ഞ സീസൺ മുതൽ താരം അത്ലറ്റികോ വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ഫുട്ബോൾ മാധ്യമങ്ങൾക്കിടയിൽ പറന്നു കളിച്ചിരുന്നു. ഇപ്പോഴിതാ താരം അത്ലറ്റിക്കോയുമായി കരാർ പുതുക്കുന്നതിനെ സംബന്ധിച്ചുള്ള ചർച്ചയിൽ തനിക്ക് ടീം വിടണമെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
ബയേർൺ മ്യൂണിക്ക് അധികൃതർ താരവുമായി ബന്ധപ്പെടുകയും നല്ലൊരു തുക ഓഫർ ചെയ്തതായും പ്രമുഖ മാധ്യമ ഏജൻസിയായ ഡയാരിയോ എ.എസ് റിപ്പോർട്ട് ചെയ്തു.
ലാ ലീഗയിലെ തന്നെ ഏറ്റവും മികച്ച മധ്യനിരക്കാരിൽ ഒരാളായ നിഗ്വെസ്സിന്റെ ഈ സീസൺ അത്ര മികച്ചതല്ല. മാർക്കോസ് ലോറെന്റെയും കൊക്കെയും ഭരിക്കുന്ന അത്ലറ്റിക്കോയുടെ മധ്യനിരയിൽ നിഗ്വെസ്സിന് ഡീഗോ സിമിയോണിയുടെ കീഴിൽ അവസരങ്ങൾ കുറഞ്ഞു വന്നു.
പക്ഷെ താരത്തിന്റെ നിലവിലെ കരാർ 2026 വരെ നീണ്ടു നിൽക്കുന്നതിനാൽ ട്രാൻസ്ഫർ നടക്കുന്നതിൽ അത്ലറ്റികോ മാഡ്രിഡ് നിർണായക പങ്ക് വഹിച്ചേക്കും.
താരത്തിന്റെ വിടുതൽ തുകയായ 150 മില്യൺ യൂറോ മുഴുവനായും ബയേർണിന് അടക്കേണ്ടി വരില്ല, കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അത്ലറ്റികോ താരത്തിനായി 50 മില്യൺ യൂറോയുടെ അടുത്ത് വരുന്ന ഓഫറുകൾ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ്.