ഇജ്ജാതി ക്ലൈമാക്സ് വേറെ എവിടെ കാണും, പോയന്റ്ടേബിളിൽ തുല്യരായ ബയേണും ഡോർട്ട്മുണ്ടും, കിരീടം ചൂടിയത് രാജാവ് തന്നെ..

യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളിൽ ഒന്നായ ബുണ്ടസ്ലിഗയുടെ അവസാന റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്ന് കിക്ക്ഓഫ് കുറിക്കുന്നതിന് മുൻപ് തന്നെ ആരാധകർ വളരെയധികം ആവേശത്തിലായിരുന്നു. ലീഗ് കിരീടത്തിന് വേണ്ടി അവസാന മത്സരം വരെ കാത്തിരിക്കേണ്ടി വന്ന ബുണ്ടസ്ലിഗ ആരാധകരുടെ മനം നിറച്ചാണ് ക്ലൈമാക്സ്‌ ദിവസം കഴിയുന്നത്.

ഒരു വിജയം അകലെ 11 വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടനേട്ടം ആഘോഷിക്കാൻ മഞ്ഞകുപ്പായക്കാരായ ബോറുസിയ ഡോർട്ട്മുണ്ടിന്റെ പ്രശസ്തമായ സിഗ്നൽ ഇഡുന പാർക്കിലേക്ക് ഒഴുകി വന്ന ഡോർട്ട്മുണ്ട് ആരാധകർ അവസാനനിമിഷം വരെ പ്രതീക്ഷകളും പ്രാർത്ഥനകളുമായി നിലകൊണ്ട ശേഷമാണ് തല താഴ്ത്തി മടങ്ങുന്നത്.

ആരും കേറിചെല്ലാൻ ഭയക്കുന്ന സിഗ്നൽ ഇഡുനയിൽ ലീഗ് കിരീടം ഏകദേശം ഉറച്ച മട്ടിലാണ് ബോറുസിയ ഡോർട്ട്മുണ്ട് കളിക്കാനിറങ്ങിയത്. എന്നാൽ ഹോം ടീമിനെ ആദ്യ പകുതിയിൽ തന്നെ അവരുടെ ആരാധകർക്ക് മുന്നിൽ നാണം കെടുത്തി എവേ ടീമായ മൈൻസ് തുടങ്ങി. 15, 24 മിനിറ്റുകളിൽ നേടുന്ന ഗോലുകളിലൂടെ മൈൻസ് ലീഡ് നേടി.

എന്നാൽ ലീഗ് കിരീടം നേടാൻ വേണ്ടി വിജയത്തിന് വേണ്ടി പതിന്മടങ്ങു ആവേശത്തിൽ കളിച്ച ബോറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി ഗരീറോ 69-മിനിറ്റിൽ ആദ്യഗോൾ നേടി. പിന്നീടും ഗോൾ നേടുവാൻ വേണ്ടി പരിശ്രമിച്ച ബോറുസിയ ഡോർട്ട്മുണ്ടിന്റെ സമനില ഗോൾ നികോലാസ് സ്യൂൾ നേടുമ്പോഴേക്കും മത്സരത്തിൽ ബാക്കി പൊരുതാനുള്ള സമയം തീർന്നുപോയിരുന്നു. മത്സരത്തിൽ 2-2 സമനിലയാണ് ലഭിച്ചത്.

എന്നാൽ അതേസമയം തന്നെ മറുവശത്തു തുടർച്ചയായ 11-കിരീടം ലക്ഷ്യമാക്കി കളിക്കാനിറങ്ങിയ ബയേൺ മ്യൂനിക് 90-മിനിറ്റിൽ ജമാൽ മ്യൂസിയാല നേടുന്ന വിജയഗോളിൽ 2-1 ന് വിജയിച്ചു. ലീഗ് മത്സരങ്ങൾ പൂർത്തിയായ ബുണ്ടസ്ലിഗയുടെ പോയന്റ് പട്ടികയിലേക്ക് നോക്കുമ്പോൾ തുല്യ പോയന്റുമായി ബയേൺ, ബോറുസിയ എന്നിവർ മുന്നിൽ നില്കുന്നു.

അവസാന ദിവസം ഒരു വിജയം അകലെ ലീഗ് കിരീടം കാത്തിരുന്ന ബോറുസിയ ഡോർട്ട്മുണ്ടിനെ അക്ഷരാർത്ഥത്തിൽ നിശബ്ദരാക്കി അവസാനമത്സരവിജയം നേടിയ ബയേൺ മ്യൂനിക് ഗോൾവിത്യാസത്തിന്റെ ബലത്തിൽ ലീഗ് കിരീടം ചൂടി. 71 പോയന്റുമായി ഇരുടീമുകളും ഒന്നാം സ്ഥാനത്തു വന്നപ്പോൾ ഗോൾവിത്യാസത്തിന്റെ മികവിലാണ് ബയേൺ തങ്ങളുടെ 32-മത് ബുണ്ടസ്ലിഗ കിരീടം ചൂടിയത്. അതേസമയം 2012-ന് ശേഷമുള്ള ആദ്യ ലീഗ് കിരീടം നഷ്ടമായ ബോറുസിയ ഡോർട്ട്മുണ്ടിന് ക്ലബ്ബിന്റെ ചരിത്രത്തിലെ ഒമ്പതാം ലീഗ് കിരീടം കൂടിയാണ് കയ്യെത്തും ദൂരത്തു നഷ്‍ടമായത്.

Rate this post