ഇന്റർനാഷണൽ ബ്രേക്കിനിടയിൽ ഞെട്ടിച്ച് ബയേൺ മ്യൂണിക്ക്, പരിശീലകൻ നാഗേൽസ്‌മാനെ പുറത്താക്കി

ഇന്റർനാഷണൽ ബ്രേക്കിന്റെ ആരവങ്ങൾ നടന്നുകൊണ്ടിരിക്കെ ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക്. ക്ലബിന്റെ പരിശീലകനായ ജൂലിയൻ നാഗേൽസ്‌മാനെ കഴിഞ്ഞ ദിവസം യാതൊരു സൂചനകളും തരാതെയാണ് അവർ പുറത്താക്കിയത്. സ്ഥിരീകരിച്ച ഇക്കാര്യം ക്ലബ് ഇന്ന് തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

വെറും മുപ്പത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള നാഗേൽസ്‌മാൻ ഹൊഫെൻ ഹൈമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ചാണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. അതിനു ശേഷം ലീപ്‌സിഗിനെ പരിശീലിപ്പിച്ച അദ്ദേഹം 2021ലാണ് ബയേൺ മ്യൂണിക്കിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ബയേണിന് ലീഗ് നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഈ സീസണിൽ ലീഗിൽ ബയേൺ മ്യൂണിക്ക് സ്ഥിരതയില്ലാത്ത പ്രകടനം നടത്തുന്നതാണ് നാഗേൽസ്‌മാനെ ഒഴിവാക്കാൻ കാരണമെന്നാണ് കരുതുന്നത്. ചാമ്പ്യൻസ് ലീഗിൽ ടീം ക്വാർട്ടർ ഫൈനലിൽ എത്തിയെങ്കിലും ലീഗിൽ ബയേൺ രണ്ടാം സ്ഥാനത്താണ്. ബൊറൂസിയ ഡോർട്മുണ്ടുമായി ഒരു പോയിന്റ് വ്യത്യാസത്തിലാണ് ബയേൺ രണ്ടാമത് നിൽക്കുന്നത്.

ബയേൺ മ്യൂണിക്കിന്റെ പുതിയ പരിശീലകനായി തോമസ് ടുഷെൽ വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസണിനിടയിൽ ചെൽസി പുറത്താക്കിയതിന് ശേഷം മറ്റൊരു ടീമിനെ ടുഷെൽ ഏറ്റെടുക്കുന്നത് ആദ്യമായാണ്. ജർമനിയിൽ ബൊറൂസിയ ഡോർട്മുണ്ടിനെ പരിശീലിപ്പിച്ചതിനു ശേഷമാണ് ടുഷെൽ ചെൽസിയിലേക്ക് പോകുന്നത്.

ടുഷെൽ വന്നാൽ അത് ബയേണിന് പുതിയൊരു ഉണർവ് നൽകും. വളരെപ്പെട്ടന്ന് തന്നെ ടീമിനെക്കൊണ്ട് റിസൾട്ട് ഉണ്ടാക്കാൻ കഴിവുള്ള പരിശീലകനാണ് അദ്ദേഹമെന്നത് ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തപ്പോൾ തെളിഞ്ഞതാണ്. മാഞ്ചസ്റ്റർ സിറ്റി, റയൽ മാഡ്രിഡ് ടീമുകൾ ടുഷെലിനെതിരെ വിയർത്തിട്ടുണ്ടെന്നിരിക്കെ ഇത്തവണ ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യതകൾ ബയേൺ വർധിപ്പിച്ചിട്ടുണ്ട്.