ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെയുള്ള തോൽവിയുടെ ക്ഷീണം പ്രീമിയർ ലീഗിൽ സതാംപ്ടനെതിരെ തീർത്ത് ചെൽസി.മേസൺ മൗണ്ടും ടിമോ വെർണറും ഇരട്ട ഗോളുകൾ നേടിയപ്പോൾ ചെൽസി സെന്റ് മേരീസിൽ എതിരില്ലാത്ത ആറു ഗോളിന്റെ ജയം നേടി.തോമസ് ടുച്ചലിന്റെ ടീം കഴിഞ്ഞ ശനിയാഴ്ച സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ബ്രെന്റ്ഫോർഡിനോട് 4-1 ന് പരാജയപ്പെട്ടിരുന്നു.
എട്ടാം മിനിറ്റിൽ തന്നെ ചെൽസി 1-0ന് മുന്നിലെത്തി മാർക്കോ അലോൻസോയാണ് ഗോൾ നേടിയത്.തുടർന്ന് മേസൺ മൗണ്ട്, ടിമോ വെർണർ,കായ് ഹാവേർട്സ് എന്നിവരുടെ ഗോളിലാണ് ചെൽസി ആദ്യ പകുതിയിൽ നാല് ഗോൾ നേടിയത്. സൗതാമ്പ്ടൺ ഗോൾ പോസ്റ്റിൽ ഫോസ്റ്ററുടെ മികച്ച രക്ഷപെടുത്തലുകളും വെർണർ മൂന്ന് തവണ അവസരം പോസ്റ്റിൽ അടിച്ചതും ചെൽസി ഗോൾ നില ഒറ്റ സഖ്യയിൽ ഒതുക്കി. 30 മത്സരങ്ങളിൽ നിന്നും 62 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആഴ്സണൽ തോൽവി ഏറ്റുവാങ്ങി.ബ്രൈറ്റനാണ് ആഴ്സനലിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ബ്രൈട്ടന്റെ ജയം.ലിയാൻഡ്രോ ട്രോസാർഡും ഇനോക്ക് മ്വെപ്പുവും ബ്രൈട്ടനായി ഗോൾ നേടിയപ്പോൾ മാർട്ടിൻ ഒഡെഗാർഡ് ആഴ്സണലിനായി ഒരു ഗോൾ മടക്കിയെങ്കിലും മൈക്കൽ അർട്ടെറ്റയുടെ ടീം പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റുവാങ്ങി. 89ആം മിനുട്ടിൽ ആണ് ഒഡേഗാർഡ് ആഴ്സണലിനായി ഗോൾ നേടിയത്.30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്ത് തന്നെ നിൽക്കുകയാണ്. ബ്രൈറ്റൺ 37 പോയിന്റുമായി 11ആം സ്ഥാനത്താണ്.മറ്റൊരു മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപ്പെടുത്തി.റാഫിൻഹ (21′) റോഡ്രിഗോ (73′) ജാക്ക് ഹാരിസൺ (85′) എന്നിവരാണ് ലീഡ്സിന്റെ ഗോളുകൾ നേടിയത്.
സ്പാനിഷ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിന് തോൽവി.മല്ലോർക്കയാണ് അത്ലറ്റികോയെ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. തോൽവിയോടെ അത്ലറ്റികോയുടെ ലാലിഗയിലെ അവരുടെ ആറ് ഗെയിമുകളുടെ വിജയ പരമ്പര അവസാനിപ്പിച്ചു.57 പോയിന്റുമായി അത്ലറ്റിക്കോ നാലാം സ്ഥാനത്താണ് . ഇന്നത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിനായി കാത്തിരിക്കുന്ന നിരവധി കളിക്കാർക്ക് കോച്ച് ഡീഗോ സിമിയോണി വിശ്രമം നൽകി.71-ാം മിനിറ്റിൽ അത്ലറ്റിക്കോ ഡിഫൻഡർ റെയ്നിൽഡോ മാണ്ഡവ പാബ്ലോ മാഫിയോയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി ഗോളാക്കി കൊസോവോ സ്ട്രൈക്കർ വേദത് മുറിക്കിയാണ് മല്ലോർക്കയുടെ വിജയഗോൾ നേടിയത്.
ബുണ്ടസ്ലീഗിൽ ബയേൺ മ്യൂണിക്ക് എതിരില്ലാത്ത ഒരു ഗോളിന് ഓഗ്സ്ബർഗിനെ പരാജയപെടുത്തി.ബയേൺ മ്യൂണിക്കിന് ടോപ് സ്കോറർ റോബർട്ട് ലെവൻഡോവ്സ്കി 82-ാം മിനിറ്റിൽ പെനാൽറ്റിയിൽ നിന്നാണ് വിജയ ഗോൾ നേടിയത്. കഠിനാധ്വാനം ചെയ്ത ഓഗ്സ്ബർഗ് പ്രതിരോധം ബയേണിനെ ഗോളടിക്കാൻ വിട്ടില്ല. 29 മത്സരങ്ങളിൽ നിന്നും 69 പോയിന്റുമായി ബയേൺ ഒന്നാം സ്ഥാനത്താണ്. ഇന്നലെ സ്റ്റ്റ്ഗാർട്ടിനെ രണ്ടു ഗോളിന് പരാജയപ്പെടുത്തിയ ഡോർട്ട്മുണ്ട് 60 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.