അടുത്ത സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവുന്ന പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് റയൽ മാഡ്രിഡ് നായകൻ സെർജിയോ റാമോസ്. താരത്തിന്റെ കരാർ അടുത്ത വർഷത്തോടു കൂടി അവസാനിക്കും. മുപ്പത്തിനാലുകാരനായ റാമോസിന്റെ കരാർ ഇതുവരെ റയൽ മാഡ്രിഡ് പുതുക്കിയിട്ടില്ല.
അതിന് വേണ്ട കാര്യപ്പെട്ട ചർച്ചകൾ ഒന്നും തന്നെ ഇതുവരെ നടന്നിട്ടില്ലെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു വർഷത്തേക്കാണോ അതോ രണ്ട് വർഷത്തേക്കാണോ താരത്തിന്റെ കരാർ പുതുക്കേണ്ടത് എന്ന സംശയമുണ്ടായതിനാലാണ് കരാർ പുതുക്കൽ വൈകുന്നതെന്നും ചില മാധ്യമങ്ങൾ ചൂണ്ടികാണിച്ചിരുന്നു. ഏതായാലും താരം റയൽ മാഡ്രിഡ് വിടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ റാമോസിന് കാര്യങ്ങൾ എളുപ്പമാണ്. ഈ ജനുവരി ട്രാൻസ്ഫറിൽ തന്നെ ഇഷ്ടപ്പെട്ട ക്ലബുമായി പ്രീ കോൺട്രാക്റ്റിൽ ഏർപ്പെടുകയും അടുത്ത സമ്മറിൽ കൂടുമാറുകയും ചെയ്യാം. അതുണ്ടാവില്ല എന്നാണ് റയൽ ആരാധകർ പ്രതീക്ഷിക്കുന്നത്.
എന്നാൽ റാമോസിൽ കണ്ണുംനട്ട് നിരവധി വമ്പൻ ക്ലബുകൾ ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടെന്ന് സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോ റിപ്പോർട്ട് ചെയ്തിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിലൊരാളായ റാമോസിനെ റയൽ കൈവിടുമോ എന്നാണ് ഈ ടീമുകൾക്ക് ആദ്യമറിയേണ്ട കാര്യം. ഇപ്പോഴിതാ താരത്തിന് രംഗപ്രവേശനം ചെയ്തിരിക്കുന്നത് മുൻ സഹതാരമായിരുന്ന ഡേവിഡ് ബെക്കാമാണ്. എംഎൽഎസ്സിലെ ബെക്കാമിന്റെ ക്ലബായ ഇന്റർമിയാമിയിലേക്ക് മുപ്പത്തിനാലുകാരനായ റാമോസിനെ എത്തിക്കാൻ താല്പര്യമുണ്ടെന്ന് ബെക്കാം തുറന്നു പ്രകടിപ്പിച്ചിരുന്നു. ബെക്കാം റാമോസിനെ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ റാമോസ് ക്ഷണം സ്വീകരിക്കുമോ എന്നുള്ളത് ചോദ്യമാണ്. റാമോസിനൊപ്പം റയൽ മാഡ്രിഡിൽ രണ്ടു വർഷത്തോളം ചിലവഴിച്ച താരമാണ് ബെക്കാം. പിന്നീട് താരം ലാ ഗാലക്സിയിലേക്ക് കൂടുമാറുകയായിരുന്നു. ഏതായാലും തന്റെ ഇന്റർ മിയാമിയിലേക്ക് ഒരിക്കൽ റാമോസ് വരുമെന്ന പ്രതീക്ഷയിലാണ് ബെക്കാമുള്ളത്. പക്ഷെ നിലവിൽ ഒരു രണ്ട് വർഷം കൂടി റാമോസ് റയൽ മാഡ്രിഡിൽ തുടരാനുള്ള സാധ്യതയാണ് കാണുന്നത്.