ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി ഹീറോയായ പ്രകടനമാണ് ഇരുപത്തിയൊന്നുകാരനായ എൻസോ ഫെർണാണ്ടസ് നടത്തിയത്. രണ്ടു മത്സരങ്ങളിൽ പകരക്കാരനായി ഇറങ്ങിയ താരം അതിനു ശേഷമുള്ള മത്സരങ്ങളിലെല്ലാം ആദ്യ ഇലവനിൽ തന്നെ കളിക്കുകയും അർജന്റീനയുടെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. ലിയാൻഡ്രോ പരഡെസിനെ ബെഞ്ചിലിരുത്തുന്ന പ്രകടനമാണ് താരം നടത്തിയത്. അർജന്റീന ലോകകപ്പ് നേടിയതോടെ ടൂർണമെന്റിലെ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എൻസോ ഫെർണാണ്ടസിനു തന്നെയാണ് ലഭിച്ചത്.
ലോകകപ്പ് കഴിഞ്ഞതോടെ എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ നിരവധി ക്ലബുകൾ രംഗത്തു വന്നിട്ടുണ്ട്. യൂറോപ്പിലെ വിവിധ ലീഗുകളിൽ നിന്നുള്ള വമ്പൻ ക്ലബുകൾ താരത്തിനായി രംഗത്തുണ്ടെങ്കിലും പ്രീമിയർ ലീഗ് ക്ലബുകളാണ് പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ താരം ബെൻഫിക്ക വിടുമെന്നു തന്നെയാണ് നിലവിലെ സൂചനകൾ. താരത്തിന്റെ റിലീസിംഗ് ക്ലോസായ 120 മില്യൺ യൂറോ ബെൻഫിക്ക ആവശ്യപ്പെടുമ്പോൾ അതിനേക്കാൾ കൂടുതൽ നൽകാൻ തയ്യാറുള്ള ക്ലബുകളുമുണ്ട്.
എൻസോ ഫെർണാണ്ടസ് ക്ലബ് വിടുന്ന സാഹചര്യത്തിൽ താരത്തിന് പകരക്കാരനെ കണ്ടെത്താനുള്ള പദ്ധതികൾ ബെൻഫിക്ക മുന്നോട്ടു നീക്കുകയാണ്. അർജന്റീനയിൽ നിന്നു തന്നെയാണ് എൻസോയുടെ പകരക്കാരനെ ബെൻഫിക്ക നോട്ടമിടുന്നത്. അർജന്റീന ലീഗിൽ റേസിങ്ങിന്റെ മധ്യനിര താരമായ കാർലോസ് അൽകാരസിനെ ടീമിലെത്തിക്കാനാണ് ബെൻഫിക്ക ശ്രമിക്കുന്നത്. ഡി മർസിയോയുടെ റിപ്പോർട്ടുകൾ പ്രകാരം ഇരുപതുകാരനായ താരത്തിനായി 16 മുതൽ 17 മില്യൺ വരെ ബെൻഫിക്ക നൽകും.
Carlos Alcaraz of Racing being linked with Benfica. https://t.co/PsSX6pQ5ZT pic.twitter.com/QdiZWgIY7r
— Roy Nemer (@RoyNemer) January 3, 2023
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് എൻസോയെ പതിനെട്ടു മില്യൺ യൂറോയോളം നൽകി ബെൻഫിക്ക സ്വന്തമാക്കിയത്. ലോകകപ്പ് കഴിഞ്ഞപ്പോഴേക്കും താരത്തിന്റെ മൂല്യം ആറിരട്ടിയിലധികമായി വർധിക്കുകയും ചെയ്തു. കാർലോസ് അൽകാറാസിന്റെ കാര്യത്തിലും അതു തന്നെ സംഭവിക്കുമെന്നാണ് ബെൻഫിക്ക പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബെൻഫിക്കയെ മുന്നോട്ടു കൊണ്ടുപോകാൻ താരത്തിന് കഴിയുമെന്ന് അവർ പ്രതീക്ഷിക്കുന്നു. അർജന്റീനക്കും അത് ഗുണം ചെയ്യും.