ഐഎസ്എൽ പത്താം സീസണിലെ ഉദ്ഘാടന മത്സരത്തിൽ ബദ്ധവൈരികളായ ബംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ഇന്നലെ ബംഗളൂരുവിനെ നേരിട്ട ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് പിന്നാലെയെത്തിയ രണ്ടാം പകുതിയിലാണ് മത്സരത്തിലെ 3 ഗോളുകളും പിറന്നത്. മത്സരത്തിന്റെ 52 ആം മിനിറ്റിൽ വീൻഡ്രോപ്പിന്റെ ഓൺ ഗോളിലൂടെ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 69 ആം മിനിറ്റിൽ നായകൻ ലൂണയിലൂടെ ലീഡ് വർദ്ധിപ്പിക്കുകയായിരുന്നു. ബംഗളൂരു ഗോൾകീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പിഴവ് മുതലെടുത്താണ് ബ്ലാസ്റ്റേഴ്സ് നായകൻ മഞ്ഞപ്പടയെ 2-0 ന് മുന്നിലെത്തിച്ചത്. മത്സരത്തിന്റെ അവസാനം മിനിറ്റുകളിൽ കുർട്ടിസ് മെയിനിലൂടെ ബംഗളുരു ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിൽ നിന്നും വിജയം പിടിച്ചെടുക്കാനായില്ല.
പതിവുപോലെ ബ്ലാസ്റ്റേഴ്സിന്റെ ഉദ്ഘാടന മത്സരം കാണാൻ നിരവധി ആരാധകരാണ് എത്തിയത്. മഞ്ഞ പുതച്ച സ്റ്റേഡിയവും ആരാധകരുടെ ആർപ്പുവിളിയും പിന്തുണയും ബ്ലാസ്റ്റേഴ്സിന്റെ വിജയത്തിന് സഹായകരമായ ഒരു ഘടകമാണ്. എന്നാൽ മത്സരശേഷം ബംഗളൂരു എഫ്സി പരിശീലകൻ സൈമൺ ഗ്രെസൺ ബ്ലാസ്റ്റേഴ്സ് ആരാധകരെ ചൊറിയുന്ന ചെറിയൊരു പരാമർശവും നടത്തിയിരുന്നു. കൊച്ചിയിലെ ആരാധകരുടെ ആർപ്പുവിളികൾ ബംഗളൂരുവിന് സമ്മർദ്ദം ഉണ്ടാക്കിയോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനാണ് ഗ്രൈസന്റെ മറുപടി.
ബ്ലാസ്റ്റേഴ്സ് ആരാധകരോട് അല്ല മറിച്ച് കളിക്കളത്തിലെ പ്രകടനം മൂലമാണ് തങ്ങൾ പരാജയപ്പെട്ടത് എന്നാണ് ബംഗളൂരു പരിശീലകന്റെ പ്രസ്താവന. ആരാധകരെ കൊണ്ട് ഗോളടിക്കാൻ കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ആർപ്പുവിളി മൂലം ബംഗളൂരു താരങ്ങൾക്ക് കൃത്യമായ കമ്മ്യൂണിക്കേഷൻ പോലും കളിക്കളത്തിൽ നടത്താനായില്ല എന്ന കാര്യവും ബ്ലാസ്റ്റേഴ്സ് ആരാധകർ ഗ്രൈസന്റെ ഈ പ്രതികരണത്തിന് മറുപടിയായി സമൂഹമാധ്യമങ്ങളിൽ നൽകുന്നുണ്ട്.