ഒരു സമയത്ത് റയൽ മാഡ്രിഡിന്റെ പ്രധാന കളിക്കാരനും ഗോൾവേട്ടക്കാരനും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നെങ്കിൽ താരം ക്ലബ് വിട്ടതിനു ശേഷം ആ ഉത്തരവാദിത്വം ഫ്രഞ്ച് ഫോർവേഡായ കരിം ബെൻസിമ ഏറ്റെടുക്കുകയും തന്റെ ഏറ്റവും മികച്ച പ്രകടനം ക്ലബിനായി നൽകുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ സീസണിൽ റയലിന് ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിക്കൊടുക്കാൻ സഹായിച്ച പ്രകടനം കൊണ്ട് ഇത്തവണത്തെ യുവേഫയുടെ ബെസ്റ്റ് പ്ലെയർ പുരസ്‌കാരം സ്വന്തമാക്കിയ താരം ബാലൺ ഡി ഓർ കൂടി നേടാനുള്ള തയ്യാറെടുപ്പിലാണ്.
എന്നാൽ ഈ നേട്ടങ്ങളിലും റൊണാൾഡോ റയൽ മാഡ്രിഡിൽ സ്വന്തമാക്കിയത് തനിക്ക് ആവർത്തിക്കാൻ കഴിയില്ലെന്നാണ് ബെൻസിമ പറയുന്നത്. റയൽ മാഡ്രിഡിനായി 438 മത്സരങ്ങളിൽ നിന്നും 450 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോയുടെ ക്ലബിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനെന്ന റെക്കോർഡാണ് തനിക്ക് ഒപ്പമെത്താൻ കഴിയാത്തതാണെന്ന് ബെൻസിമ സമ്മതിച്ചത്. റൊണാൾഡോ റയൽ മാഡ്രിഡ് വിട്ടപ്പോൾ തന്റെ കേളീശൈലിയിൽ വളരെയധികം മാറ്റം വരുത്തേണ്ടി വന്നുത്തി കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നുവെന്നും ബെൻസിമ പറഞ്ഞു.
“ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. താരമുള്ളപ്പോൾ എനിക്ക് മറ്റൊരു ചുമതലയായിരുന്നു ഉണ്ടായിരുന്നത്. റൊണാൾഡോ ക്ലബ് വിട്ടപ്പോൾ ഒരു പടി മുന്നോട്ടു പോയി, മികച്ച ഫുട്ബോൾ കളിക്കുന്നതിനൊപ്പം തന്നെ ഗോളുകൾ നേടേണ്ടതുണ്ടെന്ന് എനിക്ക് മനസിലായി.” കഴിഞ്ഞ ദിവസം യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനു ശേഷം യൂറോപ്യൻ സ്പോർട്സ് മീഡിയയോട് സംസാരിക്കുമ്പോൾ ബെൻസിമ പറഞ്ഞു.
‼️🎙️ Karim Benzema on Cristiano Ronaldo : nothing but respect pic.twitter.com/YdRg3YU0yQ
— TCR. (@TeamCRonaldo) August 25, 2022
“അതിനു ശേഷം മാറ്റം വന്നത് ഞാൻ നേടുന്ന ഗോളുകളുടെ എണ്ണത്തിൽ മാത്രമാണ്. ഞാനിപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നത് എല്ലാവരും കളിക്കണമെന്നു ഞാൻ കരുതുന്ന തരത്തിൽ തന്നെയാണ്. ഈ കണക്കുകൾ ഞാൻ റയൽ മാഡ്രിഡിന്റെ ഇതിഹാസതാരങ്ങളിൽ നിന്നും വളരെ പുറകിലല്ലെന്നു കാണിക്കുന്നു, അതെനിക്ക് ആത്മവിശ്വാസവും നൽകുന്നു. എനിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡിന്റെ ഒപ്പമെത്താൻ കഴിയില്ലെന്ന് അറിയാമെങ്കിലും..” ബെൻസിമ വ്യക്തമാക്കി.
കളിക്കളത്തിലെ കണക്കുകൾ താൻ പ്രധാനപ്പെട്ട കാര്യമായി കരുതുന്നില്ലെന്നും ഫ്രഞ്ച് താരം പറഞ്ഞു. ടീമിനെ വിജയിപ്പിക്കാൻ മൈതാനത്ത് എന്തു ചെയ്യണമെന്നതിലാണ് തന്റെ ശ്രദ്ധയെന്നും കിരീടങ്ങളും ഗോളുകളും എത്ര നേടാൻ കഴിയുമെന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും ബെൻസിമ പറഞ്ഞു.