മാഞ്ചസ്റ്റർ സിറ്റി വിടാനുള്ള സാധ്യത തള്ളിക്കളയാതെ റയൽ മാഡ്രിഡിനെ തകർത്ത താരം

റയൽ മാഡ്രിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആധികാരികമായ പ്രകടനം നടത്തിയാണ് മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയത്. സ്വന്തം മൈതാനത്ത് ആദ്യം മുതൽ അവസാനം വരെ റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കിയ പെപ് ഗ്വാർഡിയോളയും സംഘവും എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയം നേടി. ഇതോടെ രണ്ടു പാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ചു ഗോളുകളുടെ വിജയം നേടിയാണ് സിറ്റി ഫൈനലിൽ എത്തിയത്.

സിറ്റിയുടെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചത് പോർച്ചുഗൽ താരമായ ബെർണാഡോ സിൽവയാണ്. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആദ്യത്തെയും രണ്ടാമത്തെയും ഗോളുകൾ ആദ്യപകുതിയിൽ തന്നെ താരം നേടിയപ്പോൾ പിന്നീട് റയൽ മാഡ്രിഡിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. നിർണായക മത്സരങ്ങളിൽ തിളക്കമാർന്ന പ്രകടനം നടത്തിയ താരം പക്ഷെ അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരാനുള്ള സാധ്യതയില്ല.

മത്സരത്തിന് ശേഷം ട്രാൻസ്‌ഫർ അഭ്യൂഹങ്ങളെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ച ചോദ്യത്തിന് മറുപടി നൽകുമ്പോൾ ഇപ്പോൾ മത്സരങ്ങളിലാണ് തന്റെ ശ്രദ്ധയെന്നും പ്രീമിയർ ലീഗും അതിനു ശേഷം മറ്റു രണ്ടു ഫൈനലുകളും നേടുകയെന്നതാണ് ലക്‌ഷ്യം വെക്കുന്നതെന്ന് താരം പറഞ്ഞു. ഭാവിയിൽ എന്താണ് സംഭവിക്കുകയെന്ന് സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കാണാമെന്നും താരം വ്യക്തമാക്കി.

അഭ്യൂഹങ്ങൾ ബെർണാഡോ സിൽവ നിഷേധിച്ചില്ലെന്നത് മാഞ്ചസ്റ്റർ സിറ്റിക്ക് ആശങ്കയാണ്. ഈ സീസണിന്റെ തുടക്കത്തിൽ മാഞ്ചസ്റ്റർ സിറ്റി വിടുമെന്ന സൂചനകൾ താരം നൽകിയിരുന്നു. തനിക്ക് ക്ലബുമായി കരാർ ഇനിയും ബാക്കിയുണ്ടെങ്കിലും മികച്ച പ്രോജക്റ്റുകൾ ആണെന്നു തോന്നുന്ന ഓഫറുകൾ താൻ സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണു സിൽവ പറഞ്ഞത്.

ബെർണാഡോ സിൽവക്ക് വേണ്ടി ബാഴ്‌സലോണയും പിഎസ്‌ജിയുമാണ് രംഗത്തുള്ളത്. എന്നാൽ ലയണൽ മെസി വരികയാണെങ്കിൽ പോർച്ചുഗൽ താരത്തെ ബാഴ്‌സലോണ സ്വന്തമാക്കിയേക്കില്ല. അതേസമയം ലയണൽ മെസിയുടെ പകരം സില്വയെ സ്വന്തമാക്കാനാണ് പിഎസ്‌ജി ശ്രമിക്കുന്നത്. ഫ്രഞ്ച് ലീഗിൽ മുൻപ് കളിച്ചിട്ടുള്ള താരം കൂടിയാണ് സിൽവ.

1/5 - (1 vote)