2021-ലെ യൂറോപ്പ്യൻ ഫുട്ബോളിലെ ട്രാൻസ്ഫർ വിൻഡോയുടെ സമയത്താണ് ലോക ഫുട്ബോളിനെ തന്നെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് ലിയോ മെസ്സിയുടെ കരാർ പുതുക്കാൻ ആവില്ല എന്ന് സ്പാനിഷ് ക്ലബ്ബായ എഫ് സി ബാഴ്സലോണ അറിയിക്കുന്നത്, ഒന്നര പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ബാഴ്സലോണ കരിയറിന് അന്ത്യം കുറിച്ചുകൊണ്ട് ലിയോ മെസ്സിക്ക് തന്റെ പ്രിയ ക്ലബ്ബിനോട് വിടപറയേണ്ടി വന്നു.
ബാഴ്സലോണ വിട്ടതോടെ ലിയോ മെസ്സി ഏത് ക്ലബ്ബിലേക്ക് വരും എന്ന് ആലോചിച്ചിരിക്കുന്ന ആരാധകർക്ക് മുന്നിലേക്കാണ് ലിയോ മെസ്സിയുടെ ട്രാൻസ്ഫർ വാർത്ത ഫാബ്രിസിയോ റൊമാനോ ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്യുന്നത്, ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിനിയിലേക്കുള്ള ലിയോ മെസ്സിയുടെ ഫ്രീ ട്രാൻസ്ഫർ ഒടുവിൽ യാഥാർത്ഥ്യമായി.
മെസ്സിക്ക് പിന്നാലെ സെർജിയോ റാമോസ് ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ കൂടി ഫ്രഞ്ച് ക്ലബ്ബിൽ എത്തിയതോടെ യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരങ്ങൾ അണിനിരക്കുന്ന ടീമുകളിൽ ഒന്നായി പാരീസ് സെന്റ് ജർമയിൻ മാറി. MNM അഥവാ മെസ്സി – നെയ്മർ – എംബാപ്പെ മുന്നേറ്റ നിരസഖ്യമാണ് പിന്നീട് ലോക ഫുട്ബോളിൽ ശ്രദ്ധ നേടിയത്.
മൂന്ന് സൂപ്പർ താരങ്ങൾ കൂടി മുന്നേറ്റ നിരയിൽ അണിനിരക്കുന്നതോടെ യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങൾ നേടാനാവുമെന്ന് പി എസ് ജി ആരാധകരും പ്രതീക്ഷിച്ചു, എന്നാൽ പി എസ് ജി ടീം മുഴുവൻ ഒന്നടങ്കം ശ്രമിച്ചിട്ടും ചാമ്പ്യൻസ് ലീഗിന്റെ ട്രോഫി മാത്രം നേടാനായില്ല. എങ്കിലും യൂറോപ്പ്യൻ ഫുട്ബോളിനെ പ്രകമ്പനം കൊള്ളിക്കുന്ന പ്രകടനമാണ് ഈ മുന്നേറ്റനിരസഖ്യം കാഴ്ചവച്ചത്.
രണ്ടാമത്തെ സീസൺ എത്തിയപ്പോഴേക്കും ലിയോ മെസ്സിയും പി എസ് ജി ആരാധകരും തമ്മിലുള്ള ബന്ധം വഷളായി തുടങ്ങി, ഒടുവിൽ പി എസ് ജി യുമായി കരാർ അവസാനിച്ച മെസ്സി ക്ലബ്ബ് നീട്ടിയ പുതിയ കാരാർ വേണ്ടെന്ന് വെച്ച് അമേരിക്കൻ ലീഗിലേക്ക്കൂടുമാറി. കിലിയൻ എംബാപ്പെ പി എസ് ജിയുമായി കരാർ പുതുക്കുന്നില്ല എന്ന് അറിയിച്ച് രംഗത്ത് വന്നതോടെ പി എസ് ജിക്ക് കൂടുതൽ തിരിച്ചടികൾ നേരിടേണ്ടി വന്നു.
കരാർ ഇപ്പോൾ പുതുക്കുന്നില്ലെങ്കിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ എംബാപ്പെയെ വിൽക്കും എന്ന് പ്രഖ്യാപിച്ചിരിക്കുന്ന പി എസ് ജിക്ക് മുന്നിലാണ് നെയ്മർ ജൂനിയർ ടീം വിടണമെന്ന ആഗ്രഹവുമായി മുന്നോട്ട് വരുന്നത്. പ്രശസ്ത ഫ്രഞ്ച് മാധ്യമമായ എൽ എക്യുപെയുടെ റിപ്പോർട്ടുകൾ പ്രകാരം ടീം വിടാൻ ആഗ്രഹം ഉണ്ടെന്ന് നെയ്മർ ജൂനിയർ പി എസ് ജി യെ അറിയിച്ചിട്ടുണ്ട്. ഇതോടെ പി എസ് ജി യിലെ സൂപ്പർ താരങ്ങളുടെ MNM സഖ്യം മുഴുവനായും അവസാനിക്കും എന്നാണ് കരുതുന്നത്.