അഞ്ചു വർഷം നീണ്ടു നിന്ന ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് നടന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്സിയോട് മുംബൈ പരാജയപ്പെട്ടതോടെ ബ്ലാസ്റ്റേഴ്‌സ് പ്ലെ ഓഫിൽ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ്.നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി ഒന്നിനെതിരെ രണ്ട് ഗോളിന് മുംബൈയെ കീഴടക്കിയത്.ഹൈദരാബാദിനെതിരായ മത്സരത്തിൽ ജയിച്ചാൽ മാത്രമെ മുംബൈയ്ക്ക് മുന്നിൽ പ്ലേ ഓഫ് സാധ്യതകൾ അവശേഷിച്ചിരുന്നുള്ളു.
14-ാം മിനുറ്റില്‍ രോഹിത് ദാനുവിന്‍റെയും 41-ാം മിനുറ്റില്‍ ജോയലിന്‍റേയും ഗോളുകള്‍ ആദ്യ പകുതിയിൽ ത്തന്നെ മുംബൈയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു.76-ാം മിനുറ്റില്‍ ഫാളിന്‍റെ ഗോള്‍ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നുവെങ്കിലും അവസാന 10 മിനുറ്റില്‍ പൊരുതിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ അവർക്കായില്ല.
പ്ലേ ഓഫ് ഉറപ്പിച്ചതോടെ നാളെ നടക്കുന്ന അവസാന ലീഗ് മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് സമ്മർദമൊന്നുമില്ലാതെ ഗോവയെ നേരിടാം. 2016-ലാണ് ബ്ലാസ്റ്റേഴ്സ് ഇതിനുമുമ്പ് ഐഎസ്എൽ പ്ലേ ഓഫിലെത്തിയത്. മുമ്പ് രണ്ട് തവണ പ്ലേ ഓഫിലെത്തിയപ്പോഴും ഫൈനലിലേക്കും ബ്ലാസ്റ്റേഴ്സിന് മുന്നേറാനായി. എന്നാൽ കിരീടം മാത്രം സ്വപ്നമായി അവശേഷിക്കുന്നു.എട്ട് ടീമുകൾ മാത്രമുണ്ടായിരുന്ന 2016 സീസണിൽ ലീഗ് ഘട്ടത്തിൽ രണ്ടാമതായിട്ടായിരുന്നു ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. ആധികാരികമായി പ്ലേ ഓഫിലെത്തിയ ബ്ലാസ്റ്റേഴ്സ്, സെമി ഫൈനലിൽ ഇരു പാദങ്ങളിലുമായി ഡെൽഹി ഡൈനാമോസിനെ കീഴടക്കി ഫൈനലിലെത്തുകയായിരുന്നു. എന്നാൽ എടികെക്കെതിരെ കൊച്ചിയിൽ വെച്ചു നടന്ന കലാശപ്പോരാട്ടത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ടീമിന് കാലിടറുകയായിരുന്നു.
ഐഎസ്എല്ലില്‍ 40 പോയിന്‍റുമായി ജംഷ്‌ഡ്‌പൂര്‍ എഫ്‌സിയാണ് തലപ്പത്ത്, ഹൈദരാബാദ് എഫ്‌സി 38 പോയിന്‍റുമായി രണ്ടാമതും 37 പോയിന്‍റുമായി എടികെ മോഹന്‍ ബഗാന്‍ മൂന്നാമതും 33 പോയിന്‍റുമായി ബ്ലാസ്റ്റേഴ്‌സ് നാലാമതും നില്‍ക്കുന്നു. നാല് ടീമുകളും സെമിയിലെത്തി. മുംബൈ തോറ്റതോടെ നാളെ നടക്കുന്ന എഫ്‌സി ഗോവ-കേരള ബ്ലാസ്റ്റേഴ്‌സ് മത്സര ഫലം നിര്‍ണായകമല്ലാതായി. അതേസമയം തിങ്കളാഴ്‌ച നടക്കുന്ന എടികെ മോഹന്‍ ബഗാന്‍-ജംഷഡ്‌പൂര്‍ എഫ്‌സി അവസാന പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കും.