കഴിഞ്ഞ നവംബറിലായിരുന്നു സൂപ്പർ താരമായ ജേഡൻ സാഞ്ചോയെ പരിശീലനത്തിന് വൈകി വന്ന കാരണത്താൽ ബെഞ്ചിൽ ഇരുത്തിയിരുന്നത്. ചില സമയങ്ങളിൽ താരത്തിന് കൃത്യനിഷ്ഠത പാലിക്കാൻ കഴിയുമായിരുന്നില്ല. ഒന്നിലധികം തവണ താൻ ബൊറൂസിയ ഡോർട്മുണ്ടിന്റെ പരിശീലനവേളയിലേക്ക് വൈകി എത്തിയിട്ടുണ്ടെന്ന് സാഞ്ചോ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതിന് കാരണവുണ്ട്. പക്ഷെ സാധാരണ എല്ലാവർക്കുമുണ്ടാവുന്ന കാരണമാണ് എന്ന് മാത്രം. ഉറക്കകൂടുതൽ!
ഉറക്കക്കൂടുതൽ കൊണ്ടാണ് താൻ ഡോർട്മുണ്ടിന്റെ പരിശീലനവേളകളിൽ വൈകിയെത്തിയിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാഞ്ചോ. ഉറക്കപ്രശ്നങ്ങൾ എന്നാണ് സാഞ്ചോ പരാമർശിച്ചത്. ഇരുപത് വയസ്സുകാരനായ താരത്തെ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ എത്തിക്കാൻ ഏറെ ശ്രമിച്ചിരുന്നു. ഇപ്പോഴും ശ്രമങ്ങൾ നടക്കുന്നുമുണ്ട്. പക്ഷെ തനിക്കിപ്പോഴും ഒരുപാട് കാര്യങ്ങളിൽ മാറ്റം വേണമെന്ന് വിശ്വസിക്കുന്ന ഒരാളാണ് സാഞ്ചോ. പ്രത്യേകിച്ച് സമയക്രമങ്ങളിൽ താൻ ഇനിയും മെച്ചപ്പെടാനുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സാഞ്ചോ.
” ജർമ്മനിയിൽ, ചില കാര്യങ്ങളിൽ ഞാൻ ഇനിയും മെച്ചപ്പെടാനുണ്ട്. ചില സമയങ്ങളിൽ ഞാൻ പരിശീലനത്തിന് വൈകിയാണ് എത്താറുള്ളത്. കാരണം എനിക്ക് ഉറക്കത്തിന്റെ പ്രശ്നമുണ്ട്. സമയത്തിന് എത്താൻ ഞാൻ ആഗ്രഹിക്കാറുണ്ട്. കാര്യങ്ങൾ ശരിയായി ചെയ്യാനും കൂടുതൽ പ്രൊഫഷണലാവാനും ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഞാൻ അതിന് ശ്രമിക്കുന്നുമുണ്ട്. ക്ലബും ടീമും എന്നെ അതിന് സഹായിക്കുന്നുമുണ്ട്. എനിക്ക് പ്രായം കൂടികൂടി വരികയാണ് എന്നുള്ളത് സത്യമാണല്ലോ. ഞാൻ കൂടുതൽ കാര്യങ്ങൾ പഠിച്ചു തുടങ്ങുന്നുണ്ട്. ഞാൻ എന്റെ ഈ പ്രായത്തിൽ തന്നെ കൂടുതൽ പക്വത ഉള്ളവനാണ് എന്ന് ആളുകൾ പറയുന്നുണ്ട്. അതിന് കാരണവുമുണ്ട്. എന്തെന്നാൽ ഞാൻ വീട് വിട്ടിറങ്ങുകയും ഒരുപാട് കാര്യങ്ങൾ ചുറ്റുപാടിൽ നിന്ന് പഠിക്കുകയും ചെയ്യുന്നു. അത് എന്നെ ഏറെ സഹായിക്കുന്നു ” സോക്കർബൈബിളിന് നൽകിയ അഭിമുഖത്തിൽ സാഞ്ചോ പറഞ്ഞു.