ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കണമെന്ന ആഗ്രഹവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാനുള്ള ശ്രമത്തിലാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ആദ്യത്തെ രണ്ടു പ്രീമിയർ ലീഗ് മത്സരത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങിയതോടെ ക്ലബ് വിടാനുള്ള ശ്രമങ്ങൾ താരം ഊർജ്ജിതമാക്കിയിട്ടുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിനി വളരെ കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ റൊണാൾഡോയുടെ ഏജന്റായ ജോർജ് മെൻഡസ് പോർച്ചുഗീസ് താരത്തിന് പുതിയൊരു ക്ലബ്ബിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. നിരവധി ക്ലബുകൾക്ക് താരത്തിന്റെ സേവനം മെൻഡസ് വാഗ്‌ദാനം ചെയ്യുകയുമുണ്ടായി.
റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം ചില ക്ലബുകൾ തഴഞ്ഞുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടും താരത്തെ സ്വന്തമാക്കാൻ ലഭിച്ച ഓഫർ വേണ്ടെന്നു വെച്ചിരിക്കുകയാണ്. ജർമനിയിലെ തന്നെ മാധ്യമമായ ദി ബിൽഡാണ് റൊണാൾഡോയെ ബൊറൂസിയ ഡോർട്മുണ്ട് നിരസിച്ച വിവരം വെളിപ്പെടുത്തിയത്. സെബാസ്റ്റ്യൻ ഹാളർ കാൻസർ ബാധിതനായി ചികിത്സയിൽ തുടരുന്നതിനാൽ ഒരു സ്‌ട്രൈക്കറെ ഡോർട്മുണ്ടിന് ആവശ്യമുണ്ടെങ്കിലും റൊണാൾഡോയെ സ്വന്തമാക്കാൻ അവർക്ക് യാതൊരു താൽപര്യവുമില്ല.
സമ്മർ ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചതിനു ശേഷം റൊണാൾഡോയെ സ്വന്തമാക്കാനുള്ള അവസരം നിരവധി യൂറോപ്യൻ ക്ലബുകൾക്ക് ഉണ്ടായിരുന്നു. ചെൽസി. ബയേൺ മ്യൂണിക്ക്, അത്ലറ്റികോ മാഡ്രിഡ്, പിഎസ്‌ജി എന്നീ ടീമുകൾക്കാണ് താരത്തിന്റെ സേവനം വാഗ്‌ദാനം ചെയ്യപ്പെട്ടത്. എന്നാൽ റൊണാൾഡോയെ ടീമിലെത്തിക്കാൻ ഈ ക്ലബുകൾക്കൊന്നും താൽപര്യം ഇല്ലായിരുന്നു. മാത്രമല്ല, താരത്തെ വിട്ടുകൊടുക്കാൻ യാതൊരു പദ്ധതിയും ഇല്ലെന്നും ഈ സീസണിലെ പദ്ധതികളിൽ റൊണാൾഡോയെ ആവശ്യമുണ്ടെന്നുമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേതൃത്വം അറിയിച്ചത്.
എന്നാൽ നിലവിലെ സാഹചര്യത്തിൽ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനുള്ള സാധ്യത തീരെയില്ല. സീസണിന്റെ തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് പതറിയാത് ഈ സീസണിൽ അവർക്ക് കിരീടങ്ങൾ നേടാൻ സാധ്യത കുറവാണെന്നു തന്നെയാണ് വ്യക്തമാക്കുന്നത്. കരിയറിന്റെ അവസാന സമയത്ത് അത്തരമൊരു ക്ലബിൽ നിൽക്കാൻ റൊണാൾഡോ ആഗ്രഹിക്കുന്നുണ്ടാവില്ല. അതുകൊണ്ടു തന്നെ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനുള്ള ശ്രമങ്ങൾ താരം ഊർജ്ജിതമായി തുടരുക തന്നെ ചെയ്യും.