“സാവി എന്റെ കഴിവുകളെ വിശ്വസിച്ചില്ല”- ബാഴ്‌സലോണ പരിശീലകനെതിരെ ടീമിൽ നിന്നും തഴയപ്പെട്ട താരം

കഴിഞ്ഞ സീസണിനിടയിൽ മോശം ഫോമിലേക്ക് വീണ ബാഴ്‌സലോണയിലേക്ക് പരിശീലകനായി സാവി എത്തിയതിനു ശേഷം വലിയ മാറ്റങ്ങൾ ക്ലബിനുണ്ടായി. നിരവധി താരങ്ങളെ ഒഴിവാക്കുകയും പുതിയ താരങ്ങളെ ടീമിലെത്തിക്കുകയും ചെയ്‌ത ബാഴ്‌സലോണ പുതിയ സീസണിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ടീമിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങൾ എല്ലാവരും അക്കാര്യത്തിൽ പൂർണമായും തൃപ്‌തരല്ലെന്ന് അവർ പിന്നീട് നടത്തിയ പ്രസ്‌താവനകൾ വ്യക്തമാക്കുന്നു.

സാവി കൊണ്ടുവന്ന മാറ്റങ്ങളുടെ ഭാഗമായി ടീം വിട്ട താരമായിരുന്നു മാർട്ടിൻ ബ്രൈത്ത്വൈറ്റ്. തന്റെ കരാർ പൂർത്തിയാകുന്നത് വരെയുള്ള ശമ്പളം മുഴുവൻ തന്നാലേ ക്ലബ് വിടൂവെന്ന് ബ്രൈത്ത്വൈറ്റ് പറഞ്ഞെങ്കിലും സീസണിന്റെ തുടക്കത്തിലെ മൂന്നു ലാ ലിഗ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്നും ഡാനിഷ് താരത്തെ ഒഴിവാക്കിയാണ് സാവി അതിനോട് പ്രതികരിച്ചത്. തുടർന്ന് ബാഴ്‌സലോണ കരാർ റദ്ദാക്കി അവരുടെ എതിരാളികളായ എസ്പാന്യോളിലേക്ക് ഫ്രീ ഏജന്റായി ചേക്കേറുകയാണ് താരം ചെയ്‌തത്‌.

കഴിഞ്ഞ ദിവസം ഒരു ഡാനിഷ് മാധ്യമത്തോട് സംസാരിക്കുമ്പോൾ ബാഴ്‌സലോണ തന്നെ കൈകാര്യം ചെയ്‌ത രീതിയെക്കുറിച്ച് ബ്രൈത്ത്വൈറ്റ് വിമർശനം നടത്തുകയുണ്ടായി. “പിന്നണിയിൽ നടന്ന കാര്യങ്ങൾ ഓർക്കുമ്പോൾ എനിക്കധികം ചിരിക്കാൻ കഴിയില്ല. ഞാനെന്റെ വിമർശകർ തെറ്റാണെന്ന് തെളിയിച്ചു. പരിക്കു പറ്റുന്നതിനു മുൻപ് കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ ഞാനായിരുന്നു. എന്നാൽ അതിനു ശേഷം പരിശീലകൻ മാറി, അദ്ദേഹത്തിന് മറ്റൊന്നായിരുന്നു വേണ്ടത്, അതു ഫുട്ബോളിൽ സ്വാഭാവികവുമാണ്.”

“സാവി എന്റെ കഴിവുകളെ വിശ്വസിച്ചിരുന്നില്ല, അതുകൊണ്ട് എനിക്ക് ക്ലബ് വിടേണ്ടി വന്നു. പരിശീലകന് എന്നിൽ വിശ്വാസമില്ലെന്ന് എനിക്ക് കുറെ കാലമായി അറിയാമായിരുന്നു, അതുകൊണ്ടു തന്നെ എനിക്ക് ബാഴ്‌സലോണയിൽ നിന്നും പുറത്തു കടക്കേണ്ടതായി വന്നു.” 2020 ഫെബ്രുവരി മുതൽ 2022 സെപ്‌തംബർ വരെയുള്ള കാലയളവിൽ ബാഴ്‌സലോണക്കായി 58 മത്സരങ്ങൾ കളിച്ച് പത്തു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കിയിട്ടുള്ള ഡെന്മാർക്ക് താരം പറഞ്ഞു.

ഇപ്പോൾ ഫുട്ബോൾ ബിസിനസ് മാത്രമാണെന്നും താരങ്ങളുടെ മാനസികമായ ആരോഗ്യത്തെ ശ്രദ്ധിക്കേണ്ടത് അനിവാര്യമായ കാര്യമാണെന്നും ബ്രൈത്ത്വൈറ്റ് കൂട്ടിച്ചേർത്തു. എസ്‌പാന്യോളുമായി മൂന്നു വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. സീസണിൽ മൂന്നു മത്സരങ്ങൾ ഇതുവരെ ക്ലബിനായി കളിച്ച താരം രണ്ടു ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post
Fc BarcelonaMartin BraithwaiteXavi