ഖത്തർ ലോകകപ്പിനുള്ള തയ്യാറെടുപ്പിനായി സെപ്റ്റംബറിൽ ദേശീയ ടീം ഘാനയെയും ടുണീഷ്യയെയും നേരിടുമെന്ന് ബ്രസീലിന്റെ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു.സെപ്തംബർ 23, 27 തീയതികളിൽ യൂറോപ്പിൽ ഇനിയും പ്രഖ്യാപിക്കാത്ത വേദികളിൽ മത്സരങ്ങൾ നടക്കുമെന്ന് സിബിഎഫ് വെബ്‌സൈറ്റിൽ അറിയിച്ചു.
സെപ്തംബർ 9 ന് ഹെഡ് കോച്ച് ടൈറ്റ് തന്റെ സൗഹൃദ മത്സരങ്ങൾക്കുള്ള ഷോർട്ട്‌ലിസ്റ്റ് പ്രഖ്യാപിക്കും. ഫിഫയുടെ ലോക റാങ്കിംഗിൽ ബ്രസീൽ മുന്നിലാണ്, നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിലൊന്നാണ് ബ്രസീൽ. ആറാമത്തെ ലോകകപ്പ് റെക്കോർഡ് നേടുന്നതിനായി ബ്രസീൽ സെർബിയ, സ്വിറ്റ്‌സർലൻഡ്, കാമറൂൺ എന്നിവരുമായി ഗ്രൂപ്പ് ജിയിൽ കളിക്കും, 25 ആം തീയതി നടക്കുന്ന മത്സരത്തിൽ സെർബിയയാണ് ബ്രസീലിന്റെ ആദ്യ എതിരാളികളായി വരുന്നത്.
ലോകകപ്പ് നേടാനുള്ള ഫേവറിറ്റുകളിലൊന്നായ അർജന്റീനയും രണ്ടു സൗഹൃദ മത്സരങ്ങളും കളിക്കും.അമേരിക്കയിൽ വെച്ചാണ് 2 സൗഹൃദ മത്സരങ്ങൾ അർജന്റീന കളിക്കുക. സെപ്റ്റംബർ 20നും 23നും ഇടയിൽ മിയാമിയിൽ വെച്ചാണ് ആദ്യത്തെ മത്സരം അർജന്റീന കളിക്കുക.ഈ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ഹോണ്ടുറാസായിരിക്കും.രണ്ടാമത്തെ മത്സരം സെപ്റ്റംബർ 25 നും 27 നും ഇടയിൽ ന്യൂയോർക്കിൽ വെച്ചായിരിക്കും നടക്കുക. ഈ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ ജമൈക്കയായിരിക്കാനാണ് സാധ്യത, എന്നാൽ അര്ജന്റീന ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗികമായി എതിരാളികളുടെ പേര് പുറത്ത് വിട്ടിട്ടില്ല. ഗ്രൂപ്പ് സിയിലാണ് അർജന്റീന വേൾഡ് കപ്പിൽ ഇടം നേടിയിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തിൽ അർജന്റീന നേരിടേണ്ടി വരിക സൗദി അറേബ്യ,മെക്സിക്കോ, പോളണ്ട് എന്നീ ടീമുകളെയാണ്. നവംബർ ഇരുപതാം തീയതി തുടങ്ങുന്ന വേൾഡ് കപ്പിൽ ഇരുപത്തിരണ്ടാം തീയതിയാണ് അർജന്റീന ആദ്യ മത്സരം കളിക്കുക.
Argentina opponents for September friendly matches in the United States. https://t.co/USnYPvcvZc
— Mundo Albiceleste 🇦🇷 (@MundoAlbicelest) August 18, 2022
അർജന്റീനയും ബ്രസീലും തമ്മിലുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം സെപ്റ്റംബറിൽ നടത്താൻ നേരത്തെ ഫിഫയുടെ നിർദ്ദേശം ഉണ്ടായിരുന്നു.എന്നാൽ ഇരു ടീമുകളും തമ്മിൽ ധാരണയിൽ എത്തിക്കൊണ്ട് ഈ മത്സരം ഉപേക്ഷിച്ചിട്ടുണ്ട്.വേൾഡ് കപ്പിന് തൊട്ടുമുന്ന് ഇത്തരത്തിലുള്ള ഒരു മത്സരം കളിക്കുന്നത് രണ്ടു ടീമിന്റെയും പരിശീലകർ എതിർത്തതോടെയാണ് മത്സരം മാറ്റിവെച്ചത്.