സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതയിൽ തകർപ്പൻ ജയത്തോടെ ബ്രസീൽ. ഇന്ന് നടന്ന പോരാട്ടത്തിൽ എതിരില്ലാത്ത നാല് ഗോളിനാണ് ബ്രസീൽ പരാഗ്വേയെ പരാജയപെടുത്തിയത്.തോൽവിയറിയാതെ ബ്രസീൽ ഖത്തർ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒന്നാംസ്ഥാനത്ത് ഭീഷണി ഇല്ലാതെ തുടരുകയാണ്.ബ്രസീലിനു വേണ്ടി റാഫിന, കുട്ടിനോ, ആന്റണി, റോഡ്രിഗോ എന്നിവരാണ് ലക്ഷ്യം കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ പരാഗ്വേൻ പ്രതിരിധത്തെ വേഗതകൊണ്ടും ഡ്രിബ്ലിങ് കൊണ്ടും വട്ടം കറക്കിയ ലീഡ്സ് താരം റാഫിഞ്ഞയാണ് ബ്രസീലിനു വേണ്ടി മികച്ച പ്രകടനം നടത്തിയത്.
മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ബ്രസീൽ മുന്നിലെത്തി. എന്നാൽ ഒരു ഹാൻഡ്‌ബോൾ കാരണം വീഡിയോ അസിസ്റ്റന്റ് റഫറിയുടെ ഉപദേശപ്രകാരം ബ്രസീലിന്റെ ഗോൾ നിഷേധിക്കപ്പെട്ടു. എന്നാൽ റഫറിയുടെ തീരുമാനത്തിൽ ബ്രസീൽ താരങ്ങൾ തൃപ്തരായിരുന്നില്ല . 17 ആം മിനുട്ടിൽ റാഫിൻഹയുടെ ഗോളെന്നുറച്ച ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പോയി. 27 ആം മിനുട്ടിൽ റാഫിഞ്ഞയിലൂടെ ബ്രസീൽ മുന്നിലെത്തി. മൈതാന മധ്യത്തു നിന്നും മാർക്വിനോസിൽ ലഭിച്ച ലോങ്ങ് പാസ് മനോഹരമായി കണ്ട്രോൾ ചെയ്ത റാഫിഞ്ഞ പരാഗ്വേൻ ഡിഫൻഡർമാരെ മറികടന്ന് വലയിലാക്കി. 43 ആം മിനുട്ടിൽ അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ മാത്യൂസ് കുൻഹയുടെ ഗോളിലേക്കുള്ള ഷോട്ട് പുറത്തേക്ക് പോയി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് തിയാഗോ സിൽവയുടെ ഗോളെന്നുറച്ച ഹെഡ്ഡർ പരാഗ്വേൻ ഗോൾ കീപ്പർ ആന്റണി സിൽവയെ കീഴടക്കുന്നതിൽ പരാജയപ്പെട്ടു.
പരാഗ്വേൻ പ്രതിരോധത്തെ നിരന്തരമായി പരീക്ഷിച്ച റാഫിഞ്ഞ രണ്ടാം പകുതിയിലും മുന്നേറ്റം തുടർന്നു . 49 ആം മിനുട്ടിൽ റാഫിൻഹക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ബോക്‌സിന്റെ അരികിൽ നിന്ന് തൊടുത്ത ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. 54 ആം മിനുട്ടിൽ മാത്യൂസ് ക്യൂനക്കും ,മൂന്നു മിനുട്ടിനു ശേഷം ലൂക്കാസ് പാക്വെറ്റക്കും ഗോൾ നേടാൻ അവസരം ലഭിചെങ്കിലും മുതലാക്കാനായില്ല.രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രസീൽ ലീഡ് ഇരട്ടിയാക്കി .ആസ്റ്റൺ വില്ല ലോണീവായ ഫിലിപ്പ് കുട്ടീഞ്ഞോ 30 വാരയിൽ നിന്ന് ഒരു അത്ഭുതകരമായ ഗോളിലൂടെ ബ്രസീലിന്റെ സ്കോർ 2 -0 ആക്കി ഉയർത്തി. 84 ആം മിനുട്ടിൽ ബാഴ്സലോണ താരം ഡാനി ആൽവസിന്റെ ഒരു ശ്രമം ഗോൾകീപ്പർ ആന്റണി സിൽവയെ മറികടക്കാൻ പാകത്തിനുള്ളതെയിരുന്നില്ല.
🚨⚽️ | ANTONY GOLAZO MAKES IT 3-0 BRAZIL!
— Football For You (@FootbaIlForYou) February 2, 2022
pic.twitter.com/yu7mCiNtIY
86 ആം മിനുട്ടിൽ ബ്രസീൽ മൂന്നാമത്തെ ഗോൾ നേടി.ബോക്‌സിനുള്ളിൽ പന്ത് സ്വീകരിച്ച അയാക്സ് താരം ആന്റണി മനോഹരമായ ഇടം കാൽ ഷോട്ടിലൂടെ പരാഗ്വേൻ വല കുലുക്കി. രണ്ടു മിനുട്ടിനു ശേഷം ബ്രൂണോ ഗുയിമാരേസ് ഖനൽകിയ പാസിൽ നിന്നും റയൽ മാഡ്രിഡ് താരം റോഡ്രിഗോ ഗോൾ പട്ടിക പൂർത്തിയാക്കി. സൂപ്പർ താരം നെയ്മറുടെ അഭാവത്തിലും മികച്ച വിജയം തന്നെയാണ് ബ്രസീൽ നേടിയത്.